ശബരിമല വിമാനത്താവളം; സാമൂഹികാഘാത പഠനം അടുത്തയാഴ്ച തുടങ്ങും
text_fieldsകോട്ടയം: നിർദ്ദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം അടുത്തയാഴ്ച ആരംഭിക്കും. കൊച്ചി തൃക്കാക്കര ഭാരതമാതാ കോളജിലെ സോഷ്യൽ വർക് വിഭാഗം പ്രോജക്ട് കോ-ഓഡിനേറ്റർ ഡോ. ആര്യ ചന്ദ്രന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാകും പഠനം നടത്തുക. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതി ഉദ്ദേശിക്കുന്നത്. ഇതിന് മുന്നോടിയായി പ്രാഥമിക സ്ഥലപരിശോധനയും രേഖകളുടെ നിർണയവും നടത്തി. മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 2570 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്.
കഴിഞ്ഞമാസം പത്തിനാണ് സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. എന്നാൽ വിജ്ഞാപനം ഇറക്കി പത്ത് ദിവസം കഴിഞ്ഞിട്ടും സാമൂഹികാഘാത പഠനം നടത്തേണ്ട ഏജൻസിയെ ആ വിവരം അറിയിച്ചില്ലെന്ന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് കൊച്ചി തൃക്കാക്കര ഭാരത മാതാ കോളജിലെ സോഷ്യൽ വർക്ക് വിഭാഗത്തെ ചുമതല ഏൽപ്പിച്ചത്. പ്രാഥമിക വിജ്ഞാപനത്തിലെയും സാമൂഹികാഘാത പഠനം നടത്താൻ ഏജൻസിയെ നിശ്ചയിച്ചതിലെയും പിഴവ് ചൂണ്ടിക്കാട്ടി അയന ചാരിറ്റബിൾ ട്രസ്റ്റ് ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് ആദ്യ വിജ്ഞാപനം റദ്ദാക്കിയത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കിയാൽ ആറ് മാസത്തിനുള്ളിൽ സാമൂഹികാഘാത പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ചട്ടം. മൂന്ന് മാസത്തിനുള്ളിൽ പഠനം പൂർത്തിയായാൽ ഹിയറിങ് ഉൾപ്പെടെ നടത്തി വിദഗ്ധ സമിതി സർക്കാറിന് ശിപാർശ സമർപ്പിക്കണം.
2025 ഡിസംബറോടെ വിമാനത്താവള നിർമാണം തുടങ്ങാനായിരുന്നു സർക്കാർ നീക്കം. എന്നാൽ കോടതിയിൽ നിലനിൽക്കുന്ന വ്യവഹാരങ്ങളടക്കം പുതിയ തടസങ്ങളുണ്ട്. വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിലെ 221 കുടുംബങ്ങളെയും എസ്റ്റേറ്റിന് പുറത്തുള്ള 362 കുടുംബങ്ങളെയും കുടിയൊഴിപ്പിക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. 1441 താമസക്കാരെയും 875 തൊഴിലാളികളെയും നേരിട്ട് പദ്ധതി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.