സുരക്ഷ നിഷ്പ്രഭം; ശബരിമലയിൽ സംഘ്പരിവാർ വാഴ്ച
text_fieldsപമ്പ: പൊലീസ് സുരക്ഷ സന്നാഹങ്ങളെല്ലാം നിഷ്പ്രഭമാക്കി പമ്പയും സന്നിധാനവും സംഘ്പരിവാർ സംഘടനകൾ പൂർണ നിയന്ത്രണത്തിലാക്കി. ആർ.എസ്.എസ് അജണ്ടയിൽ കാര്യങ്ങൾ നീങ്ങിയതോടെ പൊലീസ് നോക്കിനിന്നു. പമ്പ മുതൽ സന്നിധാനം വരെ സംഘ്പരിവാർ നേതാക്കളെ വിന്യസിച്ചും പ്രവർത്തകരെ അണിനിരത്തിയുമായിരുന്നു ഒാപറേഷൻ. പതിനായിരത്തിലധികം പ്രവർത്തകരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിയത്. ചിത്തിര ആട്ടവിശേഷത്തിന് സാധാരണ രണ്ടായിരത്തിലേറെ ആളുകൾ എത്താറില്ല. ഇത്തവണ എത്തിയത് പതിനയ്യായിരത്തോളം പേരാണ്. 80 ശതമാനവും സംഘ്പരിവാർ സംഘടനകളിൽപെട്ടവരായിരുന്നു. സന്നിധാനത്തെ നിയന്ത്രണം ആർ.എസ്.എസ് സംസ്ഥാന സമിതി അംഗം വത്സൻ തില്ലേങ്കരിക്കായിരുന്നു.
തൃശൂരിൽനിന്നുള്ള 50 വയസ്സിന് മുകളിലുള്ള മൂന്ന് സ്ത്രീകൾ എത്തിയപ്പോൾ പ്രതിഷേധിച്ചവരെ നിയന്ത്രിച്ചതും ഇവരെ പതിനെട്ടാംപടി കയറ്റിയതും ഇദ്ദേഹത്തിെൻറ നേതൃത്വത്തിലായിരുന്നു. പൊലീസ് പരിശോധനകളിൽപെടാതെ തിങ്കളാഴ്ച കെ. സുരേന്ദ്രെൻറയും വി.വി. രാജേഷിെൻറയും നേതൃത്വത്തിൽ ഒരുസംഘം വനത്തിലൂടെ ഒളിച്ച് സന്നിധാനത്ത് എത്തിയിരുന്നു. ഇരുമുടിക്കെട്ടുമായി എത്തിയ എം.ടി. രമേശ്, സി.കെ. പദ്മനാഭൻ, ആർ.എസ്.എസ് ദേശീയ നേതാവ് ജെ. നന്ദകുമാർ എന്നിവരാണ് സന്നിധാനത്തെ നീക്കങ്ങളുടെ ചുക്കാൻ പിടിച്ചത്. തിങ്കളാഴ്ച രാത്രി പൊലീസ് നിയന്ത്രണത്തിന് വഴങ്ങാതെ സന്നിധാനത്ത് തങ്ങിയ ആയിരത്തോളം പ്രവർത്തകർ ഏത് ചെറുത്തുനിൽപിനും തയാറായി നിൽക്കുകയായിരുന്നു. പമ്പയിൽ ഹിന്ദു െഎക്യവേദി നേതാക്കളായ ആർ.വി. ബാബു, ഇ.എസ്. ബിജു, കെ.പി. ശശികല, ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ എന്നിവർക്കായിരുന്നു നിയന്ത്രണം.
ഇവരുടെ സാന്നിധ്യത്തിൽ രാവിലെ നടന്ന നാമജപം പിന്നീട് മുഖ്യമന്ത്രിക്ക് എതിരായ മുദ്രാവാക്യം വിളിയായി. ആർ.എസ്.എസ് സംസ്ഥാനത്തെ 200 കേന്ദ്രങ്ങളിൽ നടത്തുന്ന അഖണ്ഡ നാമജപം പമ്പാ ഗണപതി ക്ഷേത്രത്തിന് മുന്നിലും അരങ്ങേറി. സന്നിധാനത്തും പമ്പയിലും എത്തിയവരെ കൂടാതെ പ്രശ്നം ഉണ്ടായാൽ ഒാടിയെത്താൻ ചുറ്റും ആയിരങ്ങളെ പത്തനംതിട്ടയിലും എരുമേലിയിലും സജ്ജരാക്കി നിർത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ എത്തിയ അഞ്ചംഗ ആന്ധ്ര യുവതികളുടെ സംഘത്തെ പൊലീസ് പമ്പയിൽ െവച്ചുതന്നെ തിരിച്ചയച്ചു. ആർ.എസ്.എസിെൻറ 200 മേഖലകളിൽനിന്ന് ആളെ എത്തിച്ചിരുന്നു. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ ഒരുരൂപ പോലും നിക്ഷേപിക്കരുതെന്നും അപ്പവും അരവണയും വാങ്ങരുതെന്ന നിർദേശവും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.