ശബരിമല: പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ പ്രക്ഷുബ്ധം
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തിൽ നിയമസഭ പ്രക്ഷുബ്ധം. നാടകീയ രംഗങ്ങളെ തുടർന്ന് ഒരു മണിക്കൂറോളം നിർത്തിവെച്ച സഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൊമ്പുകോർത്തു. പ്രതിപക്ഷ പ്രതിഷേധം ‘നോൺസ്റ്റോപ്’ മറുപടികൊണ്ട് നേരിട്ട മുഖ്യമന്ത്രി പിണറായി വിജയെൻറ തന്ത്രത്തിൽ പ്രതിപക്ഷ നേതാവ് ക്ഷുഭിതനായി. പിന്നീട്, ശൂന്യവേളയുമായി സമ്മേളനം ആരംഭിച്ചുവെങ്കിലും ശ്രദ്ധക്ഷണിക്കലും സബ്മിഷനുകളും ഒഴിവാക്കി. ചർച്ച കൂടാതെ ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്കയച്ചു. ഇതിനിടെയിലും പ്രതിഷേധം തുടർന്നു.
പ്ലക്കാർഡും ബാനറുമായി സഭയിലെത്തിയ പ്രതിപക്ഷം ചോദ്യോത്തര വേളയിൽ തന്നെ ബഹളം തുടങ്ങി. പ്രളയാനന്തര കേരളവുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ ചോദ്യം. മറുപടി പറയാൻ മുഖ്യമന്ത്രി 45 മിനിറ്റ് എടുത്തുവെന്നതും ബഹളത്തിന് കാരണമായി. ചോദ്യോത്തര വേള ഒഴിവാക്കി ശബരിമല വിഷയം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതും ബഹളത്തിൽ മുങ്ങി. ചോദ്യോത്തരം തുടരുന്നതിനിടെ പ്രതിപക്ഷത്തെ യുവ എം.എൽ.എമാർ നടുത്തളത്തിൽ മുദ്രാവാക്യവുമായി തുടർന്നു. ഒരു ഘട്ടത്തിൽ ചില എം.എൽ.എമാർ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് കയറാൻ ശ്രമിച്ചത് മറ്റംഗങ്ങൾ ചേർന്ന് തടസ്സപ്പെടുത്തി. ഇതോടെയാണ് സഭ നിർത്തിവെച്ചത്. ഒരു മണിക്കൂറിന് ശേഷം സഭ ആരംഭിച്ചത് സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ ശക്തമായ മുന്നറിയിപ്പുമായാണ്.
ശബരിമലയിൽ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന വി.എസ്. ശിവകുമാറിെൻറ അടിയന്തര പ്രമേയ നോട്ടീസിന് എസ്. ശർമ തടസ്സവാദം ഉന്നയിച്ചതും ബഹളത്തിന് കാരണമായി. മുഖ്യമന്ത്രിയുടെ മറുപടിയും ശിവകുമാറിെൻറ അവതരണവും പ്രതിപക്ഷ നേതാവിെൻറ പ്രസംഗവും നിയന്ത്രണമില്ലാതെ തുടർന്നു. ഒടുവിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പതിവ് ഇറങ്ങിപ്പോക്ക് ഒഴിവാക്കി പ്രതിപക്ഷം സഭയിൽ തുടർന്നു. യുവ അംഗങ്ങൾ മുദ്രാവാക്യവുമായി നടുത്തളത്തിലും. ഇതേത്തുടർന്നാണ് ശ്രദ്ധക്ഷണിക്കലും സബ്മിഷനുകളും ഒഴിവാക്കിയത്. മൂന്ന് ബില്ലുകളും ചർച്ചകൂടാതെ സബ്ജക്ട് കമ്മിറ്റിക്കയച്ച് സഭ പിരിഞ്ഞു.
സഭാതളത്തിലിറങ്ങിയ പ്രതിപക്ഷ പ്രതിഷേധം വകെവക്കാതെയാണ് പ്രളയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒന്നിച്ചെടുത്ത് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ഇതാണ് രമേശ് ചെന്നിത്തലയെ ചൊടിപ്പിച്ചത്. ഉത്തരം ദീർഘമാണെങ്കിൽ മേശപ്പുറത്ത് വെക്കാമെന്ന് സ്പീക്കർ നിർദേശിച്ചെങ്കിലും വായിക്കാമെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു.
ആരോഗ്യപ്രശ്നമുണ്ടെങ്കിലാണ് കടലാസുകൾ മേശപ്പുറത്ത് വെക്കുന്നതെന്നും ആരോഗ്യപ്രശ്നം ഇല്ലാത്തതിനാലാണ് ഉത്തരം വായിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല നിയമസഭയെന്ന് ചെന്നിത്തല തിരിച്ചടിച്ചു. സജി ചെറിയാനെ ഒരു ചോദ്യംപോലും ചോദിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി മറുപടി നീട്ടിയതെന്നും ചെന്നിത്തല പറഞ്ഞു.
ഇതിനിടെ, സംസാരിക്കാൻ അവസരംതേടി രണ്ടുതവണ ചെന്നിത്തല എഴുന്നേറ്റെങ്കിലും മുഖ്യമന്ത്രിയുടെ മറുപടിക്കുശേഷം അനുവദിക്കാമെന്നായി സ്പീക്കർ. ചോദ്യോത്തര വേള സസ്പെൻഡ് ചെയ്ത് ശബരിമല വിഷയത്തിലെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാൻ ആവശ്യപ്പെട്ടാണ് എഴുന്നേറ്റതെന്നും സ്പീക്കർ അനുവദിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ, ഇത്തരമൊരു ആവശ്യം പ്രതിപക്ഷ നേതാവ് ഉന്നയിച്ചില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.