ശബരിമല ബസ് കത്തിയ സംഭവം; ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് കെ.എസ്.ആർ.ടി.സി
text_fieldsകൊച്ചി: പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് സർവീസ് നടത്തുന്ന ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തിൽ നാല് ജീവനക്കാർക്കെതിരെ നടപടി എടുത്തതായി കെ.എസ്. ആർ.ടി.സി ഹൈകോടതിയെ അറിയിച്ചു. ഇലക്ട്രിക്കൽ വിഭാഗത്തിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തതായും സൂപ്പർ വൈസർ , ഡിപ്പോ എഞ്ചിനീയർ എന്നിവർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിയും സ്വീകരിച്ചു. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കെ.എസ്.ആർ.ടി.സി ഇക്കാര്യം വ്യക്തമാക്കിയത്.
അപകട കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നും കെ.എസ്.ആർ.ടി.സി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.ബാറ്ററിയിൽ നിന്നുള്ള കേബിളുകൾ കൃത്യമായി ഘടിപ്പിച്ചിരുന്നില്ലെന്നും പ്രധാന കേബിളുകൾ ഫ്യൂസ് ഇല്ലാതെ നേരിട്ടാണ് ബന്ധിപ്പിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചതെന്നും കെ.എസ്.ആർ.ടി.സി പറഞ്ഞു.
ഈ മാസം 17 നാണ് : പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് സർവീസ് നടത്തുന്ന ലോ ഫ്ലോർ ബസ് കത്തിയത്. ഈ സമയം ഡ്രൈവറും കണ്ടക്ടറും മാത്രമായിരുന്നു ബസിലുണ്ടായിരുന്നത്. അപകടത്തിൽ ആളപായമുണ്ടായിരുന്നില്ല. ബസ് കത്തി നശിച്ചതിൽ 14 ലക്ഷം രൂപയുടെ നഷ്ട്ടമുണ്ടായെന്നാണ് കെ.എസ്.ആർ.ടി.സി കണക്കാക്കുന്നത്. സംഭവത്തിൽ കെ.എസ്.ആർ.ടി.സി എം.ഡിയുടെ നിർദേശത്തെത്തുടർന്ന് മാവേലിക്കര ഡിപ്പോയിലെ വര്‍ക്‌സ് മാനേജര്‍, ആറ്റിങ്ങല്‍ ഡിപ്പോ എന്‍ജിനീയര്‍ എന്നിവരാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.