ശബരിമല തീർഥാടകരുടെ സുരക്ഷ :വനം വകുപ്പ് നാടുകടത്തിയത് 75 പന്നികളെ; പിടികൂടിയത് 61 പാമ്പുകളെ
text_fieldsശബരിമല: തീർഥാടകർക്ക് സുരക്ഷ ഒരുക്കുന്നതിന്‍റെ ഭാഗമായി വനംവകുപ്പ് ശബരിമലയില്‍നിന്ന് നാടുകടത്തിയത് 75 പന്നികളെ. 61 പാമ്പുകളെ പിടികൂടുകയും ചെയ്തു. മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്പ് തന്നെ 75 പന്നികളെയും പിടികൂടി മാറ്റി. വലിയ കൂടുകളില്‍ പിടികൂടിയ പന്നികളെ ഗവി ഉള്‍പ്പെടെ സ്ഥലങ്ങളിലാണ് തുറന്നുവിട്ടത്.
ഇടത്താവളങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എലിഫന്റ് സ്‌ക്വാഡ്, സ്‌നേക് സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങളില്‍ പ്രത്യേകം ട്രെയിനിങ് ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്. എരുമേലി, പുല്‍മേട് തുടങ്ങിയ കാനനപാതകളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഉപകരണങ്ങളുമായാണ് സദാസമയവും വനംവകുപ്പിന്‍റെ നിരീക്ഷണം.
വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ ഇവ ചെറുക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും സജ്ജമാണ്. ഇതിന് പുറമെ, രാത്രിയില്‍ വനാതിര്‍ത്തികളില്‍ പ്രത്യേക സ്‌ക്വാഡുകളുടെ സുരക്ഷ പട്രോളിങ്ങും നടത്തുന്നുണ്ട്. കുരങ്ങ്, മലയണ്ണാന്‍ തുടങ്ങിയ വന്യജീവികള്‍ക്ക് ഭക്ഷണപദാർഥങ്ങള്‍ നല്‍കരുതെന്ന് അയ്യപ്പഭക്തരോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അഭ്യർഥിക്കുന്നു.
ഡ്രോണ്‍ നിരീക്ഷണം
സന്നിധാനത്തും പരിസരത്തും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തി. പമ്പ, നിലക്കല്‍, പാണ്ടിത്താവളം സന്നിധാന പരിസരം എന്നിവിടങ്ങളിലാണ് ഡ്രോണ്‍ ഉപയോഗിച്ച് പൊലീസ് തിങ്കളാഴ്ച നിരീക്ഷിച്ചത്. പാണ്ടിത്താവളത്തില്‍നിന്ന് ഉയര്‍ന്നുപൊങ്ങിയ ഡ്രോണ്‍ വനഭാഗങ്ങള്‍ ഉള്‍പ്പെടെ കാമറയില്‍ പകര്‍ത്തി. 120 മീറ്റര്‍ ഉയരത്തില്‍ പറന്ന് 900 മീറ്റര്‍ അകലെ വരെയുള്ള ദൃശ്യങ്ങള്‍ ലഭ്യമാക്കിയതായി പൊലീസ് സ്‌പെഷല്‍ ഓഫിസര്‍ കെ. ഹരിശ്ചന്ദ്ര നായിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.