'ജഡ്ജിക്ക് കിട്ടാത്ത എന്തു നീതിയാണ് മധുവിനു കിട്ടുക?'
text_fieldsഅട്ടപ്പാടി മധു വധക്കേസിൽ പ്രതിഭാഗം വക്കീൽ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ജഡ്ജി എസ്. സുദീപ്. ജഡ്ജിക്ക് കിട്ടാത്ത എന്തു നീതിയാണ് മധുവിനു കിട്ടുകയെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.
മധു വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അഭിഭാഷകൻ ഭീഷണിപ്പെടുത്തിയെന്ന് മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ജഡ്ജിയെ ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസെടുക്കണമെന്നും,
നീതി അവകാശമാണ് ഔദാര്യമല്ലെന്നും എസ്. സുദീപ് പറഞ്ഞു. പെരുമ്പാവൂർ സബ് ജഡ്ജിയായിരിക്കെയാണ് എസ്. സുദീപ് രാജിവെച്ചത്. സുപ്രീംകോടതി, ഹൈകോടതി വിധികളെ സമൂഹമാധ്യമങ്ങളിൽ വിമർശിച്ചെന്ന് കാട്ടി ഹൈകോടതി നോട്ടീസ് നൽകിയതിന് പിന്നാലെയായിരുന്നു രാജി.
എസ്. സുദീപിന്‍റെ ഫേസ്ബുക് പോസ്റ്റ്
രാവിലെ പത്രമെടുത്ത് റോഡിലെ കുഴി മാത്രം നോക്കുന്ന ചിലരുണ്ട്.
സ്വന്തം വഴിയിലെ കിടങ്ങുകളൊന്നും കാണാനോ മൂടാനോ ഒന്നും അവർ മെനക്കെടില്ല.
അവരുടെ മൂക്കിനു താഴെയാണ് മണ്ണാർക്കാട് പ്രത്യേക കോടതി ജഡ്ജിയെ ഒരു വക്കീൽ പരസ്യമായി ഭീഷണിപ്പെടുത്തിയത്.
അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ ജഡ്ജിയുടെ ഫോട്ടോ ദുരുപയോഗപ്പെടുത്തി മോശം വാർത്ത നൽകുമെന്നായിരുന്നു പ്രതിഭാഗത്തെ ഒരു വക്കീലിന്റെ ഭീഷണി.
പ്രത്യേക കോടതി അതിന്റെ ഉത്തരവിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് ആ ഭീഷണി.
ജില്ലാ ജഡ്ജിയാണ് പ്രത്യേക കോടതിയിലെ പ്രിസൈഡിംഗ് ഓഫീസർ. ആ ജില്ലാ ജഡ്ജിയുടെ നേരെ ഇതാണു പ്രതിഭാഗം ഭീഷണിയെങ്കിൽ സാക്ഷികൾക്കു നേരെയുള്ള ഭീഷണികൾ നമുക്കു ചിന്തിക്കാവുന്നതേയുള്ളു.
പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറിയതിൽ ഒരത്ഭുതവുമില്ല.
കൂറുമാറിയ സാക്ഷിമൊഴികൾ വച്ച് ശിക്ഷിക്കുക അസാദ്ധ്യമാണ്.
വിവാദങ്ങളെ ഭയന്ന് തെളിവില്ലാതെ ശിക്ഷിച്ചാൽ പൊതുബോധം തൃപ്തിപ്പെടും.
അടുത്ത വിവാദത്തിനായി കാത്തിരിക്കുകയല്ല വേണ്ടത്.
പ്രതികളുടെ ജാമ്യം റദ്ദാക്കിയ സ്ഥിതിക്ക്, അവരെ തടവിലിട്ട ശേഷം, നേരത്തെ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷികൾക്ക് മതിയായ സംരക്ഷണം നൽകി അവരെ വീണ്ടും വിചാരണ ചെയ്യാൻ നടപടിയുണ്ടാവണം.
പ്രത്യേക കോടതിക്ക് സ്വമേധയാ അതു ചെയ്യാൻ കഴിഞ്ഞെന്നു വരില്ല.
കുഴിയെണ്ണാനായി കുനിഞ്ഞിരുന്നാൽ അതൊന്നും കാണില്ല.
നേരെ നോക്കണം.
കാണാൻ കഴിഞ്ഞില്ലെങ്കിൽ സ്വന്തം കണ്ണിലെ കുന്തം നീക്കിയിട്ടു നോക്കുക.
സ്വന്തം വഴിയിലെ അഗാധ ഗർത്തങ്ങൾ ആദ്യം മൂടുക.
എന്നിട്ട് റോഡിലെ കരടെടുക്കാം.
റോഡിലെ ടോൾ പോലെ തന്നെയാണ് മധു നൽകിയ നികുതിയും.
ഞങ്ങൾ നൽകുന്ന കോർട്ട് ഫീസും.
നീതിയുടെ വഴിയിലെ കിടങ്ങുകൾ അടയ്ക്കാൻ കഴിയാത്തവരോടാണ്.
ജഡ്ജിയെ ഭീഷണിപ്പെടുത്തിയവർക്കെതിരെ നിങ്ങൾ കേസെടുക്കണം.
നീതി അവകാശമാണ്. ഔദാര്യമല്ല.
ജഡ്ജിക്കു കിട്ടാത്ത എന്തു നീതിയാണ് മധുവിനു കിട്ടുക?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.