Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരി റെയിൽപാത:...

ശബരി റെയിൽപാത: പുതുക്കിയ ബജറ്റിൽ അതിവേഗ നടപടി

text_fields
bookmark_border
ശബരി റെയിൽപാത: പുതുക്കിയ ബജറ്റിൽ അതിവേഗ നടപടി
cancel
Listen to this Article

കോട്ടയം: അങ്കമാലി-എരുമേലി ശബരി റെയിൽപാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് സംസ്ഥാന സർക്കാർ സമർപ്പിച്ചതിനുപിന്നാലെ നടപടി വേഗത്തിലാക്കി റെയിൽവേ. എസ്റ്റിമേറ്റുമായി ബന്ധപ്പെട്ട് പരിശോധനകൾ അതിവേഗം പുരോഗമിക്കുകയാണ്. കേന്ദ്രസർക്കാറിന്‍റെ താൽപര്യം മനസ്സിലാക്കിയാണ് റെയിൽവേ നടപടിക്രമങ്ങൾ വേഗത്തിലാക്കിയിരിക്കുന്നത്. ആഴ്ചകൾക്കുള്ളിൽ എസ്റ്റിമേറ്റിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ദക്ഷിണ റെയിൽവേ നിർമാണവിഭാഗം ഇത് ഉടൻ റെയിൽവേ അക്കൗണ്ട്സ് വിഭാഗത്തിന് കൈമാറുമെന്നാണ് വിവരം.

നിർമാണവിഭാഗം കാര്യമായ എതിർപ്പൊന്നും എസ്റ്റിമേറ്റിൽ ഉയർത്തിയിട്ടില്ല. ചില സംശയങ്ങൾ ഉയർത്തിയിരുന്നെങ്കിലും എസ്റ്റിമേറ്റ് തയാറാക്കിയ കേരള റെയിൽ ഡെവലപ്മെന്‍റ് കോർപറേഷന്‍റെ (കെ-റെയിൽ) വിശദീകരണം ഇവർ അംഗീകരിച്ചതായാണ് സൂചന. അക്കൗണ്ട്സ് വിഭാഗത്തിന്‍റെ പരിശോധന പൂർത്തിയാക്കിയാൽ എസ്റ്റിമേറ്റ് ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിന് കൈമാറും. ഇതിലാകും അന്തിമ തീരുമാനം. ഏറ്റവും വേഗത്തിൽ എസ്റ്റിമേറ്റ് ബോർഡിന് മുന്നിലെത്തിക്കാനാണ് ശ്രമമെന്നാണ് ദക്ഷിണ റെയിൽവേ പറയുന്നത്.

പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ചാൽ പദ്ധതിയിൽ അന്തിമ തീരുമാനമെടുക്കുമെന്ന് നേരത്തേ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു. പുതിയ എസ്റ്റിമേറ്റ് അനുസരിച്ച് 3347.35 കോടിയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. 2017ൽ ഇത് 2815 കോടി രൂപയായിരുന്നു. ശബരിപാത പ്രഖ്യാപിച്ചപ്പോൾ 517കോടി മാത്രമായിരുന്നു ചെലവ്. അതിനിടെ, പദ്ധതിച്ചെലവ് ക്രമാതീതമായി വർധിക്കുകയും പകുതി ചെലവു വഹിക്കുന്നതിൽനിന്ന് കേരളം പിന്മാറുകയും ചെയ്തതോടെ 2019ൽ പദ്ധതി കേന്ദ്രസർക്കാർ മരവിപ്പിച്ചിരുന്നു. 2021ൽ നിലപാടിൽ മാറ്റംവരുത്തി പകുതി ചെലവ് വഹിക്കാമെന്ന് കാണിച്ച് കേരളം കത്തുനൽകിയെങ്കിലും 2017ലെ എസ്റ്റിമേറ്റുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്നും ഇത് പുതുക്കണമെന്നും റെയിൽവേ നിർദേശിച്ചു.

ഇതോടെ എസ്റ്റിമേറ്റ് പുതുക്കാൻ സർക്കാർ കേരള റെയിൽ ഡെവലപ്മെന്‍റ് കോർപറേഷനെ (കെ-റെയിൽ) ചുമതലപ്പെടുത്തി. ഇവർ ലിഡാർ സർവേ നടത്തി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് പുതുക്കി റെയിൽവേക്ക് സമർപ്പിക്കുകയായിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള തുകയിൽ 1673 കോടി രൂപയാണ് സംസ്ഥാന വിഹിതം. ഇത് മൂന്നുവർഷംകൊണ്ട് സർക്കാർ റെയിൽവേക്ക് കൈമാറണം. റെയിൽവേയെക്കാൾ 20 ശതമാനം ചെലവു കുറച്ച് എൻജിനീയറിങ് പ്രൊക്യുർമെന്‍റ് കൺസ്ട്രക്ഷൻ (ഇ.പി.സി) രീതിയിൽ നിർമിക്കാമെന്നും കേരളം അറിയിച്ചിട്ടുണ്ട്. പദ്ധതി ഏറ്റെടുത്തു നടപ്പാക്കാനുള്ള താൽപര്യം കെ-റെയിലും അറിയിച്ചിട്ടുണ്ട്. പദ്ധതിക്ക് കിഫ്ബി വഴി 2000 കോടി രൂപ സംസ്ഥാനവിഹിതമായി നൽകുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

1997ൽ അനുമതി ലഭിച്ച പദ്ധതിയിൽ അങ്കമാലി മുതൽ കാലടി വരെ ഏഴുകി.മീ. പാത മാത്രമാണ് നിർമിച്ചത്. കാലടി റെയിൽവേ സ്റ്റേഷൻ, പെരിയാർ റെയിൽവേ പാലം എന്നിവയും പൂർത്തിയായിരുന്നു. ബാക്കി നിർമാണം അനിശ്ചിതത്വത്തിലായിരുന്നു. ഇതോടെ പദ്ധതി പ്രദേശത്തെ സ്ഥല ഉടമകളും ദുരിതത്തിലായി. ഇതിനിടെ, എരുമേലിയിൽനിന്ന് ശബരിപാത പുനലൂരിലേക്ക് നീട്ടി കൊല്ലം-ചെങ്കോട്ട പാതയുമായി ബന്ധിപ്പിക്കാനുള്ള നിർദേശങ്ങളും ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabari Railway
News Summary - Sabari Railways: Accelerated action in the revised budget
Next Story