Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശബരിമല ദര്‍ശനത്തിന്‌ രണ്ട് ഡോസ് വാക്‌സിനും ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റും വേണം
cancel
Homechevron_rightNewschevron_rightKeralachevron_rightശബരിമല ദര്‍ശനത്തിന്‌...

ശബരിമല ദര്‍ശനത്തിന്‌ രണ്ട് ഡോസ് വാക്‌സിനും ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റും വേണം

text_fields
bookmark_border

തിരുവനന്തപുരം: എല്ലാ ശബരിമല തീർഥാടകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റും കരുതണമെന്ന് നിർദേശം. മറ്റ് അനുബന്ധ രോഗമുള്ളവർക്കും കോവിഡ് വന്ന് മൂന്ന് മാസത്തിനുള്ളിൽ ആയിട്ടുള്ളവർക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് കഴിവതും ശബരിമല ദർശനം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. ശബരിമല തീർഥാടനത്തോടനുബന്ധിച്ച് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് തയാറാക്കിയ ആക്ഷൻ പ്ലാനിലാണ് ഈ നിർദേശങ്ങളുള്ളത്. കോവിഡ് വ്യാപനം പൂർണമായി മാറാത്ത സാഹചര്യം കൂടി മുന്നിൽ കണ്ടാണ് ആക്ഷൻ പ്ലാൻ തയാറാക്കിയത്.

തീർഥാടകർക്കും ജീവനക്കാർക്കും സുരക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം കോവിഡിൻ്റെയും മറ്റ് പകർച്ചവ്യാധികളുടെയും നിയന്ത്രണത്തിനും പ്രതിരോധത്തിനും പ്രാധാന്യം നൽകും. സുരക്ഷിതമായ ശബരിമല മകരവിളക്ക് മഹോത്സവം നടത്തുന്നതിനുള്ള ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

പമ്പ മുതൽ സന്നിധാനം വരെയുളള കാൽനട യാത്രയിൽ തീർഥാടകർക്ക് അമിത നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളോ ചിലപ്പോൾ ഹൃദയാഘാതം വരെയോ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഫലപ്രദമായി നേരിടാൻ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ഈ വഴികളിൽ അടിയന്തര ചികിത്സ കേന്ദ്രങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാർലറുകൾ എന്നിവ പമ്പ മുതൽ സന്നിധാനം വരെയുള്ള യാത്രക്കിടയിൽ അഞ്ച് സ്ഥലങ്ങളിലായി സ്ഥാപിക്കും. തളർച്ച അനുഭവപ്പെടുന്ന തീർഥാടകർക്ക് വിശ്രമിക്കാനും ഓക്സിജൻ ശ്വസിക്കാനും പ്രഥമ ശുശ്രൂഷക്കും രക്തസമ്മർദം നോക്കുവാനുമുള്ള സംവിധാനം ഇവിടെ ഏർപ്പെടുത്തും. ഹൃദയാഘാതം വരുന്ന തീർഥാടകർക്കായി ഓട്ടോമേറ്റഡ് എക്സറ്റേണൽ ഡിബ്രിഫ്രിലേറ്റർ ഉൾപ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാർ 24 മണിക്കൂറും ഈ കേന്ദ്രങ്ങളിൽ സേവനമനുഷ്ഠിക്കും.

സന്നിധാനം, പമ്പ, നിലയ്ക്കൽ, ചരൽമേട് (അയ്യപ്പൻ റോഡ്), എരുമേലി, എന്നീ സ്ഥലങ്ങളിൽ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെൻസറികൾ പ്രവർത്തിക്കും. സന്നിധാനത്ത് ഒരു അടിയന്തര ഓപ്പറേഷൻ തീയേറ്ററും സജ്ജമാക്കും. ഇതുകൂടാതെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും എരുമേലി സി.എച്ച്.സിയിലും കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിലും സൗകര്യങ്ങളൊരുക്കും. കോട്ടയം മെഡിക്കൽ കോളേജിൽ തീർഥാടകർക്കായി മികച്ച സൗകര്യമൊരുക്കും. തീർഥാടകർക്ക് പ്രത്യേക ചികിത്സ ഉറപ്പാക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കോട്ടയം, പത്തനംതിട്ട ജില്ലകളിലായി സർക്കാർ - സ്വകാര്യ ആശുപത്രികളെ എംപാനൽ ചെയ്തിട്ടുണ്ട്. കാസ്പ് കാർഡുള്ള തീർഥാടകർക്ക് എംപാനൽ ചെയ്ത സർക്കാർ -സ്വകാര്യ ആശുപത്രികളിൽ നിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. കാർഡില്ലാത്തവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടാമെന്നും മന്ത്രി പറഞ്ഞു.

വിവിധ ജില്ലകളിൽ നിന്നും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ അവശ്യ ചികിത്സ സേവനത്തിനായി ഇവിടെ വിന്യസിക്കും. കാർഡിയോളജി, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, പൾമണോളജി, സർജറി, അനസ്തീഷ്യ എന്നീ വിഭാഗങ്ങളിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങൾ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാക്കും.

ശബരിമലയിലെ എല്ലാ പ്രവർത്തനങ്ങളുടെയും സംസ്ഥാനതല മേൽനോട്ടം ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ്. കൂടാതെ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ, നോഡൽ ഓഫിസർ, ഒരു അസി. നോഡൽ ഓഫിസർ തുടങ്ങിയവർ അവിടെ നടത്തുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പത്തനംതിട്ട ജില്ലയിലെ മെഡിക്കൽ ഓഫിസർ ജില്ലയുടെ ചുമതലയുള്ള നോഡൽ ഓഫിസർമാരായി പ്രവർത്തിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccineSabarimala NewsRTPCR certificate
News Summary - Sabarimala Darshan requires two doses of vaccine and RTPCR certificate
Next Story