ശബരിമല: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി
text_fieldsകോട്ടയം: പിണറായി വിജയൻ സർക്കാർ ശബരിമലയെ തകർക്കാൻ ശ്രമിച്ചെന്ന് മുൻ എ.ഡി.ജി.പി ഹേമചന്ദ്രൻ ആത്മകഥയിൽ വെളിപ്പെടുത്തിയ സാഹചര്യത്തിൽ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗൂഢാലോചന സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. 2018ൽ അയ്യപ്പഭക്തർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ, മനീതി സംഘത്തിന് പമ്പവരെ എത്താൻ സഹായം ചെയ്തുവെന്ന് മുൻ എ.ഡി.ജി.പി പറഞ്ഞത് ഗൗരവതരമാണ്. ശബരിമല തകർക്കാനെത്തിയവർക്കൊപ്പമാണ് മുഖ്യമന്ത്രി നിന്നത്.
സോളാർ കേസിൽ ഒത്തുതീർപ്പ് നടന്നെന്ന് ആദ്യമായി പറഞ്ഞത് ബി.ജെ.പിയാണ്. ഇപ്പോൾ അത് സി. ദിവാകരനും കോൺഗ്രസ് നേതാക്കളും മുൻ എ.ഡി.ജി.പിയും സമ്മതിച്ചിരിക്കുന്നു. ലാവ്ലിൻ കേസിലും കോൺഗ്രസും സി.പി.എമ്മും തമ്മിലാണ് ഒത്തുതീർപ്പുണ്ടാക്കിയത്. വി.ഡി. സതീശൻ ചട്ടങ്ങൾ ലംഘിച്ച് വിദേശത്തുപോയി കോടികൾ പിരിച്ചതും ഒത്തുതീർപ്പാക്കിയിരുന്നു. ഇപ്പോൾ അത് വീണ്ടും പിണറായി വിജയൻ എടുത്തിട്ടത് എ.ഐ കാമറ, കെ.ഫോൺ തട്ടിപ്പുകൾ ഒത്തുതീർപ്പാക്കാനാണെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ് ലിജിൻ ലാൽ, സെക്രട്ടറി എസ്. രതീഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.