ശബരിമല തീർഥാടകരുടെ പോക്കറ്റടിച്ച് റെയിൽവേ
text_fieldsതിരുവനന്തപുരം: ശബരിമല തീർഥാടകർ ഏറ്റവുമധികം ആശ്രയിക്കുന്ന കോട്ടയം, െചങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കിൽ റെയിൽവേയുടെ പകൽകൊള്ള. നിലവിൽ 10 രൂപയായിരുന്ന നിരക്ക് 20 ആയാണ് ഉയർത്തിയത്. ഡിസംബർ ഒന്നുമുതൽ 20 വരെയാണ് പുതിയ നിരക്ക് ഇൗടാക്കുന്നത്. മണ്ഡലകാലത്ത് റെയിൽവേ ഏർപ്പെടുത്തിയ ക്രമീകരണങ്ങളുടെ ഗുണഫലം തീർഥാടകർക്ക് ലഭിക്കുന്നതിനാണ് ചാർജുയർത്തിയതെന്നാണ് റെയിൽവേയുടെ വിശദീകരണം.
അതേസമയം യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിന് നിരക്കുയർത്തി പിഴിയണോ എന്ന ചോദ്യത്തിന് മറുപടിയില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം ട്രെയിൻ മാർഗമെത്തുന്നവർ ആശ്രയിക്കുന്ന സ്റ്റേഷനുകളാണ് ചെങ്ങന്നൂരും കോട്ടയവും. ഇവിടെ എത്തി പ്ലാറ്റ്ഫോമിൽ വിശ്രമിച്ച ശേഷമാണ് തീർഥാടകർ പമ്പയിലേക്ക് പോകുന്നത്. മടക്കയാത്രയിലും ഇതേരീതി തന്നെ. യാത്ര ടിക്കറ്റിെൻറ സമയപരിധി കഴിഞ്ഞും വിശ്രമിക്കേണ്ട സാഹചര്യത്തിൽ പ്ലാറ്റ്ഫോം ടിക്കറ്റാണ് തീർഥാടകർ ആശ്രയിക്കുന്നത്. ഇൗ സാഹചര്യത്തിലാണ് നിരക്കുയർത്തൽ ഇരുട്ടടിയാകുന്നത്.
മണ്ഡലകാലത്ത് തീർഥാടകർക്കായി കഴുത്തറുപ്പൻ നിരക്കുള്ള സ്പെഷൽ ഫെയർ ട്രെയിനുകളും സുവിധ സർവിസുകളും ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പ്ലാറ്റ്ഫോം ടിക്കറ്റിെൻറ പേരിലെ അധിക ചാർജ്. മുൻ വർഷങ്ങളിൽ സാധാരണ നിരക്കുള്ള സ്പെഷൽ സർവിസുകൾ നടത്തിയിരുന്നു. ഇക്കുറി ആകെയുള്ള അറുപതോളം ശബരി സർവിസുകളിൽ 30ഉം തൽക്കാൽ നിരക്ക് മാത്രമുള്ള സ്പെഷൽ ട്രെയിനുകളും 40 ശതമാനം വരെ അധിക ചാർജീടാക്കുന്ന 16 സുവിധ സർവിസുകളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.