എരുമേലിയില്‍ അയ്യപ്പഭക്തര്‍ എത്തിത്തുടങ്ങി
text_fieldsഎരുമേലി: ശബരീശനെ കണ്ട് വണങ്ങി അനുഗ്രഹം വാങ്ങാന്‍ ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് പോകുന്ന അയ്യപ്പഭക്തര്‍ വാവര്‍സ്വാമിയെ കാണാനും പേട്ടതുള്ളാനും എരുമേലിയില്‍ എത്തിത്തുടങ്ങി. മണ്ഡലകാല മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകുന്നേരം ശബരിമലയില്‍ നട തുറക്കും. ഇതിന് മുന്നോടിയായി തിങ്കളാഴ്ച രാവിലെയോടെ ഇടത്താവളമായ എരുമേലിയില്‍ ശരണംവിളി മുഴങ്ങി. എരുമേലിയില്‍ എത്തുന്ന അയ്യപ്പഭക്തരെ സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡ്, ത്രിതല പഞ്ചായത്ത്, ജമാഅത്ത്, വിവിധ ഹൈന്ദവസംഘടനകളും തയാറായിക്കഴിഞ്ഞു.
തീര്‍ഥാടകര്‍ എത്തിത്തുടങ്ങിയതോടെ എരുമേലിയില്‍ താല്‍ക്കാലിക ഹോട്ടലുകളും കടകളും വാഹനങ്ങള്‍ പാര്‍ക്ക്ചെയ്യാന്‍ മൈതാനങ്ങള്‍, ശൗചാലയംഎന്നിവയും പ്രവര്‍ത്തിച്ചുതുടങ്ങി. സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകളും ചൊവ്വാഴ്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. എരുമേലിയില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ സഹായങ്ങളുമായി പൊലീസ്, റവന്യു, വാഹന വകുപ്പ്, കെ.എസ്.ആര്‍.ടി.സി, ഫയര്‍ഫോഴ്സ്, ആശുപത്രി തുടങ്ങിയവ തയാറായതായും അധികൃതര്‍ പറയുന്നു. എന്നാല്‍ മണ്ഡല - മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് എരുമേലിയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നടത്തിയ യോഗങ്ങള്‍ ഇത്തവണ വൈകിയതില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിരുന്നു.
എരുമേലിയില്‍ തീര്‍ഥാടകര്‍ എത്തിത്തുടങ്ങിയ ശേഷവും പല പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനായിട്ടില്ല. തിങ്കളാഴ്ച വൈകീട്ട് കൂരിരുട്ടിലൂടെ തീര്‍ഥാടകര്‍ പേട്ടതുള്ളി നീങ്ങുന്ന കാഴ്ചയാണ് എരുമേലിയില്‍ കാണാന്‍ കഴിഞ്ഞത്. തീര്‍ഥാടകരുടെ തിരക്ക് അനുഭവപ്പെടുന്നയിടങ്ങളില്‍ മോഷണവും മറ്റ് കുറ്റക്യത്യങ്ങളും തടയാന്‍ സി.സി കാമറകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. എരുമേലിയില്‍ സി.സി കാമറകള്‍ അത്യാവശ്യമാണെന്നിരിക്കെ കലക്ടറുടെ ഫണ്ടില്‍ നിന്നും ഇത്തവണ കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം നടക്കുന്നതായി അറിയുന്നു. ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന എരുമേലിയില്‍ ചര്‍ച്ചകളും അവലോകന യോഗങ്ങളും വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും നടത്തിവരുന്ന മുന്നൊരുക്കങ്ങളും അവസാന നിമിഷംവരെ നീട്ടുന്നതും പ്രതിഷേധത്തിന് ഇടവരുത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.