ശബരിമല ദർശനത്തിനെത്തിയ ഒമ്പതു വയസ്സുകാരിയെ ബസില്‍ മറന്നു
text_fieldsശബരിമല: തമിഴ്നാട്ടിൽനിന്ന് ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയ തീര്‍ഥാടക സംഘം ഒമ്പതു വയസ്സുകാരിയെ ബസില്‍ മറന്നു. പൊലീസിന്‍റെ വയർലെസ് സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയെ അട്ടത്തോട്ടില്‍നിന്ന് കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 10ഓടെയാണ് സംഭവം.
ആന്ധ്രപ്രദേശ് സര്‍ക്കാറിന്‍റെ ബസില്‍ ദര്‍ശനത്തിന് വന്ന തമിഴ്‌നാട് സ്വദേശികളായ പിതാവിനും മുത്തശ്ശിക്കും ഒപ്പം എത്തിയ നാലാം ക്ലാസുകാരിയെയാണ് മറന്നത്. തീർഥാടകരെ പമ്പയിലിറക്കി ബസ് നിലയ്ക്കലിലേക്ക് പുറപ്പെട്ട ശേഷമാണ് കുട്ടി കൂടെയില്ലെന്നത് മനസ്സിലാക്കിയത്.
ഉടന്‍ കുട്ടിയുടെ പിതാവ് അടങ്ങുന്ന സംഘം പമ്പയിലെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. അപ്പോൾ തന്നെ പൊലീസിന്‍റെ വയര്‍ലെസ് സെറ്റിലൂടെ വിവരം കൈമാറി. ഈ സമയം നിലയ്ക്കല്‍-പമ്പ റൂട്ടില്‍ പട്രോളിങ് നടത്തിയിരുന്ന ആറ്റിങ്ങല്‍ എ.എം.വി.ഐ ആര്‍. രാജേഷും കുന്നത്തൂര്‍ എ.എം.വി.ഐ ജി. അനില്‍കുമാറും അട്ടത്തോടിന് സമീപം ബസ് കണ്ടെത്തി. ഡ്രൈവറോടും കണ്ടക്ടറോടും കുട്ടി അതിലുണ്ടോ എന്ന് തിരക്കിയപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി.
ഇരുവരും വാഹനത്തില്‍ കയറി പരിശോധിച്ചപ്പോഴാണ് ഏറ്റവും പിന്നിലെ സീറ്റുകളിലൊന്നിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ കണ്ടെത്തിയത്. വിവരം പൊലീസിനെ അറിയിക്കാൻ ശ്രമിച്ചെങ്കിലും വയർലെസ് സെറ്റിന് റേഞ്ചില്ലാത്തതിനാല്‍ കഴിഞ്ഞില്ല. തുടർന്ന് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാഹനത്തില്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ എത്തിച്ചു. കുട്ടിയുമായി സംഘം സന്നിധാനത്തേക്ക് യാത്ര തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.