സർക്കാറിന് തുടക്കം മുതൽ പിഴവ്
text_fieldsകോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാറിനു തുടക്കം മുതൽ ജാഗ്രതക്കുറവും തന്ത്രപരമായ പിഴവുകളും. പൊലീസിെൻറ ബുദ്ധിശൂന്യമായ പ്രവൃത്തികൾകൂടി ചേർന്നപ്പോൾ എരിതീയിൽ എണ്ണയൊഴിക്കുന്ന പ്രതീതിയായി. സർക്കാറിനെ അടിക്കാനുള്ള വടി പൊലീസ് ചെത്തിമിനുക്കി കൊടുക്കുന്ന കാഴ്ചക്കു വെള്ളിയാഴ്ച ശബരിമല സാക്ഷ്യംവഹിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ അവസരോചിതമായ ഇടപെടൽമൂലം ഒരു ആസൂത്രിത കലാപം ഒഴിവായി.
പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ ദർശനം നടത്താമെന്നും അവരെ തടയാൻ പാടില്ലെന്നുമാണ് പരമോന്നത നീതിപീഠത്തിെൻറ വിധി. വിധിയെ ആദ്യം സ്വാഗതം ചെയ്തവർ പിന്നീട് നിലപാട് മാറ്റി. കേസിെൻറ പ്രാരംഭം മുതൽ സ്ത്രീപ്രവേശനത്തിനു അനുകൂല നിലപാട് സ്വീകരിച്ച ആർ.എസ്.എസ് കേരള ബി.ജെ.പിയുടെ സമ്മർദത്തെ തുടർന്നു മലക്കം മറിഞ്ഞു. കോൺഗ്രസ് ദേശീയ നേതൃത്വം വിധി സ്വാഗതം ചെയ്തപ്പോൾ പാർട്ടി പതാക ഇല്ലാതെ കോൺഗ്രസുകാർ സമരത്തിൽ പങ്കുചേർന്നു. തീവ്രസമരത്തിനു രാഹുൽഗാന്ധി അനുമതി നൽകിയതുമില്ല.
വിധി വന്നപ്പോൾ കടുത്ത ആശയക്കുഴപ്പത്തിലായിരുന്നു കോൺഗ്രസും ബി.ജെ.പിയും. ഈ ഘട്ടത്തിൽ സർവകക്ഷി യോഗം വിളിക്കാനുള്ള സാമാന്യബുദ്ധി സർക്കാർ കാണിച്ചിരുന്നെങ്കിൽ രാഷ്ട്രീയ മുതലെടുപ്പിന് ബി.ജെ.പിക്ക് അവസരം ലഭിക്കില്ലായിരുന്നു. ദേവസ്വം ബോർഡ്, തന്ത്രിമാർ, പന്തളം കൊട്ടാരം പിന്തുടർച്ചക്കാർ, എൻ.എസ്.എസ്, എസ്.എൻ.ഡി.പി തുടങ്ങി വരുമായി യോഗവും യഥാസമയം സർക്കാർ വിളിച്ചില്ല. സമയം തെറ്റി വിളിച്ചപ്പോൾ ക്ഷണിക്കപ്പെട്ടവർ വിസമ്മതിക്കുകയും ചെയ്തു. വിധി വന്ന ഉടനെ അതു നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായത്. വലിയ രീതിയിലുള്ള പ്രകോപനത്തിന് അത് ഇടവരുത്തി. പരിവാർ കക്ഷികൾക്ക് വളമാവുകയും ചെയ്തു.
യു.ഡി.എഫ് സർക്കാറിൽനിന്ന് വിരുദ്ധമായ സമീപനം എൽ.ഡി.എഫ് സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ചെങ്കിലും സ്ത്രീ പ്രവേശനം അനുവദിക്കാനാവില്ലെന്ന നിലപാടിൽ ദേവസ്വം ബോർഡ് മാറ്റം വരുത്തിയിരുന്നില്ല. അതിനാൽ, പുനഃപരിശോധന ഹരജി നൽകുന്നതിനു ബോർഡിനു ഒരു നിയമ തടസ്സവുമുണ്ടായിരുന്നില്ല. എന്നാൽ, സർക്കാർ അനുമതി നൽകിയില്ല. ഹരജിയെക്കുറിച്ചു ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞപ്പോഴെല്ലാം സർക്കാർ കണ്ണുരുട്ടി. ഒടുവിൽ കാര്യങ്ങൾ പിടിവിട്ടു പോകുമെന്നായപ്പോഴാണ് അനുമതി കൊടുത്തത് .
