സംഘ്പരിവാർ കലാപത്തിന് ശ്രമിക്കുന്നു –സി.പി.എം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തുടനീളം കള്ളക്കഥകള്‍ പ്രചരിപ്പിച്ച് കലാപം സൃഷ്ടിക്കാൻ സംഘ്പരിവാര്‍ ഗൂഢാലോചന നടത്തുന്നെന്നും ജനം അത് തിരിച്ചറിയണമെന്നും സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ്. ശബരിമല തീർഥാടകൻ ശിവദാസെൻറ മരണം ലാത്തിച്ചാര്ജിെൻറ ഫലമാണെന്ന് പ്രചരിപ്പിക്കുന്നു. ബി.ജെ.പിയുടെ സംസ്ഥാനനേതാക്കളാണ് നുണപ്രചാരവേലക്ക് നേതൃത്വം നല്‍കുന്നത്.
ഗുജറാത്ത് വംശഹത്യക്ക് മുമ്പ് സമാനമായ പ്രചാരവേലകള്‍ നടന്നതായി ഇതുസംബന്ധിച്ച് അന്വേഷിച്ച കമീഷെൻറ റിപ്പോര്‍ട്ടിലുണ്ട്. സമാനരീതിയിലാണ് ഇപ്പോള്‍ കേരളത്തിലും കലാപത്തിന് ശ്രമിക്കുന്നത്. ശബരിമലയെ കലാപഭൂമിയാക്കാനും രക്തം വീഴ്ത്തി അശുദ്ധമാക്കി നടയടപ്പിക്കാനും സംഘ്പരിവാർ പദ്ധതിയിട്ടിരുന്നു. എന്‍.എസ്.എസ് കരയോഗത്തിനുനേരെ നടന്ന അക്രമം അപലപനീയമാണ്. ഇതിലുള്‍പ്പെട്ട അക്രമികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണം. ഓഫിസുകള്‍ ആക്രമിച്ച് അതിെൻറ ഭാഗമായുണ്ടാകുന്ന പ്രതിഷേധം സര്‍ക്കാറിനെതിരെ തിരിച്ചുവിടാനുള്ള ഗൂഢപദ്ധതിയാണ് പിന്നിൽ.
സര്‍ക്കാറിനെ വലിച്ച് താഴെയിടുമെന്ന അമിത് ഷായുടെ പ്രസ്താവനയെ ഇതിെൻറ ഭാഗമായി കാണണം. ശബരിമലയുടെ പേരില്‍ കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാനും കലാപമഴിച്ചുവിടാനും സംഘ്പരിവാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തണമെന്നും പ്രസ്താവന പറയുന്നു.
അനുകൂല നിലപാടുമായി മാവോവാദി പോസ്റ്ററുകൾ
അഗളി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതികരണവുമായി മാവോവാദികളുടെ പേരിൽ പോസ്റ്റർ. അട്ടപ്പാടി ചുരത്തോട് ചേർന്നുള്ള ആനമൂളിയിലെ ബസ് വെയ്റ്റിങ് ഷെഡിലും സമീപത്തുള്ള ചായക്കടയുടെ ഭിത്തിയിലുമാണ് വെള്ളിയാഴ്ച പുലർച്ചയോടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. വനം വകുപ്പിെൻറ അട്ടപ്പാടി ചുരം ഭാഗത്തുള്ള ചെക്ക്പോസ്റ്റിൽനിന്ന് 50 മീറ്ററിൽ താഴെ ദൂരത്താണ് മാവോവാദികൾ എത്തിയത്.
സി.പി.ഐ മാവോയിസ്റ്റ് ഭവാനി ദളത്തിെൻറ പേരിൽ ഏഴ് പോസ്റ്ററുകളാണ് പതിച്ചിട്ടുള്ളത്. സ്ത്രീകൾക്ക് തടസം നിൽക്കുന്ന ഹിന്ദു ഫാഷിസ്റ്റ് ശക്തികളെ എതിർക്കുക, പുരുഷാധിപത്യത്തെ പോരാടി ജയിക്കുക, സ്ത്രീവിമോചനം നിർമിക്കുക തുടങ്ങിയ ആഹ്വാനങ്ങളാണ് പോസ്റ്ററുകളിലുള്ളത്. മാവോയിസ്റ്റുകൾക്കെതിരെ ചുമത്തിയ തെറ്റായ കേസുകൾ പിൻവലിക്കണമെന്നും മറ്റുമുള്ള ആവശ്യങ്ങളുമുണ്ട്.
ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് മാവോവാദികൾ ഈ മേഖലയിൽ പോസ്റ്ററുകൾ പതിക്കുന്നത്. അട്ടപ്പാടി ഒമ്മലയിൽ ദിവസങ്ങൾക്ക് മുമ്പ് മാവോവാദികളുടെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ആദ്യമായാണ് ശബരിമല വിഷയത്തിൽ പ്രതികരണവുമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.