ശബരിമല വ്യാജ ഭക്ഷണബിൽ, ബയോ ടോയ്ലെറ്റ് ക്രമക്കേട്; അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ശബരിമല അതിഥിമന്ദിരത്തിൽ താമസിച്ചവരുടെ പേരിൽ വ്യാജഭക്ഷണ ബില്ലുണ്ടാക്കിയതും ബയോ ടോയ്ലെറ്റ് നിർമാണത്തിലെ ക്രമക്കേടും സംബന്ധിച്ച ആരോപണങ്ങളിൽ നാലുമാസത്തിനകം ദേവസ്വം ബോർഡ് വിജിലൻസ് വിഭാഗം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് ഹൈകോടതി. ദേവസ്വം ബോർഡിനാണ് വിജിലൻസ് റിപ്പോർട്ട് നൽകേണ്ടത്.
തുടർന്ന് സ്പെഷൽ കമീഷണർ മുഖേന ഹൈകോടതിക്ക് കൈമാറണം. വ്യാജ ഭക്ഷണ ബില്ലുകൾ തയാറാക്കി പണം തട്ടിയതും ബോർഡ് വിജിലൻസ് വിങ്ങിലെ ഉദ്യോഗസ്ഥരെ നീക്കിയെന്നുമുള്ള മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ദേവസ്വം ബെഞ്ച് സ്വമേധയ പരിഗണിച്ച ഹരജിയിലാണ് ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി. ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വിജിലൻസ് വിഭാഗത്തിൽനിന്ന് ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് രണ്ട് എസ്.ഐമാരുൾപ്പെടെ നാലുപേരെ പൊലീസിലേക്ക് മടക്കിയയച്ചതെന്നായിരുന്നു ബോർഡിന്റെയും സർക്കാറിന്റെയും വിശദീകരണം. ചീഫ് വിജിലൻസ് ഓഫിസറുടെ കാലാവധി മാർച്ച് 31ന് കഴിയുമെന്നും വ്യക്തമാക്കി. എന്നാൽ, ബോർഡിന്റെ വിജിലൻസ് വിഭാഗത്തിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി രണ്ടു മാസത്തിനകം ഡി.ജി.പിയിൽനിന്ന് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക വാങ്ങണമെന്ന് കോടതി നിർദേശിച്ചു.
രണ്ടാഴ്ചക്കകം മതിയായ ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവിറക്കണം. ചീഫ് വിജിലൻസ് ഓഫിസറെ നിയമിക്കാനുള്ള ബോർഡിന്റെ അപേക്ഷ ലഭിച്ചാലുടൻ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനിൽ നിയമിക്കണം. ചീഫ് വിജിലൻസ് ഓഫിസർ ഉൾപ്പെടെ ബോർഡിന്റെ വിജിലൻസ് വിങ്ങിൽ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. നിയമനങ്ങളുടെ വിവരങ്ങൾ കോടതിയെ അറിയിക്കണം. നിലവിലുള്ള കേസുകളുടെ തൽസ്ഥിതി സംബന്ധിച്ച് ആറുമാസത്തിലൊരിക്കൽ ചീഫ് വിജിലൻസ് ഓഫിസർ സ്പെഷൽ കമീഷണർ മുഖേന ദേവസ്വം ബെഞ്ചിൽ റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.