സ്ത്രീകളടക്കം ശബരിമലയിൽ എത്തുന്ന എല്ലാവർക്കും സുരക്ഷ ഒരുക്കുമെന്ന് സർക്കാർ പറഞ്ഞതല്ലാതെ അതിന് നടപടികൾ യഥാസമയം സ്വീകരിച്ചില്ല. നിലക്കലിൽ വാഹനം തടഞ്ഞ് ആളുകളെ പിടിച്ചിറക്കിയപ്പോൾ ആദ്യദിവസം പൊലീസ് ഉണ്ടായിരുന്നില്ല. നട തുറന്ന ദിവസം മാധ്യമ പ്രവർത്തകർ ആക്രമിക്കപ്പെട്ടപ്പോൾ സുരക്ഷ നൽകാനും ഉണ്ടായിരുന്നില്ല. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് അക്രമികൾ നിലക്കലിലും പമ്പയിലും എത്തിയത് തടയാനും പൊലീസിനു കഴിഞ്ഞില്ല.
ക്രമസമാധാന പാലനത്തിൽ പരാജയപ്പെട്ട പൊലീസ് വെള്ളിയാഴ്ച രണ്ടു സ്ത്രീകളെ വൻസുരക്ഷയിൽ സന്നിധാനത്തെത്തിക്കാൻ നടത്തിയ ശ്രമം വിമർശനത്തിനു കാരണമായി. ഇതിെൻറ പിന്നിൽ ഗൂഢാലോചന നടന്നതായി സംശയം ഉയർന്നിട്ടുണ്ട്. പൊലീസിെൻറ നടപടിയെ ദേവസ്വം മന്ത്രി കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ശബരിമലയിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്ന വനിതകളെ പൊലീസ് കൊണ്ടു പോയി തൊഴുവിക്കണമെന്നു കോടതി പറഞ്ഞിട്ടില്ല. ആന്ധ്രയിൽനിന്നുള്ള വനിതയെ പൊലീസിെൻറ ജാക്കറ്റും ഹെൽമറ്റും ധരിപ്പിച്ച് ഐ.ജിയുടെ നേതൃത്വത്തിൽ കൊണ്ടുപോയതിൽ ചട്ടലംഘനമുണ്ട്. കറുത്ത വസ്ത്രം ധരിച്ചു ഇരുമുടിക്കെട്ടുമായി വന്ന രഹന ഫാത്തിമ ആക്ടിവിസ്റ്റും കിസ് ഓഫ് ലവിെൻറ പ്രവർത്തകയും ആണെന്നറിഞ്ഞിട്ടും പൊലീസ് എന്തിനവരെ സഹായിച്ചു എന്ന ചോദ്യം സർക്കാരിനു തലവേദനയായിട്ടുണ്ട്.
പമ്പയിൽനിന്ന് അവർ പുറപ്പെടുന്നതു മുതൽ ചാനലുകളിൽ രണ്ടര മണിക്കൂറോളം ലൈവ് ഉണ്ടായിട്ടും നടപ്പന്തലിൽ എത്തുംവരെ സംഘ്പരിവാറുകാർ തടയാൻ എത്തിയില്ല എന്നതു ദുരൂഹമാണ്. ആർ.എസ്.എസുകാരല്ല, അയ്യപ്പന്മാരാണ് അവരെ തടഞ്ഞത്. അവർ പതിനെട്ടാംപടി ചവിട്ടുന്ന സാഹചര്യം ഉണ്ടായാൽ അതു വലിയ പ്രത്യാഘാതം സൃഷ്ടിക്കുമായിരുന്നു. വലിയ കലാപനീക്കം തിരിച്ചറിഞ്ഞാണ് താൻ ഇടപെട്ടതെന്നും കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കാൻ ഗൂഢാലോചന നടന്നതായി സംശയിക്കണമെന്നും ദേവസ്വം മന്ത്രി വെളിപ്പെടുത്തിയതിൽ എല്ലാം അടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.