സിൽവർലൈൻ പദ്ധതി പിൻവലിക്കുന്നത് വരെ സമരം തുടരുമെന്ന് എസ്.രാജീവൻ
text_fieldsപരപ്പനങ്ങാടി: കെ റയിലിന്റെ സിൽവർ ലൈൻ പദ്ധതി പിൻവലിച്ചു സർക്കാർ ഉത്തരവിറക്കുന്നതുവരെ സമരം തുടരുമെന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ. ചെട്ടിപ്പടിയിൽ നടന്ന സിൽവർലൈൻ വിരുദ്ധ രണ്ടാം ഘട്ട സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിൽവർ ലൈൻ പദ്ധതി പിൻവലിച്ചു സർക്കാർ ഉത്തരവിറക്കുക, സമരക്കാർക്കെതിരെയുള്ള എല്ലാ കേസുകളും പിൻവലിക്കുക എന്നീ ഡിമാന്റുകൾ ഉയർത്തിക്കൊണ്ടാണ് രണ്ടാം ഘട്ട സമരപ്രഖ്യാപന സമ്മേളനം നടന്നത്. നിയമപരമായ യാതൊരു രേഖകളും നടപടികളും പൂർത്തിയാക്കാതെയാണ് സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ സർക്കാർ ജനങ്ങളെ ദ്രോഹിക്കുന്നത്.
സിൽവർ ലൈൻ കേരളത്തിന് യോജിക്കാത്ത പദ്ധതിയാണെന്ന് വിദഗ്ധർ ഒന്നടങ്കം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പദ്ധതിയ്ക്ക് യാതൊരു നിയമപ്രാബല്യവുമില്ലായെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. എന്നിട്ടും സിൽവർ ലൈനുമായി മുന്നോട്ടു പോകുമെന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ ധാർഷ്ട്യത്തെ ജനങ്ങൾ പൊരുതി തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമരസമിതി ജില്ലാ ചെയർമാൻ അഡ്വ. അബൂബക്കർ ചെങ്ങാട് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എ.ഉസ്മാൻ, സമരസമിതി സംസ്ഥാന വനിതാ കൺവീനർ മാരിയ അബു, ജില്ലാ ജനറൽ കൺവീനർ പി.കെ പ്രഭാഷ്, ഷാജഹാൻ, തുളസിദാസ്, സാനു, ജയദേവൻ, ബഷീർ ചെട്ടിപ്പടി, ബാബുരാജ്, അബ്ദുളള, മുനീർ, ആരിഫ പരപ്പനങ്ങാടി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.