ശബരിമല: ദേവസ്വം ബോർഡ് സമവായചര്‍ച്ച പരാജയം
text_fieldsതിരുവനന്തപുരം: ശബരിമല നട ഇന്ന് മാസപൂജക്ക് തുറക്കാനിരിക്കെ സ്ത്രീപ്രവേശന വിഷയത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ച പരാജയം. പുനഃപരിശോധന ഹരജി നൽകുന്നതിൽ ബോർഡും സംഘടനാപ്രതിനിധികളും സമവായത്തിൽ എത്താത്തതിനെതുടർന്നാണ് മൂന്ന് മണിക്കൂർ നീണ്ട ചർച്ച പിരിഞ്ഞത്. പന്തളം രാജകുടുംബ പ്രതിനിധികൾ ഇറങ്ങിപ്പോയി. ഹരജിക്കാര്യം 19ന് ബോർഡ് യോഗം പരിഗണിക്കാമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ പറഞ്ഞു. തന്ത്രി സമാജം, പന്തളം കൊട്ടാരം, അയ്യപ്പസേവാ സംഘം, അയ്യപ്പ സേവാ സമാജം, ശബരിമല തന്ത്രിമാർ, താഴമൺ കുടുംബം, യോഗക്ഷേമ സഭ എന്നിവരുടെ പ്രതിനിധികളാണ് എത്തിയത്.
ബോർഡ് ചൊവ്വാഴ്ചതന്നെ പുനഃപരിശോധന ഹരജി നൽകണമെന്ന് സംഘടനാംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, 19ന് ചേരുന്ന യോഗത്തിൽ നിയമവശം പരിശോധിച്ച് ഇക്കാര്യം പരിഗണിക്കാമെന്ന് ബോർഡ് അധികൃതർ പറഞ്ഞു. പുനഃപരിശോധന ഹരജിയില്‍ കോടതിവിധി വരുന്നതുവരെ നിലവിലെ സ്ഥിതി തുടരാമെന്നതിലും ധാരണയായില്ല. ഇതിനെതുടർന്നാണ് ചർച്ച വഴിമുട്ടിയത്. തന്ത്രിമാരായ കണ്ഠരര് മോഹനരര്, കണ്ഠരര് രാജീവരര്, കണ്ഠരര് മഹേഷ് മോഹനരര്, പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡൻറ് ശശികുമാർ വർമ, ശബരിമല അയ്യപ്പ സേവാസമാജം ദേശീയ ജനറൽ സെക്രട്ടറി എൻ. രാജൻ, യോഗക്ഷേമസഭ പ്രസിഡൻറ് വൈക്കം പി.എൻ. നമ്പൂതിരി, അയ്യപ്പസേവാസമാജം സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി, അഖില ഭാരത അയ്യപ്പസേവാസംഘം ജന. സെക്രട്ടറി എൻ. വേലായുധൻ നായർ, അഖില കേരള തന്ത്രി സമാജം പ്രസിഡൻറ് വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ പെങ്കടുത്തു.
ബോർഡിെൻറ നിലപാട് ദുഃഖകരം -പന്തളം രാജകുടുംബാംഗം
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ നിലപാട് ദുഃഖകരമാണെന്ന് പന്തളം രാജകുടുംബാംഗം ശശികുമാരവർമ. റിവ്യൂ ഹരജി നൽകണമെന്നതുൾപ്പെടെ മുന്നോട്ടുെവച്ച ആവശ്യങ്ങളോട് പ്രതീക്ഷിച്ച മറുപടിയല്ല ഉണ്ടായത്. മറ്റ് സംഘടനകളുമായി ആലോചിച്ച് തുടർന്ന് എന്തുവേണമെന്ന് തീരുമാനിക്കും.
വീണ്ടും ചർച്ചക്ക് തയാർ, ബോർഡിന് രാഷ്ട്രീയമില്ല -എ. പത്മകുമാർ
തിരുവനന്തപുരം: ചൊവ്വാഴ്ചതന്നെ പുനഃപരിശോധന ഹരജി നൽകണമെന്ന പിടിവാശികൊണ്ടാണ് ചര്‍ച്ച ഫലം കാണാതെ പോയത്. ഇൗ വിഷയത്തിൽ 24 പുനഃപരിശോധന ഹരജികൾ പലരും നൽകിയിട്ടുണ്ട്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ നടത്തിക്കൊണ്ടുപോകണം എന്ന് തന്നെയാണ് ബോർഡ് നിലപാട്. ശബരിമലയിൽ ഇടപെടുന്ന എല്ലാസംഘടനകളും ഒരുമിച്ചുനിന്ന് പരിഹാരം കാണണം. ബോർഡിന് രാഷ്ട്രീയമില്ല, രാഷ്ട്രീയ നാടകത്തിനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.