തിരുവല്ലയിൽ നിർമാണം തുടങ്ങിയ ശബരിമല ഇടത്താവളം; പണി എങ്ങുമെത്തിയില്ല
text_fieldsതിരുവല്ല: മണ്ഡല മകരവിളക്ക് തീർഥാടനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഏഴുവർഷം മുമ്പ് തിരുവല്ലയിൽ നിർമാണം തുടങ്ങിയ ശബരിമല ഇടത്താവളത്തിന്റെ പണി എങ്ങുമെത്തിയില്ല. രണ്ട് വർഷം മുമ്പ് മണ്ണ് പരിശോധനയും ഭാരപരിശോധനയും നടത്തിയ ശേഷം പദ്ധതി പാടെ നിലച്ച മട്ടിലാണ്.
75 ലക്ഷം രൂപക്ക് തിരുവല്ല നഗരസഭ കരാർ നൽകിയ പദ്ധതിയിൽ ഇതുവരെ നടന്നത് മണ്ണ്, പൈലിങ്, ഭാര പരിശോധനകൾ മാത്രം. ഇതിൽ ഭാരപരിശോധന നേരത്തേയുള്ള പദ്ധതിയിലോ കരാറിലോ ഇല്ലായിരുന്നു. അത് നടത്തിയ വകയിൽ കരാറുകാരന് ആറുലക്ഷം രൂപ ചെലവായി. പദ്ധതിയിൽ ഇല്ലാത്തതിനാൽ ഇത് നടത്തിയതിന് സർക്കാറിന്റെ അനുമതിയും ലഭിക്കണം
പത്ത് സെന്റ് ഭൂമി കാത്തുകിടക്കുന്നു
തിരുവല്ല-കുമ്പഴ റോഡിന് അരികിൽ തിരുവല്ല നഗരസഭ മൈതാനിയിൽ ഉൾപ്പെട്ട 10 സെന്റ് സ്ഥലമാണ് ഇടത്താവളത്തിന് കണ്ടെത്തിയത്. എല്ലാ വർഷവും ഇവിടെ താൽക്കാലിക ഇടത്താവളം പ്രവർത്തിക്കുന്നുണ്ട്. 600 ചതുരശ്ര അടിയിൽ രണ്ട് നിലകളുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
താഴത്തെ നിലയിൽ ഭക്ഷണശാല, സ്റ്റോർ, എട്ട് ശൗചാലയം എന്നിവയും മുകളിലത്തെ നിലയിൽ വിരിവെക്കാൻ സൗകര്യവും ഉൾപ്പെടുത്തി. പദ്ധതിക്ക് അനുവദിച്ച 75 ലക്ഷത്തിൽ 30 ലക്ഷം രൂപ നഗരസഭയുടേതാണ്. ശബരിമല ഇടത്താവള അടിസ്ഥാന സൗകര്യത്തിന് സർക്കാർ എല്ലാ വർഷവും നൽകുന്ന തുകയിൽ ബാക്കിവന്ന 45 ലക്ഷം രൂപയും ചേർത്താണ് കെട്ടിടം നിർമിക്കുന്നത്.
പദ്ധതി നടന്നില്ലെങ്കിൽ പണം നഷ്ടം
സർക്കാർ അനുവദിക്കുന്ന തുക ഇടത്താവള ആവശ്യത്തിന് മാത്രമേ ചെലവഴിക്കാൻ പാടുള്ളൂവെന്ന നിയമമുള്ളതിനാൽ പദ്ധതി നടക്കാതെ പോയാൽ പണം നഷ്ടമാകും. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2012-13 മുതലാണ് ശബരിമല തീർഥാടകർക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കാൻ പണം അനുവദിച്ചത്.
അന്ന് തിരുവല്ല, ചെങ്ങന്നൂർ നഗരസഭകൾക്ക് 15 ലക്ഷം വീതമാണ് നൽകിയത്. തിരുവല്ലയിൽ പണം മുഴുവൻ ഉപയോഗിക്കാതെ വന്നതോടെ 15 എന്നത് 10 ലക്ഷമാക്കി. എന്നാൽ, ചെങ്ങന്നൂരിന്റെ വിഹിതം 15ൽനിന്ന് 25 ലക്ഷമായി ഉയർത്തുകയും ചെയ്തു. ശബരിമല തീർഥാടനത്തിന് നാട് മുഴുവൻ ഒരുങ്ങുമ്പോൾ ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷന് സമീപം നിർമിക്കേണ്ട സ്ഥിരം ഇടത്താവളത്തോട് നഗരസഭ കാട്ടുന്ന അവഗണക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
താൽക്കാലിക ഇടത്താവളത്തിന്റെ ടെൻഡർ എവിടെ?
അതേസമയം, താൽക്കാലിക ഇടത്താവളത്തിന്റെ ടെൻഡർ നടപടിപോലും ഇതേവരെ പൂർത്തിയായിട്ടില്ല. 15ാം തീയതി ടെൻഡർ വിളിക്കും എന്നാണ് നഗരസഭ അറിയിച്ചത്. അങ്ങനെ വന്നാൽ മണ്ഡലകാലം ആരംഭിച്ച് ഒരാഴ്ചയെങ്കിലും പിന്നിടാതെ പ്രവർത്തനം ആരംഭിക്കാൻ സാധ്യതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.