പിണറായിയുടെ മതേതര സർട്ടിഫിക്കറ്റ് ആവശ്യമില്ല -എ.കെ. ആൻറണി
text_fieldsകോഴിക്കോട്: ശബരിമലവിഷയത്തിൽ ബി.ജെ.പിക്ക് കലാപത്തിന് അവസരം നൽകുന്ന സി.പി.എം, ഒത്തുകളി നടത്തുകയാെണന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആൻറണി. ബി.ജെ.പിയെയും ആർ.എസ്.എസിനെയും വളർത്തി കോൺഗ്രസിനെ ദുർബലപ്പെടുത്താമെന്ന വ്യാമോഹം നടക്കില്ലെന്നും കോഴിക്കോട് ഗസ്റ്റ്ഹൗസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിക്ക് വെള്ളവും വളവും നൽകുന്നത് താനല്ല, പിണറായി വിജയനാണ്. പിണറായിക്ക് മുേമ്പ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ തനിക്ക് അദ്ദേഹത്തിെൻറ മതേതര സർട്ടിഫിക്കറ്റ് ആവശ്യമില്ല. ആർ.എസ്.എസിനോട് പ്രസംഗത്തിൽ മാത്രമാണ് മുഖ്യമന്ത്രിക്ക് വിരോധം. ആർ.എസ്.എസ് വളരാനാണ് സി.പി.എമ്മിെൻറ ആഗ്രഹം. ഇൗ നീക്കത്തിെൻറ പടത്തലവൻ മുഖ്യമന്ത്രിയാണ്. ശബരിമലയിലെ കലാപങ്ങളുടെ ഒന്നാംപ്രതി മുഖ്യമന്ത്രിയും കൂട്ടുപ്രതികൾ ആർ.എസ്.എസുമാണ്. പിണറായി വിജയനല്ല, ബ്രിട്ടീഷുകാരും സർ സി.പി. രാമസ്വാമി അയ്യരും വിചാരിച്ചിട്ടും കോൺഗ്രസിനെ തകർക്കാനായിട്ടില്ല. കോടതി വിധി ഉപയോഗിച്ചല്ല നവോത്ഥാനമുണ്ടാക്കേണ്ടത്. ശ്രീനാരായണഗുരുവും അയ്യങ്കാളിയും ഇങ്ങനെയല്ല നവോത്ഥാന നായകരായത്. 1964ൽ പിറന്ന സി.പി.എം എന്ത് നവോത്ഥാനമാണ് കേരളത്തിൽ സൃഷ്ടിച്ചത്.
ശബരിമല വിധി വന്നയുടൻ കോടതിയിൽ സാവകാശം തേടാൻ സർക്കാർ ശ്രമിക്കേണ്ടിയിരുന്നു. മാർക്സിസിറ്റ് പാർട്ടി വിശ്വാസികേളാട് പോർവിളി നടത്തിയതാണ് എല്ലാ പ്രകോപനങ്ങൾക്കും കാരണം. ആക്ടിവിസ്റ്റുകളെ പൊലീസ് വേഷമണിയിച്ച് സന്നിധാനത്തിനടുത്ത് മരക്കൂട്ടം വരെ എത്തിച്ചത് പൊലീസിെൻറ വാശിയായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ മാത്രം പ്രതീക്ഷയുള്ള സി.പി.എം ഇവിടത്തെ രാഷ്ട്രീയ ഇടം ബി.ജെ.പിയുമായി പങ്കിെട്ടടുക്കാനുള്ള ശ്രമത്തിലാണ്. ഇൗ ശ്രമം മലർപ്പൊടിക്കാരെൻറ സ്വപ്നം മാത്രമാണ്.
ബി.ജെ.പിയുെട വിശ്വാസപ്രഖ്യാപനങ്ങൾ തട്ടിപ്പാണ്. സന്നിധാനത്ത് ബഹളംവെക്കലും 18ാം പടിയിൽ കയറി പ്രസംഗിക്കലുമെല്ലാം എന്ത് വിശ്വാസമാണ്. ശബരിമല വിഷയത്തിൽ കോൺഗ്രസിെൻറ കേരളത്തിലെ നിലപാട് വ്യക്തമാണെന്നും എ.കെ. ആൻറണി കൂട്ടിേച്ചർത്തു.
കോൺഗ്രസിനെ തകർക്കാൻ ബി.ജെ.പി.യും സി.പി.എമ്മും ശ്രമിക്കുന്നു -എ.കെ. ആൻറണി
കോഴിക്കോട്: ജനകീയ അടിത്തറ ദുർബലമാക്കി കോൺഗ്രസ് പ്രസ്ഥാനത്തെ തകർക്കാനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് എ.കെ. ആൻറണി അഭിപ്രായപ്പെട്ടു. ഡി.സി.സി ഓഡിറ്റോറിയത്തിൽ ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എം.ഐ. ഷാനവാസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ മസിൽമാൻമാർ നിയന്ത്രിക്കുന്ന മാർക്സിസ്റ്റ് പാർട്ടിയെ നേരിടാൻ തടിമിടുക്കുള്ള ഫയൽവാൻമാരുള്ള പാർട്ടിയാണ് തങ്ങളുടേതെന്ന സന്ദേശമാണ് ആർ.എസ്.എസ് നൽകുന്നത്. ആർ.എസ്.എസിനെയും ബി.ജെ.പിയെയും എതിർക്കാൻ പിണറായിയുടെ പാർട്ടി മാത്രമെയുള്ളൂവെന്ന് ആവർത്തിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് മാർക്സിസ്റ്റുകാരുടെ ശ്രമം. പറയുന്നത് രണ്ടാണെങ്കിലും മാർക്സിസ്റ്റുകാരുടെയും ബി.ജെ.പിക്കാരുടെയും ലക്ഷ്യം ഒന്നുതന്നെയാണ്.
കേരളത്തെ രണ്ട് കഷണങ്ങളാക്കി ഒരു ഭാഗം ബി.ജെ.പി സഖ്യവും മറുഭാഗം മാർക്സിസ്റ്റു പാർട്ടിയും കൈയടക്കാനാണ് ശ്രമം. ശബരിമല സന്നിധാനത്ത് പോയി കുഴപ്പം കാണിക്കാനോ, ആക്ടിവിസ്റ്റുകളെ പൊലീസ് അകമ്പടിയോടെയെത്തിക്കാനോ കോൺഗ്രസ് തയാറല്ല. വിശ്വാസികൾക്കൊപ്പം തന്നെയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.
ഒരേസമയം അടിയുറച്ച കോൺഗ്രസുകാരനും മതവിശ്വാസിയുമായിരുന്ന എം.ഐ. ഷാനവാസ് പാർട്ടി നിലപാട് വിവിധ വേദികളിൽ വ്യക്തമായി അവതരിപ്പിച്ച് രാഷ്ട്രീയ എതിരാളികളെ വെള്ളം കുടിപ്പിച്ച നേതാവായിരുന്നെന്ന് ആൻറണി അനുസ്മരിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി, പി. ശങ്കരൻ, പി.എം. സുരേഷ് ബാബു, എൻ. സുബ്രഹ്മണ്യൻ, കെ. പ്രവീൺകുമാർ, കെ.സി. അബു, ഇ.വി. ഉസ്മാൻകോയ, കെ. രാമചന്ദ്രൻ, എം.ടി. പത്മ, കെ.എം. അഭിജിത്ത്, ഹബീബ് തമ്പി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.