ശബരി റെയിൽ അൽപസമയത്തിനകം എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു
text_fieldsപദ്ധതി പുനരാരംഭിക്കാൻ കേന്ദ്രത്തോട് അഭ്യർഥിച്ചതായും പുതുക്കിയ എസ്റ്റിമേറ്റ് തുക പങ്കിടുന്നത് സംസ്ഥാന സർക്കാറിന്റെ പരിഗണനയിലാണെന്നും മന്ത്രി
തിരുവനന്തപുരം: കാൽ നൂറ്റാണ്ടായിട്ടും എങ്ങുമെത്താത്ത അങ്കമാലി-എരുമേലി ശബരി റെയില്‍ പാതയിൽ വീണ്ടും പ്രതീക്ഷയുടെ സൈറൺ. പദ്ധതി പുനരാരംഭിക്കാൻ കേന്ദ്രത്തോട് അഭ്യർഥിച്ചതായും പുതുക്കിയ എസ്റ്റിമേറ്റ് തുക പങ്കിടുന്നത് സർക്കാറിന്റെ പരിഗണനയിലാണെന്നും മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും നിയമസഭയിൽ പറഞ്ഞിരുന്നു. ന്യായമായ നഷ്ടപരിഹാരം നല്കി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി ആരംഭിച്ചാലേ പദ്ധതി പ്രായോഗികമാകൂ.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നായ ശബരിമലയിലേക്ക് തീര്‍ഥാടകര്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനൊപ്പം മധ്യ-തെക്കന്‍ കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ചിരകാലാഭിലാഷവുമാണ് ശബരിപാത. ആറ് ജില്ലകളിലെ ജനങ്ങൾകള്‍ക്ക് പ്രയോജനം ലഭിക്കും. റെയില്‍വേ എത്താത്ത മധ്യകേരളത്തിലെ മലയോര മേഖലയിലേക്ക് കടന്നുചെല്ലുന്ന പദ്ധതിയുമാണിത്.
എന്നാൽ, അഭിപ്രായ വ്യത്യാസവും മെല്ലെപ്പോക്കും മൂലം 2019ല്‍ പദ്ധതി മരവിപ്പിച്ചതോടെ ഭൂമി വിട്ടുകൊടുത്ത ജനങ്ങൾ ദുരിതത്തിലായി. പാതക്കായി കല്ലിട്ട് തിരിച്ച അങ്കമാലി മുതല്‍ രാമപുരം സ്റ്റേഷന് വരെയുള്ള 70 കിലോമീറ്റര്‍ പ്രദേശത്തെ ഭൂ ഉടമകള്‍ സ്ഥലം വില്‍ക്കാനോ, വീട് നിര്‍മിക്കാനോ, സ്ഥലം ഈട് വെച്ച് വായ്പ എടുക്കാനോ കഴിയാതെ കഷ്ടപ്പെടുന്നു. ബാങ്ക് വായ്പയും വീടുകളുടെ അറ്റകുറ്റപ്പണിയും ഉള്‍പ്പെടെ മുടങ്ങി പ്രയാസപ്പെടുന്നവർ അനേകം.
സ്വപ്ന പദ്ധതി
അങ്കമാലിയില്‍നിന്ന് എരുമേലി, പുനലൂര്‍ വഴി തിരുവനന്തപുരത്തേക്ക് പോകുന്ന പാത, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ആറ് ജില്ലകളിലെ 20ലധികം പട്ടണങ്ങള്‍ക്ക് റെയില്‍വേ കണക്റ്റിവിറ്റി നൽകും.
ഗുണങ്ങൾ അനവധി
- കാലടി, പെരുമ്പാവൂര്‍, കോതമംഗലം മേഖലകളിലെ വ്യവസായങ്ങൾക്കും മൂവാറ്റുപുഴ വാഴക്കുളത്തെ പൈനാപ്പിള്‍ കൃഷിക്കും ഗുണം.
- മൂന്നാര്‍, തേക്കടി ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ പല പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനസാധ്യത.
