ശബരിമല കുത്തകലേലം: വിശദ അന്വേഷണം വേണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ശബരിമലയിൽ 2023-24 മണ്ഡല മകരവിളക്ക് ഉത്സവകാലത്തെ കുത്തക ലേലത്തുക സംബന്ധിച്ച് വിശദ അന്വേഷണം നടത്തണമെന്ന് ഹൈകോടതി. ലേലം നേടിയവർ ലേലത്തുക അടച്ചത് സംബന്ധിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടറോട് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
രേഖകൾ, ധനലക്ഷ്മി ബാങ്ക് നന്ദൻകോട് ശാഖയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ തുടങ്ങിയവ ഉൾപ്പെടെ പരിശോധിച്ച് രണ്ടുമാസത്തിനകം വിശദ റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിക്കണം. ശബരിമലയിൽ 2023-24ലേക്ക് കുത്തക കരാർ നൽകിയവരിൽ മുമ്പ് കുടിശ്ശിക വരുത്തിയവരുണ്ടോയെന്ന് കണ്ടെത്തണം, കുടിശ്ശിക തിരിച്ചുപിടിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ നിർദേശിക്കണം, ലേലത്തുകയിലെ കുടിശ്ശിക വീണ്ടെടുക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇടുക്കി സ്വദേശി കെ.എസ്. സജി നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്.
കുത്തകാവകാശം സംബന്ധിച്ച് ഇ-ടെൻഡർ വിജ്ഞാപനത്തിലെ വ്യവസ്ഥകളിൽ ആവശ്യമായ ഭേദഗതി വരുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മാനേജ്മെന്റുകൾക്ക് നിർദേശം നൽകാനും കോടതി ഉത്തരവിട്ടു.
ടെൻഡർ നൽകുന്നത് പാർട്ണർഷിപ് സ്ഥാപനമാണെങ്കിൽ പാർട്ണർമാർ/ ഡയറക്ടർമാർ തുടങ്ങിയവരുടെ വിലാസത്തിന്റെ രേഖകളും ആവശ്യപ്പെടണമെന്നാണ് നിർദേശം. ഇവരുടെ പേരുകളും വിവരങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദിഷ്ട രജിസ്റ്ററിൽ രേഖപ്പെടുത്തണം. കുത്തക അവകാശത്തിൽ നേരത്തേ വീഴ്ച വരുത്തിയവർ വീണ്ടും പങ്കെടുക്കുന്നത് തടയുന്നതിന്‍റെ ഭാഗമായാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.