ശബരിമല വിമാനത്താവളം: വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
text_fieldsഎരുമേലി: നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട് നടന്ന സാമൂഹികാഘാത പഠന റിപ്പോർട്ട് വിലയിരുത്താൻ സർക്കാർ നിയോഗിച്ച ഏഴംഗ വിദഗ്ധ സമിതി ചെറുവള്ളി എസ്റ്റേറ്റ് സന്ദർശിച്ചു. എസ്റ്റേറ്റ് തൊഴിലാളികളുമായി സംഘം ചർച്ച നടത്തി. തലമുറകളായി ജോലി ചെയ്തുവരുന്ന എസ്റ്റേറ്റിൽ, തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് അർഹമായ നഷ്ട പരിഹാരം ലഭ്യമാക്കണമെന്ന് തൊഴിലാളികളും സംഘടനാ നേതാക്കളും ആവശ്യപ്പെട്ടു.
സ്ഥലം, വീട്, തൊഴിൽ എന്നിവ നഷ്ടപരിഹാരമായി നൽകണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. രണ്ട് സോഷ്യൽ സയന്റിസ്റ്റുകളും രണ്ട് പുനരധിവാസ വിദഗ്ധരും ഉൾപ്പെടെ ഏഴ് അംഗ സമിതി അംഗങ്ങളാണ് സാമൂഹികാഘാത പഠന റിപ്പോർട്ട് വിലയിരുത്താൻ എത്തിയത്.
തിരുവനന്തപുരം ആസ്ഥാനമായ സെൻ്റർ ഫോർ മാനേജ്മെൻ്റാണ് സാമൂഹികാഘാത പഠന റിപ്പോർട്ട് തയ്യാറാക്കിയത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, സ്ഥലമേറ്റെടുപ്പ് ബാധിക്കുന്ന ആളുകൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയായിരുന്നു പഠന റിപ്പോർട്ടുകൾ തയ്യാറാക്കിയത്.
ഫീൽഡ് സർവേക്കൊപ്പം പബ്ലിക് കൺസൾട്ടേഷൻ ഗ്രൂപ്പ് ചർച്ചകൾ എന്നിവയിലൂടെയും വിവരങ്ങൾ ശേഖരിച്ചു. പ്രാഥമിക വിവരങ്ങൾ ജനപ്രതിനിധികളിൽ നിന്നും നേരിട്ട് അഭിമുഖത്തിലൂടെ ശേഖരിച്ചു.ഇവർ റിപ്പോർട്ട് സമർപ്പിച്ചതിനുപിന്നാലെ, സാമൂഹികാഘാത പഠന റിപ്പോർട്ട് വിലയിരുത്താൻ സർക്കാർ വിദഗ്ധ സമിതിക്ക് രൂപം നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.