ശബരി റെയിൽപാത: സംസ്ഥാന സർക്കാറിന്റെ സമ്മതപത്രം വൈകുന്നു
text_fieldsകോട്ടയം: ശബരി റെയിൽപാതയുടെ പകുതി ചെലവ് വഹിക്കാമെന്ന സംസ്ഥാന സർക്കാറിന്റെ സമ്മതപത്രം വൈകുന്നത് പദ്ധതിയെ വീണ്ടും അനിശ്ചിതത്വത്തിലാക്കുന്നു. പകുതി ചെലവ് വഹിക്കാൻ കേരളം തയാറാണെങ്കിലും ധാരണപത്രം ഒപ്പിടണമെന്നാണ് റെയിൽവേയുടെ ആവശ്യം. കഴിഞ്ഞ ഡിസംബറിലാണ് റെയിൽവേ ഇതുസംബന്ധിച്ച സമ്മതപത്രവും ധാരണപത്രവും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന് കത്തയച്ചത്.
നിലവിലെ സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാറിനെ സമ്മതപത്രം നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ധാരണപത്രം ഒപ്പിട്ടുകഴിഞ്ഞാലുടൻ അടിയന്തരമായി ഓഫിസുകൾ തുടങ്ങാമെന്നും ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കാമെന്നും റെയിൽവേ അറിയിച്ചിരുന്നു. അതിനാൽ ധാരണപത്രം ഒപ്പിടുന്നതിനുമുമ്പ് പദ്ധതിച്ചെലവിനുള്ള പണം കണ്ടെത്താൻ വഴികൾ തേടേണ്ടതുണ്ട്. നേരത്തെ കിഫ്ബി ഫണ്ടിൽനിന്ന് തുക ചെലവഴിക്കാനുള്ള ധാരണയിലായിരുന്നു. എന്നാൽ, കിഫ്ബിയിൽ പണമില്ലാത്തതിനാൽ മറ്റു വഴികൾ അന്വേഷിക്കണം.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3801 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതിന്റെ പകുതി കേന്ദ്രവും പകുതി സംസ്ഥാനവും വഹിക്കണം. തുക ഒന്നിച്ചനുവദിച്ചില്ലെങ്കിലും ഓരോ വർഷവും 400 കോടി രൂപ വീതം അഞ്ചുവർഷം കൊണ്ട് കണ്ടെത്തിയാൽ മതി. ഇക്കാര്യം ആലോചിക്കാൻ കഴിഞ്ഞ വെള്ളിയാഴ്ച ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നെങ്കിലും വിവിധ നിർദേശങ്ങൾ ചർച്ച ചെയ്യുക മാത്രമാണുണ്ടായത്. ഫയൽ മുഖ്യമന്ത്രിയും ധനവകുപ്പും തട്ടിക്കളിക്കുകയാണെന്നാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെ ആരോപണം. സംസ്ഥാന സർക്കാറിന്റെ തുടർനടപടികൾ വൈകുന്നതും കേന്ദ്രസർക്കാറിന് താൽപര്യം ചെങ്ങന്നൂർ-പമ്പ പാതയാണെന്നതും ശബരിപാതയെ ആശങ്കയിലാക്കുന്നുണ്ട്.
1997-’98ലെ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദര്‍ശനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്‍ കണ്ടാണ് പദ്ധതി വിഭാവനം ചെയ്തത്.
പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ 550 കോടി രൂപയായിരുന്നു പ്രഥമ അടങ്കൽതുക. 2005ൽ 1234 കോടിയായും 2011ൽ 1566 കോടിയായും പിന്നീട്, 2815.62 കോടിയായും അതിൽ നിന്ന് 3347കോടിയായും എസ്റ്റിമേറ്റ് തുക ഉയർന്നു. ഏറ്റവുമൊടുവിൽ 2024 ലാണ് 3801 കോടി രൂപയായി എസ്റ്റിമേറ്റ് പുതുക്കിയത്. അങ്കമാലി മുതൽ കാലടി റെയിൽവേ സ്റ്റേഷൻ വരെയുള്ള റെയിൽപ്പാത നിർമാണ പ്രവർത്തനങ്ങൾ 90 ശതമാനം പൂർത്തിയായെങ്കിലും ഇപ്പോൾ ഇത് ഉപയോഗശൂന്യമായ നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.