ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈകോടതി സ്റ്റേ ചെയ്തു
text_fieldsകൊച്ചി: ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈകോടതി സ്റ്റേ ചെയ്തു. വിഷയത്തിൽ ജസ്റ്റിസ് വിജു എബ്രഹാം സർക്കാറിന്റെയടക്കം വിശദീകരണവും തേടി. ഭൂമി ഏറ്റെടുക്കൽ നിയമവിരുദ്ധമാണെന്നാരോപിച്ച് ബിലീവേഴ്സ് ചർച്ചിന്‍റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി മേയ് 27ന് വീണ്ടും പരിഗണിക്കും.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ മാർച്ച് 13ന് പുറപ്പെടുവിച്ച വിജ്ഞാപനം നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു ഹരജിയിലെ വാദം. 2,263 ഏക്കറോളം വരുന്ന എസ്റ്റേറ്റ് 2005ൽ ട്രസ്റ്റ് വാങ്ങിയത് മുതൽ ഈ ഭൂമി തട്ടിയെടുക്കാൻ സർക്കാറടക്കം നീക്കംനടത്തുകയാണ്. ഭൂമി ഏറ്റെടുക്കാൻ സാമൂഹികാഘാതപഠനം പോലും നിയമവിരുദ്ധമായാണ് നടത്തിയത്. സർക്കാറിന്റെ ഭാഗമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് സാമൂഹികാഘാത പഠനം നടത്തിയത്.
നിർമാണത്തിനും നഷ്ടപരിഹാരം നൽകാനും സർക്കാറിന് പണമില്ലെങ്കിലും വിമാനത്താവളമെന്ന ആശയം പ്രചരിപ്പിച്ച് കണ്ണിൽപൊടിയിടുകയാണ്. ഭൂമി തട്ടിയെടുക്കലാണ് ലക്ഷ്യം. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പൊതു ആവശ്യത്തിനെന്ന് പറഞ്ഞ് പുറപ്പെടുവിച്ച വിജ്ഞാപനം രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ടുള്ളതാണ്. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിമാനത്താവളത്തെക്കുറിച്ചാണ് പറയുന്നതെങ്കിലും നിയമപരമായി സ്വീകരിക്കേണ്ട നടപടികളൊന്നും പാലിച്ചിട്ടില്ലെന്നും ഹരജിയിൽ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.