ഒമ്പതുദിവസം പിന്നിട്ടപ്പോൾ നടവരവ് 41.64 കോടി
text_fieldsശബരിമല: മണ്ഡലകാലം ഒമ്പതുദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ നടവരവ് 41.64 കോടി രൂപ. നവംബർ 15 മുതൽ 23 വരെയുള്ള മൊത്തം നടവരവ് 41,64,00,065 രൂപയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം ഒമ്പതുദിവസം പിന്നിട്ടപ്പോൾ ലഭിച്ച വരുമാനത്തേക്കാൾ 13,33,79,701 കോടി രൂപ വർധിച്ചു. ഒമ്പതു ദിവസത്തിനിടെ സന്നിധാനത്ത് എത്തിയത് 6,12,290 തീർഥാടകരാണ്. 3,03,501 തീർഥാടകർ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായി എത്തി. കഴിഞ്ഞ വർഷം ഈ സമയം 3,08,781 പേരാണ് ദർശനത്തിനെത്തിയത്.
2,21,30,685 രൂപ അപ്പത്തിൽനിന്നും 17,71,60,470 രൂപ അരവണയിൽനിന്നും 13,92,31,625 രൂപ കാണിക്കയായും ലഭിച്ചു. കഴിഞ്ഞ വർഷം 28,30,20,364 രൂപയാണ് ഒമ്പത് ദിവസത്തെ വരുമാനം. തീർഥാടകരുടെ എണ്ണം ഉയർന്നതും എല്ലാവർക്കും സുഖദർശനം ഒരുക്കിയതും വരുമാനം വർധിക്കാൻ കാരണമായതായി പി.എസ്. പ്രശാന്ത് പറഞ്ഞു.
ശബരിമലയിലെത്തി മടങ്ങുന്നവരിൽനിന്ന് ദർശനവും മറ്റ് സൗകര്യങ്ങളും സംബന്ധിച്ച് സംതൃപ്തമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡിന്റെയും സർക്കാറിന്റെ നേതൃത്വത്തിലുള്ള ഇരുപതിലേറെ വകുപ്പുകളുടെയും ഒന്നിച്ചുള്ള പ്രവർത്തനമാണ് പിന്നിൽ. പാർക്കിങ്, അടിസ്ഥാന സൗകര്യം, ശുദ്ധജലം, ലഘുഭക്ഷണം, പ്രസാദം, വഴിപാടുകൾ, അന്നദാനം ഇവയിലെല്ലാം കൂടുതൽ മുൻകരുതലുകൾ എടുക്കാൻ കഴിഞ്ഞത് നേട്ടമായി. പൊലീസ് ശക്തവും സുരക്ഷിതവുമായ തീർഥാടക നിയന്ത്രണ സംവിധാനമാണ് നടപ്പാക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
ദർശനസമയം കൂട്ടിയതും പതിനെട്ടാംപടിയിൽ പൊലീസുകാരുടെ ഡ്യൂട്ടി സമയം കുറച്ചതും പതിനെട്ടാം പടിയിൽ ഡ്യൂട്ടിയിലുള്ളവർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതും കാരണം മിനിറ്റിൽ ശരാശരി 80 പേരെ പതിനെട്ടാംപടി കയറ്റാൻ കഴിയുന്നുണ്ട്. ഇത് തിരക്ക് ഒഴിവാക്കുന്നതിൽ നിർണായകമായി. വൃശ്ചികം ഒന്നായപ്പോഴേക്കും അരവണയുടെ കരുതൽശേഖരം 10 ലക്ഷത്തിലേക്ക് എത്തിക്കാൻ സാധിച്ചത് അപ്പവും അരവണയും യഥേഷ്ടം നൽകുന്നതിന് സഹായകരമായി. എത്രപേർ എത്തിയാലും സുഗമമായി ദർശനം നടത്താനുള്ള തത്സമയ ഓൺലൈൻ ബുക്കിങ് സംവിധാനം ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. ഒരാൾക്കുപോലും ദർശനം കിട്ടാതെ മടങ്ങുന്ന സാഹചര്യം ഉണ്ടാകില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് കൊണ്ടുവരരുതെന്ന തന്ത്രിയുടെ നിർദേശം തീർഥാടകർ പാലിക്കണം. പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് തീർഥാടകരെ ഓർമിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.