ഒന്നാം ഘട്ടത്തിലെ സ്റ്റേഷനുകൾ
1. അങ്കമാലി
2. കാലടി
3. പെരുമ്പാവൂർ
4. ഒാടക്കാലി
5. കോതമംഗലം
6. മൂവാറ്റുപുഴ
7. വാഴക്കുളം
8. തൊടുപുഴ
9. കരിങ്കുന്നം
10. രാമപുരം
11. ഭരണങ്ങാനം (പാലാ)
12. ചെമ്മലാമറ്റം
13. കാഞ്ഞിരപ്പള്ളി റോഡ്
14. എരുമേലി
ഒന്നാംഘട്ടം
111 കി.മീറ്റര്‍ ദൈര്‍ഘ്യം
എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലൂടെ കടന്നുപോകും
14 സ്റ്റേഷനുകൾ
കാലടി, ശബരിമലയുടെ കവാടമായ എരുമേലി, ക്രൈസ്തവ തീർഥാടന കേന്ദ്രമായ ഭരണങ്ങാനം എന്നിവയെല്ലാം ബന്ധിപ്പിക്കപ്പെടും
രണ്ടാംഘട്ടം
എരുമേലിയിൽനിന്ന് പുനലൂരിലേക്ക്
- വടക്കന്‍ കേരളത്തില്‍ നിന്നും മധ്യകേരളത്തില്‍ നിന്നും പുനലൂര്‍-ചെങ്കോട്ട റെയിൽ വഴി തമിഴ്നാട്ടിലേക്കും തിരിച്ചും യാത്രാമാർഗം.
- റാന്നി, പത്തനംതിട്ട, കോന്നി, കൂടല്‍, പത്തനാപുരം എന്നീ അഞ്ച് സ്റ്റേഷനുകൾ
മൂന്നാംഘട്ടം
- പുനലൂരിലാരംഭിച്ച് നേമത്ത് അവസാനിക്കും (വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്ന ചർച്ചയും സജീവം)
- അഞ്ചല്‍, കടയ്ക്കല്‍, പാലോട്, നെടുമങ്ങാട് എന്നിങ്ങനെ നാല് സ്റ്റേഷനുകൾ
ശബരിപാതയുടെ നാൾ വഴി
1997: റെയിൽ ബജറ്റിൽ 111 കിലോമീറ്റർ ദൈർഘ്യത്തിൽ ശബരി റെയിൽ പദ്ധതി നിർദേശിക്കപ്പെട്ടു. 350 കോടി രൂപ വകയിരുത്തി.
എസ്റ്റിമേറ്റ് തുക: 550 കോടി.
1997: പ്രാഥമിക സര്‍വേയും റെയില്‍വേ അനുമതിയും ലഭിച്ച് നിർമാണ പ്രവർത്തനം തുടങ്ങി.
2002: അങ്കമാലി മുതല്‍ രാമപുരം വരെയുള്ള 70 കിലോമീറ്ററിന്റെ സര്‍വേ പൂര്‍ത്തിയാക്കി സ്ഥലമേറ്റെടുപ്പിനെതിരെ ചിലര്‍ കോടതിയെ സമീപിച്ചു. അലൈന്മെന്റില് മാറ്റംവരുത്തണമെന്ന ആവശ്യവുമുയർന്നു.
2007: കോട്ടയം ജില്ലയിലെ സര്‍വേ നിർത്തി. നിര്‍മാണച്ചെലവ് പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് റെയിൽവേ. ആദ്യം സംസ്ഥാന സര്‍ക്കാര്‍ എതിർത്തുവെങ്കിലും ആവശ്യം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അംഗീകരിച്ചു. തുടര്‍ന്നുവന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇത് തള്ളി.
2016: പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്ന പ്രഗതി പ്ലാറ്റ് ഫോമില്‍ പദ്ധതി ഉൾപ്പെടുത്തി.
2017: പദ്ധതി തുക 2815 കോടി രൂപയായി ഉയര്‍ന്നു. കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷനും റെയില്‍വേയും ചേര്‍ന്നുള്ള സംയുക്ത സംരംഭമായി പദ്ധതി ഏറ്റെടുക്കാന്‍ സംസ്ഥാനം സന്നദ്ധമായി.
2019: റെയില്‍വേ പദ്ധതി മരവിപ്പിച്ചു.
2021: നിര്‍മാണ ചെലവിൽ പങ്കുവഹിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ബജറ്റില്‍ കിഫ്ബിയില്‍നിന്ന് 2000 കോടി രൂപ വകയിരുത്തി.
2023: കേന്ദ്ര ബജറ്റിൽ 100 കോടി രൂപ വകയിരുത്തി. ഒപ്പം വന്ദേഭാരത് ട്രെയിനിനും അനുയോജ്യമായ തരത്തില്‍ എസ്റ്റിമേറ്റ് പുതുക്കി. 36 ശതമാനം വർധനയോടെ 3810.69 കോടിയാണ് പുതിയ പദ്ധതി തുക.
പദ്ധതി ചെലവ് പങ്കിടുമെന്ന് രേഖാമൂലമുള്ള ഉറപ്പോടെ എസ്റ്റിമേറ്റ് കൈമാറാന്‍ സംസ്ഥാനത്തോട് റെയില്‍വേ നിര്ദേശിച്ചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.