ശബരിമല വിമാനത്താവളം; നിർമാണത്തിന് 2570 ഏക്കർ ഭൂമി ഏറ്റെടുക്കാമെന്ന് റിപ്പോർട്ട്
text_fieldsകോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി എരുമേലി തെക്ക്, മണിമല വില്ലേജുകളിൽനിന്ന് 2570 ഏക്കർ ഭൂമി ഏറ്റെടുക്കാമെന്ന് സാമൂഹികാഘാതപഠന റിപ്പോർട്ട്. 2263 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റിനൊപ്പം 307 ഏക്കർ സ്വകാര്യഭൂമിയും ഏറ്റെടുക്കാമെന്നാണ് അന്തിമ റിപ്പോർട്ടിലെ ശിപാർശ. പദ്ധതി ബാധിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 2013ലെ കേന്ദ്രനിയമപ്രകാരം പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
പദ്ധതിയുടെ നിർമാണഘട്ടത്തിൽ 8000 തൊഴിലാളികളെ ആവശ്യമാണ്. ഇവരെ പ്രാദേശികമായി കണ്ടെത്തണമെന്നും ശിപാർശയുണ്ട്. പ്രദേശത്ത് മാത്രം കാണുന്ന തദ്ദേശീയ ഇനമായ ചെറുവള്ളി പശുക്കളെയും പദ്ധതി ബാധിക്കും. ചെറുവള്ളി എസ്റ്റേറ്റ് തൊഴിലാളികൾക്ക് ചെറുവള്ളി പശു വളർത്തൽ അനുബന്ധവരുമാനമാണ്. പദ്ധതിക്കായി എസ്റ്റേറ്റ് തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുമ്പോൾ ഇവയുടെ ആവാസവ്യവസ്ഥ മാറും. ഇത് വിലയിരുത്തി ബന്ധപ്പെട്ട വകുപ്പ് മൂൻകൂട്ടി നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു.
എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തൃക്കാക്കര ഭാരതമാതാ കോളജിലെ സോഷ്യൽ വർക്ക് വിഭാഗം തയാറാക്കിയ റിപ്പോർട്ട് കഴിഞ്ഞദിവസമാണ് കലക്ടർക്ക് സമർപ്പിച്ചത്. ഈ റിപ്പോർട്ട് പഠിച്ച് ശിപാർശകൾ സമർപ്പിക്കാനായി സർക്കാർ വിദഗ്ധ സമിതിയെ നിയമിക്കും. ഈ സംഘം സാമൂഹികാഘാത പഠന റിപ്പോർട്ട് പഠിച്ചശേഷം, പദ്ധതി ബാധിതരുമായി കൂടിക്കാഴ്ച നടത്തി സർക്കാറിന് ശിപാർശ കൈമാറണം. ഇതിനുശേഷമാകും ഭൂമിയേറ്റെടുക്കൽ നടപടിക്രമങ്ങൾ ഉണ്ടാവുക.
കുടിയൊഴിപ്പിക്കുമ്പോൾ ഉപകാരപ്രദമല്ലാതാകുന്ന സ്ഥലം കൂടി ഏറ്റെടുക്കണം
എസ്റ്റേറ്റ് ലയങ്ങളിൽ താമസിക്കുന്ന 238 കുടുംബങ്ങളെയും പുറത്തുള്ള 114 കുടുംബങ്ങളെയും കുടിയൊഴിപ്പിക്കേണ്ടിവരും. 238 എസ്റ്റേറ്റ് തൊഴിലാളികളെ പദ്ധതി ബാധിക്കും. എസ്റ്റേറ്റ് തൊഴിലാളികൾക്കായി പ്രത്യേക പാക്കേജ് നടപ്പാക്കണം. 347 കുടുംബങ്ങളുടെ മുഖ്യഉപജീവനം ഇല്ലാതാകും. 391 കുടുംബങ്ങളുടെ വരുമാനത്തെയും ബാധിക്കും. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ 4(1) ചട്ടപ്രകാരം വിജ്ഞാപനം മുതൽ ഭൂവുടമകൾക്ക് വസ്തു ഇടപാട്, വായ്പ എന്നിവയിൽ പ്രയാസം നേരിടാം. ഇതിൽ പരിഹാരം ഉണ്ടാകണം.
സ്കൂൾ മാറ്റി സ്ഥാപിക്കണം
പദ്ധതി പ്രദേശത്ത് ഏഴ് ആരാധനാലയങ്ങളും ഒരു സ്കൂളുമാണുള്ളത്.
സ്കൂൾ മാറ്റി സ്ഥാപിക്കണം. ആരാധനാലയങ്ങൾ സംരക്ഷിക്കുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യണം.
അഞ്ച് കച്ചവടസ്ഥാപനങ്ങളാണ് പദ്ധതി പ്രദേശത്തുള്ളത്. ഇവർക്ക് നഷ്ടപരിഹാരത്തിനൊപ്പം കച്ചവടം പുന:സ്ഥാപിക്കാൻ സഹായവും നൽകണം. പദ്ധതിമൂലം വീടുകളിലേക്കും വസ്തുക്കളിലേക്കുമുള്ള റോഡ് നഷ്ടമാകുന്നവർക്ക് ബദൽ സൗകര്യം ഒരുക്കണം- റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.