ശബരിമല; സർക്കാറാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കേണ്ടത് -ഹൈകോടതി
text_fieldsകൊച്ചി: ശബരിമലയിൽ നടന്ന അക്രമ സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കേണ്ടത് സംസ്ഥാന സർക്കാറാണെന്ന് ഹൈകോടതി. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുമ്പോഴാണ് ഹൈകോടതി നിരീക്ഷണം.
അന്വേഷണം പ്രഖ്യാപിക്കുന്നത് സംസ്ഥാന സർക്കാറിന്‍റെ വിവേചനാധികാരമാണ്. കോടതിക്ക് ഇക്കാര്യങ്ങളിൽ പരിമിതിയുണ്ട്. ജുഡീഷ്യൽ അന്വേഷണത്തിന് തീരുമാനം എടുക്കേണ്ടത് മന്ത്രിസഭയാണ്. വിജ്ഞാപനം ഇറക്കേണ്ടത് സർക്കാറുമാണെന്നും കോടതി വ്യക്തമാക്കി.
ഹരജിക്കാരന് ജുഡീഷ്യൽ അന്വേഷണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് ഹൈകോടതി വായിക്കാൻ നൽകി. വാദം തുടരണോയെന്ന് അത് വായിച്ച ശേഷം അറിയിക്കാൻ കോടതി നിർദേശിച്ചു. ഹരജി ഉച്ചക്ക് വീണ്ടും പരിഗണിക്കും.
ശബരിമലയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കോടതി അറിയിക്കണം
ശബരിമലയിൽ തീർഥാടനവുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങൾ കോടതിയിൽ നിന്ന് മറച്ചുവെക്കരുതെന്ന് ഹൈകോടതി ഉത്തരവിട്ടു. തീരുമാനങ്ങൾ യഥാസമയം അറിയിക്കാൻ സർക്കാറിനും ദേവസ്വം ബോർഡിനും കോടതി നിർദേശം നൽകിയിട്ടുണ്ട്.
ശബരിമലയിൽ ഭക്തർക്ക് സമയക്രമം ഏർപ്പെടുത്തുന്നത് ചോദ്യം ചെയ്ത് നൽകിയ ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി. തിങ്കളാഴ്ച നിലപാട് അറിയക്കണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.