'ശബരി പാതയിൽ അനങ്ങാപ്പാറ സമീപനം ആരുടേതാണെന്ന് വ്യക്തമാണ്'; റെയിൽവേ മന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരളം റെയിൽവേ വികസനത്തിന് സഹകരിക്കുന്നില്ല എന്ന കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അങ്കമാലി -ശബരി റെയിൽപാത നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി പാർലമെൻറിൽ നൽകിയ മറുപടി രാഷ്ട്രീയ പ്രേരിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. റെയിൽവേയുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ നിന്നുമുള്ള ഒരുതരത്തിലെ ഒളിച്ചോട്ടമാണിത്. 1997-98ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലി ശബരി പാത. എല്ലാവിധ പിന്തുണയും ഇക്കാര്യത്തിൽ സംസ്ഥാനം നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അലൈൻമെൻറ് അംഗീകരിച്ച് അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോ മീറ്ററിൽ സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കുകയും ചെയ്തതതാണ്. പദ്ധതി ചെലവിൻറെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിക്കാമെന്നും ഉറപ്പു നൽകി. പദ്ധതിയുമായി മുന്നോട്ടു പോകാതെ അലംഭാവം കാണിച്ചത് കേന്ദ്ര സർക്കാരും റെയിൽവേ വകുപ്പുമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്രത്തിൻറെ കാലതാമസം കാരണം ശബരി പാതയുടെ എസ്റ്റിമേറ്റിൽ വൻ വർധനവുണ്ടായി. ആദ്യ എസ്റ്റിമേറ്റ് പ്രകാരം ചെലവ് 2815കോടിയായിരുന്നു. അത് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3811 കോടിയായി. 36 ശതമാനം വർധന. ഇതിൻറെ ഭാരവും സംസ്ഥാനം വഹിക്കാനാണ് കേന്ദ്രം സ്വീകരിച്ച നിലപാട്.
ചെങ്ങന്നൂർ - പമ്പ റെയിൽപാത ഉൾപ്പെടെ ഒരു പുതിയ പദ്ധതിക്കും സംസ്ഥാനം എതിരല്ല. ചെങ്ങന്നൂർ - പമ്പ പാതക്കായി സംസ്ഥാനത്തോട് ഇതുവരെ കേന്ദ്രഗവൺമെൻറ് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ബജറ്റിലും ഒരു പദ്ധതിയും കേരളത്തിനായി പ്രത്യേകമായി അനുവദിച്ചില്ല എന്ന് മാത്രമല്ല നിലവിലുള്ള തലശ്ശേരി നഞ്ചങ്കോട്, നിലമ്പൂർ മൈസൂർ, അങ്കമാലി-ശബരി എന്നീ പാതയ്ക്ക് ഒരു തുകയും അനുവദിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, നേരത്തെ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാതെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നത്. ഇത് ശരിയായില്ല. അങ്കമാലി - ശബരി പാതയ്ക്കായി 2125 കോടി രൂപ അനുവദിച്ചെന്നും എന്നാൽ കേരളം അത് ചെലവഴിച്ചില്ല എന്നുമാണ് മന്ത്രി പാർലമെൻറിൽ പറഞ്ഞത്. ഇത് തികച്ചും തെറ്റായ പ്രസ്താവനയാണ്. കേരളത്തിലാകെ സ്ഥലമേറ്റെടുപ്പ് നടപടികൾക്കായി നൽകിയ തുകയാണ് ശബരി റെയിൽപാതക്കായി നീക്കി വെച്ചു എന്നു ദ്യോതിപ്പിക്കുന്ന തരത്തിൽ അദ്ദേഹം പാർലമെൻറിൽ പറഞ്ഞു.
തിരുവനന്തപുരം മുതൽ പാറശ്ശാല വരെയുള്ള പാതയ്ക്ക് 49.50 ഹെക്റ്റർ ഏറ്റെടുത്ത് റെയിൽവേയ്ക്ക് കൈമാറാനായി. മറ്റ് നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. റെയിൽവേ അനുവദിച്ച 2125 കോടി രൂപയിൽ 1823 കോടി രൂപ മൂന്ന് പാതയ്ക്ക് ചേർത്ത് ഡെപ്പോസിറ്റ് ചെയ്തു കഴിഞ്ഞിട്ടുമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.