യുവതികളുടെ സമ്മർദം ഫലം കണ്ടു; സർക്കാർ വാക്ക് പാലിച്ചു
text_fieldsതൃശൂർ: മല കയറാതെ തിരിച്ചുപോകില്ലെന്ന യുവതികളുടെ സമ്മർദത്തിന് മുന്നിൽ സർക്കാർ മുട്ടുമടക്കുകയായിരുന്നുവെന്ന് ശബരിമല ദർശനം നടത്തിയ ബിന്ദുവിനെയും കനകദുർഗ യെയും അനുഗമിച്ച സംഘം.
ഡിസംബർ 25ന് യുവതികൾ നിരാഹാരസമരമവസാനിപ്പിച്ചത് ശബരിമലയിൽ കയറാൻ സൗകര്യം ചെയ്തുതരാമെന്ന സർക്കാറിെൻറ ഉറപ്പിലായിരുന്നു. സമരം അവസാനിപ്പിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കിയ പൊലീസിനെ സുപ്രീംകോടതി വിധി അനുസരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന തങ്ങളെ അറസ്റ്റ് ചെയ്യുന്നത് ഭരണഘടന ലംഘനമാണെന്ന് പറഞ്ഞാണ് യുവതികൾ എതിരിട്ടത്. സർക്കാറിനുവേണ്ടി കോട്ടയം എസ്.പി യുവതികളുമായി ഒത്തുതീർപ്പ് ചർച്ച നടത്തുകയും പ്രവേശനം അനുവദിക്കാമെന്ന ഉറപ്പിൽ നിരാഹാര സമരം അവസാനിപ്പിക്കുകയുമായിരുന്നു. സ്വന്തം വീട്ടിലേക്ക് പോലും പോകാതെ ഒളിവിൽ താമസിച്ച് നിരന്തരം സർക്കാറുമായും പൊലീസുമായും ബന്ധപ്പെട്ട യുവതികളുടെ നിശ്ചയദാർഢ്യത്തിന് സർക്കാറിെൻറ പിന്തുണ കൂടി ലഭിച്ചതോടെയാണ് ശബരിമല യുവതി പ്രവേശനത്തിന് ബുധനാഴ്ച വഴി തെളിഞ്ഞത്. സന്നിധാനത്തെ പൊലീസിനെയോ മാധ്യമങ്ങളെയോ അറിയിക്കാതെയാണ് യുവതികൾ മല കയറിയത്.
ബുധനാഴ്ച പ്രവേശനം നടക്കാതിരുന്നാൽ തിങ്കളാഴ്ച മല കയറാനായി രണ്ട് യുവതികൾ തയാറെടുത്തിരുന്നുവേത്ര. ഒന്നരയോടെയാണ് രണ്ട് യുവതികളും നാല് പൊലീസുകാരും നാല് യുവാക്കളും അടങ്ങിയ സംഘം മല കയറിത്തുടങ്ങിയത്. പല ഭക്തന്മാരും കൗതുകത്തോടെ നോക്കിയെങ്കിലും ആരും പ്രശ്നമുണ്ടാക്കാനോ തടയാനോ ശ്രമിച്ചില്ലെന്ന് ഇവർ പറഞ്ഞു. സ്റ്റാഫ് ഗേറ്റ് വഴി കടന്ന് മൂന്നരയോടെ ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങിയ തങ്ങളെ ആരും ശ്രദ്ധിക്കുക പോലും ചെയ്തിരുന്നില്ലെന്ന് അവർ പറഞ്ഞു. ലിംഗസമത്വം എന്ന ആശയത്തിലൂന്നിയുള്ള സമരത്തിലൂടെ സർക്കാറിനെ യുവതികൾ പ്രതിരോധത്തിലാക്കുകയായിരുന്നുവെന്ന് സംഘത്തിലുണ്ടായിരുന്ന യുവാവ് മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.