പുറത്താക്കിയാലും പാർട്ടി വിടില്ലെന്ന് എസ്. രാജേന്ദ്രൻ
text_fieldsമൂന്നാർ: ഒരു സാഹചര്യത്തിലും സി.പി.എം വിടില്ലെന്ന് ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. സി.പി.എം നടപടി എടുത്താൽ മറ്റ് പാർട്ടിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയായാണ് പ്രതികരണം.
40 വർഷം പ്രവർത്തിക്കുകയും തന്നെ ജനപ്രതിനിധിയാക്കുകയും ചെയ്ത പാർട്ടി തനിക്കെതിരെ നടപടി സ്വീകരിച്ചാൽ അനുസരണയോടെ അംഗീകരിക്കും. പുറത്താക്കിയാൽ അനുഭാവിയായി തുടരും- രാജേന്ദ്രൻ പറഞ്ഞു.
പാർട്ടിയിൽ താൻ നേരിടുന്ന അവഹേളനവും അവഗണനയും ചൂണ്ടിക്കാട്ടിയപ്പോൾ പെൻഷൻ വാങ്ങി അച്ഛനെയും അമ്മയെയും നോക്കി വീട്ടിലിരിക്കാൻ പറഞ്ഞ് എം.എം. മണി ദേഷ്യപ്പെടുകയും അപമാനിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസം രാജേന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നൽകിയ കത്തിലാണ് ജില്ല നേതൃത്വവും എം.എം. മണിയും തനിക്കെതിരെ സ്വീകരിച്ച നിലപാടുകൾ അക്കമിട്ടുനിരത്തിയത്.
കത്തിന്റെ പ്രസക്തഭാഗം: 40 വർഷമായി സജീവ പാർട്ടി പ്രവർത്തകനാണ്. ഒരിക്കലും സ്ഥാനമാനം മോഹിച്ചിട്ടില്ല. തന്നെ പാർട്ടിയിൽ ഒറ്റപ്പെടുത്താൻ ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.വി. ശശിയുടെ നേതൃത്വത്തിൽ ബോധപൂർവമായ ശ്രമം നടക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണനും ജില്ല നേതാക്കൾക്കും കത്ത് നൽകിയിരുന്നു.
ദേവികുളത്തെ പാർട്ടി സ്ഥാനാർഥിക്കെതിരെ താൻ ജാതീയമായി പ്രവർത്തിച്ചു എന്ന ആരോപണം ഉയർന്നപ്പോൾ ജില്ല കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി ബ്രാഞ്ച് കമ്മിറ്റി അംഗമാക്കി നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പാർട്ടി അന്വേഷണ കമീഷനെ വെക്കുകയാണ് ചെയ്തത്. തുടർന്ന്, തനിക്കെതിരെ മാധ്യമങ്ങളിലൂടെ നിരന്തരം മോശപ്പെട്ട വാർത്തകൾ പ്രചരിച്ചു. എന്നാൽ, താൻ ഒരിടത്തും പാർട്ടിക്കെതിരെ പറഞ്ഞിട്ടില്ല.
എന്നിട്ടും കമീഷൻ തീരുമാനങ്ങളും നിഗമനങ്ങളും വരും മുമ്പ് തന്നെക്കുറിച്ച് മോശം വാർത്തകൾ പ്രചരിപ്പിക്കാൻ സഖാക്കൾ ശ്രമിച്ചു. ഇക്കാര്യങ്ങൾ തിരുവനന്തപുരം എം.എൽ.എ ഓഫിസിൽവെച്ച് എം.എം. മണിയെ ധരിപ്പിച്ചു.
എന്നാൽ, നിനക്ക് ആവശ്യത്തിന് പെൻഷൻ കിട്ടുന്നുണ്ടല്ലോ എന്നും അതുകൊണ്ട് അവധിയെടുത്ത് അപ്പനെയും അമ്മയെയും മക്കളെയും നോക്കി മര്യാദക്ക് വീട്ടിൽ ഇരുന്നുകൊള്ളണമെന്നും അദ്ദേഹം ദേഷ്യത്തിൽ പ്രതികരിച്ചു. ഇനി കമ്മിറ്റികളിലും സമ്മേളനങ്ങളിലും പങ്കെടുത്താൽ ഇതിനെക്കാൾ മോശം പ്രതികരണം നേരിടേണ്ടി വരുമെന്നതിനാലാണ് വിട്ടുനിന്നത്. മരണത്തെ മുഖാമുഖം കണ്ട് മറയൂരിൽ പ്രസ്ഥാനത്തെ വളർത്തുന്നതിൽ നേതൃപരമായ പങ്കുവഹിച്ച തന്നെ എം.എം. മണി മറയൂർ ഏരിയ സമ്മേളനത്തിൽതന്നെ പാർട്ടിവിരുദ്ധനായി ചിത്രീകരിച്ചത് വേദനിപ്പിച്ചു. കള്ളപ്രചാരണം ഒഴിവാക്കി പാർട്ടി അംഗമായി തുടരാൻ അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.