ശബരിമലയിൽ നിയന്ത്രണങ്ങൾ അനിവാര്യമെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: സുപ്രീം കോടതി വിധി നടപ്പാക്കാനും സമാധാനപരമായ തീർഥാടനവും ദർശനവും ശബരിമലയുടെ സുരക്ഷയും ഉറപ്പാക്കാനും നിയന്ത്രണങ്ങൾ അനിവാര്യമെന്ന് ഹൈകോടതിയിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ സത്യവാങ്മൂലം. പ്രായമായവരും സ്ത്രീകളും കുട്ടികളും ഭിന്നശേഷിക്കാരും രോഗികളുമായവർക്ക് കുറച്ചുനേരം വിശ്രമത്തിന് അനുവദിക്കാമെന്നല്ലാതെ ശബരിമല നടപ്പന്തൽ വിശ്രമ സ്ഥലമാക്കി മാറ്റാൻ അനുവദിക്കരുതെന്ന് സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു. ശബരിമലയിലെ നിയന്ത്രണങ്ങൾക്കെതിരായ ഹരജികളിൽ കോടതി നിർദേശപ്രകാരമാണ് ഡി.ജി.പി സത്യവാങ്മൂലം നൽകിയത്.
സന്നിധാനത്ത് വിരിവെക്കാൻ പ്രത്യേക സ്ഥലമുണ്ടായിട്ടും നടപ്പന്തലിൽ തങ്ങണമെന്ന് ചിലർ വാശിപിടിക്കുന്നത് ഗൂഢ ലക്ഷ്യത്തോടെയാണ്. തീർഥാടകർക്ക് അനുവദിച്ച സ്ഥലത്ത് ഒരു ദിവസത്തിനപ്പുറം തങ്ങാൻ അനുവദിക്കരുത്. അതിസുരക്ഷ മേഖലയിലും തങ്ങാൻ അനുമതി നൽകരുത്. ഭക്തരുടെ വേഷമിട്ട് എത്തുന്ന പ്രതിഷേധക്കാരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. സുപ്രീം കോടതി വിധിയെത്തുടർന്ന് സ്ത്രീ സുരക്ഷക്ക് പ്രത്യേക പദ്ധതി തയാറാക്കി മുദ്രവെച്ച കവറിൽ ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു. സഹായം തേടുന്ന വനിതകളായ ഭക്തർക്ക് പൂർണ സംരക്ഷണം ഉറപ്പാക്കുമെന്നും അറിയിച്ചിരുന്നു. സുപ്രീം കോടതി വിധിയിൽ പ്രതിഷേധം കടുത്തതോടെയാണ് നവംബർ 15 മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിലക്കലിലും പമ്പയിലും പ്രതിഷേധക്കാർക്കെതിരെ നടപടിയെടുത്തതോടെ പ്രതിഷേധം നടപ്പന്തലിലേക്ക് മാറ്റുകയായിരുന്നു.
പ്രതിഷേധങ്ങളും നിയമവിരുദ്ധ സംഘം ചേരലും തടയാൻ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഭക്തർക്ക് ബാധകമല്ല. ഒറ്റക്കോ കൂട്ടമായോ എത്തുന്ന യഥാർഥ ഭക്തർക്കും അവരുടെ വാഹനങ്ങൾക്കും തടസ്സമില്ല. ഭക്തർ ശരണം വിളിക്കുന്നതിനെതിരെ നടപടിയെടുക്കില്ല. നടപ്പന്തലിൽ വിശ്രമം തടയാൻ വെള്ളം തളിച്ചു എന്ന പ്രചാരണം മതവികാരം ഇളക്കിവിടാനാണ്. വെള്ളം തളിക്കാനുള്ള സംവിധാനം പൊലീസിനില്ല.
സോപാനം, താഴെ തിരുമുറ്റം, നടപ്പന്തൽ, മാളികപ്പുറം ക്ഷേത്ര സമുച്ചയം എന്നിവിടങ്ങൾ കഴുകി വൃത്തിയാക്കുന്നത് ഫയർ ഫോഴ്സാണ്. നടയടക്കുന്ന ഉച്ചനേരത്താണ് ഇൗ വൃത്തിയാക്കൽ. രണ്ടുമണിക്കൂറിനകം ഉണങ്ങും. നവംബർ 15ന് ചളിയും പൊടിയും നീക്കാൻ സദുദ്ദേശ്യപരമായാണ് വെള്ളമൊഴിച്ച് ശുചീകരിച്ചത്. വിരിെവക്കുന്ന സ്ഥലത്ത് ദുരുദ്ദേശ്യപരമായി വെള്ളം ഒഴിച്ചിട്ടില്ല.തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവന്നിട്ടില്ല. വലിയ തിരക്കുള്ളപ്പോേഴ നിയന്ത്രണത്തിെൻറ ആവശ്യമുള്ളൂവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.