ശബരി വിമാനത്താവളം: കമ്പനി വേണം; മാതൃക നിർണയിക്കാൻ ഉന്നത സമിതി
text_fieldsതിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന്റെ തുടർപ്രവർത്തനങ്ങൾക്കായി പ്രത്യേക കമ്പനി (സ്പെഷൽ പർപ്പസ് വെഹിക്കിൾ-എസ്.പി.വി) രൂപവത്കരിക്കുന്നതിലേക്ക് സംസ്ഥാന സർക്കാർ കടക്കുന്നു.
എസ്.പി.വിയുടെ സ്വഭാവം തീരുമാനിക്കുന്നതിനും ഏത് മാതൃകയെന്നത് നിർണയിക്കുന്നതിനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ച് ഉത്തരവിറക്കി. വ്യോമയാന മന്ത്രാലയത്തിൽനിന്ന് പദ്ധതിക്ക് സൈറ്റ് ക്ലിയറൻസടക്കം ലഭിച്ച പശ്ചാത്തലത്തിലാണ് കമ്പനി രൂപവത്കരണം. ചീഫ് സെക്രട്ടറിക്ക് പുറമേ ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി, ഗതാഗത സെക്രട്ടറി, ധന സെക്രട്ടറി, ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം സ്പെഷൽ ഓഫിസർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. വിപുലമായി തുടർപ്രവർത്തനങ്ങൾക്കായി കമ്പനി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷൽ ഓഫിസർ ഏപ്രിൽ 28ന് സർക്കാറിൽ പ്രപ്പോസൽ സമർപ്പിച്ചിരുന്നു.
കമ്പനി ഏത് മാതൃകയിൽ വേണമെന്നത് സംബന്ധിച്ച വിശദ ശിപാർശകൾ ഒരുമാസത്തിനുള്ളിൽ സമർപ്പിക്കാനാണ് ഉന്നതതല സമിതിയോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ണൂർ-നെടുമ്പാശ്ശേരി മാതൃകയിൽ പൊതു-സ്വകാര്യ ഉടമസ്ഥതയും രാജ്യത്തെ മറ്റ് വിമാനത്താവള മാതൃകകളും സമിതി പരിശോധിക്കും. കത്തിടപാടുകളടക്കം പദ്ധതിയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് ഇതുവരെ ചുക്കാൻ പിടിച്ചത് കെ.എസ്.ഐ.ഡി.സിയായിരുന്നു. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കാൻ അനുമതി നൽകി ഡിസംബറിലാണ് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. ചെറുവള്ളി എസ്റ്റേറ്റ് അടക്കം ആകെ 2570 ഏക്കർ (1039.876 ഹെക്ടർ) ഭൂമിയിലാണ് വിമാനത്താവളം വിഭാവനം ചെയ്തിരിക്കുന്നത്. കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലാണ് ഈ ഭൂമിയുള്ളത്. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയ ചെറുവള്ളിയിൽനിന്ന് ശബരിമലയിലേക്കുള്ള ദൂരം 48 കിലോമീറ്ററാണ്. വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ സിംഗപ്പൂർ, മലേഷ്യ, നേപ്പാൾ തുങ്ങിയ രാജ്യങ്ങളിൽനിന്നും ശബരിമലയിലേക്ക് തീർഥാടകർക്ക് യാത്ര എളുപ്പമാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.