തിരക്കും മഴയും; വിരിവെക്കാൻ ഇടമില്ലാതെ തീർഥാടകർ
text_fieldsശബരിമല: തീർഥാടക തിരക്കിനൊപ്പം മഴയും ശക്തമായതോടെ ശബരിമല ദർശനത്തിനെത്തുന്ന ഭക്തർ വിരിവെക്കാൻ ഇടമില്ലാതെ വലയുന്നു. പന്ത്രണ്ടുവിളക്ക് ദിനം മുതലുള്ള ദിവസങ്ങളിൽ സന്നിധാനത്ത് തീർഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഞായറാഴ്ച അടക്കം കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ പ്രതിദിനം ദർശനം നടത്തിയ ഭക്തരുടെ എണ്ണം ഒരുലക്ഷത്തോട് അടുത്തിരുന്നു. തിരക്ക് വർധിച്ചതോടെ നിലക്കലിലും പമ്പയിലും പമ്പ-സന്നിധാനം ശരണപാതയിലും അടക്കം തീർഥാടകരെ മണിക്കൂറുകളോളം നിയന്ത്രിക്കേണ്ട അവസ്ഥയും ഉണ്ട്. തീർഥാടക തിരക്കിനൊപ്പം സന്നിധാനത്തും പരിസര പ്രദേശങ്ങളിലും മഴ ശക്തമായതാണ് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്.
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് ദർശനം നടത്തുന്ന ഭക്തരിൽ ബഹുഭൂരിഭാഗവും അടുത്ത ദിവസം പുലർച്ച നെയ്യഭിഷേകം നടത്തി മലയിറങ്ങാൻ സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിരിവെക്കും. വിരിവെച്ച് വിശ്രമിക്കവേ പെയ്യുന്ന കനത്ത മഴയിൽനിന്ന് രക്ഷനേടാൻ കൊച്ചുകുട്ടികളുമായി അഭയസ്ഥലം തേടി പായുന്നത് താഴെ തിരുമുറ്റത്തടക്കം പതിവ് കാഴ്ചയാണ്. മാളികപ്പുറം നടക്ക് എതിർവശത്തായി മീഡിയ സെന്റർ അടക്കം പ്രവർത്തിച്ചിരുന്ന ഇരുനില കെട്ടിടമടക്കം നിർമാണങ്ങൾ തീർഥാടകർക്ക് വിരിപ്പന്തൽ ഒരുക്കാനെന്ന പേരിൽ നാലുവർഷം മുമ്പ് പൊളിച്ചുനീക്കിയിരുന്നു. എന്നാൽ, ആ സ്ഥലങ്ങളിൽ ഭക്തർക്ക് വേണ്ട സൗകര്യം ഒരുക്കാൻ ബോർഡിന് ഇക്കാലമത്രയും കഴിഞ്ഞിട്ടില്ല.
അക്കോമഡേഷൻ സെന്ററുകളും അന്നദാന മണ്ഡപത്തിന്റെ മുകൾതട്ടിലും മാളികപ്പുറം നടപ്പന്തൽ, വലിയ നടപ്പന്തൽ, പാണ്ടിത്താവളത്തെ വിരലിൽ ഏതാനും വിരിപ്പുരകൾ എന്നിവിടങ്ങളിലെ പരിമിത സൗകര്യം മാത്രമാണ് മഞ്ഞും മഴയും ഏൽക്കാതെ വിരി വെക്കാൻ പര്യാപ്തമാകുന്നത്. മണ്ഡല പൂജക്ക് ആഴ്ചകൾ മാത്രം ബാക്കിനിൽക്കേ തീർഥാടക തിരക്ക് ഇനിയും വർധിക്കും. കാലാവസ്ഥ പ്രതികൂലമായി തുടരവേ കൂടുതൽ വിരിപ്പന്തലുകൾ ഒരുക്കാൻ ദേവസ്വം ബോർഡിന് സാധിച്ചില്ലെങ്കിൽ തീർഥാടകരുടെ ദുരിതം ഇരട്ടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.