ശബരിമലയിലെ അക്രമ സംഭവങ്ങളിൽ നിശബ്ദത പാലിക്കുന്നു; നിരീക്ഷണ സമിതിക്കെതിരെ സർക്കാർ
text_fieldsകൊച്ചി: ‘മനിതി’ സംഘത്തിന് നിലക്കലിൽനിന്ന് പമ്പയിലേക്ക് പോകാൻ സ്വകാര്യവാഹനം അനുവദിച്ചില്ലായിരുന്നെങ്കിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമായിരുന്നെന്ന് സർക്കാർ ഹൈകോടതിയിൽ. അവരുടെ സുരക്ഷയെ കരുതിയാണ് സ്വകാര്യ വാഹനം അനുവദിച്ചത്. ശബരിമലയിൽ ചിലർക്ക് വ്യക്തിപരമായി പൊലീസ് സംരക്ഷണം നൽകേണ്ടതില്ലെന്ന നിരീക്ഷണ സമിതിയുടെ നിർദേശം നിയമപരമല്ലെന്നും യുവതികൾ സംരക്ഷണം തേടിയാൽ നൽകാൻ ബാധ്യതയുണ്ടെന്നിരിക്കെ സമിതി നിർദേശം പാലിക്കുന്നത് സുപ്രീം കോടതി വിധിക്ക് എതിരാകുമെന്നും പത്തനംതിട്ട എസ്.പി ടി. നാരായണൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ശബരിമല നിരീക്ഷണസമിതി നൽകിയ റിപ്പോർട്ടിന് മറുപടിയായാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
‘മനിതി’ സംഘത്തിന് സ്വകാര്യവാഹനം അനുവദിച്ചത് നിലക്കൽ - പമ്പ റൂട്ടിൽ സ്വകാര്യവാഹനം അനുവദിക്കരുതെന്ന ഹൈകോടതി ഉത്തരവിെൻറ ലംഘനമാണെന്നായിരുന്നു നിരീക്ഷണ സമിതിയുടെ റിപ്പോർട്ട്. കേരളത്തിലെത്തിയ ‘മനിതി’ സംഘത്തിെൻറ വാഹനത്തിന് അതിർത്തി മുതൽ മത, വർഗീയ വാദികളുടെയും ശബരിമലയിലെ യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെയും ആക്രമണങ്ങൾ നേരിടേണ്ടി വന്നതായി സത്യവാങ്മൂലത്തിൽ പറയുന്നു. സംഘം നിലക്കലിൽ ഇറങ്ങി കെ.എസ്.ആർ.ടി.സി ബസിൽ പമ്പക്ക് പോയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് ഇൻറലിജൻസ് റിപ്പോർട്ടുമുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് നിലക്കലിലെ സ്പെഷൽ ഒാഫിസർ സ്വകാര്യ വാഹനം പമ്പയിലേക്ക് അനുവദിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് സർക്കാറിെൻറ അനുമതിയോടെയായിരുന്നു തീരുമാനം. ഹൈകോടതിയെ അപമാനിക്കാനും ഉത്തരവ് ലംഘിക്കാനും ഉദ്ദേശിച്ചിട്ടില്ല.
സുപ്രീം കോടതി വിധിയനുസരിച്ച് ദർശനത്തിനെത്തുന്ന യുവതികൾ സംരക്ഷണം തേടിയാൽ സുരക്ഷ ഉറപ്പാക്കാൻ പൊലീസിന് ബാധ്യതയുണ്ട്. വ്യക്തിപരമായ സംരക്ഷണം പാടില്ലെന്ന ശിപാർശ അതിനാൽ അംഗീകരിക്കാനാവില്ല. സാധാരണ ഭക്തരുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന വാദം നിലനിൽക്കില്ല. ഇത്തരം കാര്യങ്ങളിൽ പൊലീസിന് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാകണം. യുവതികൾക്ക് സംരക്ഷണം നൽകേണ്ടതില്ലെന്ന തരത്തിലെ ശിപാർശ നിരീക്ഷണ സമിതിക്ക് മുന്നോട്ടുവെക്കാനാവില്ല. ബിന്ദുവിനെയും കനകലതെയയും കൂടാതെ ജനുവരി നാലിന് മറ്റൊരു യുവതിയും പതിനെട്ടാംപടി ചവിട്ടി ദർശനം നടത്തി മടങ്ങിയിട്ടുണ്ട്. യഥാർഥ ഭക്തരാരും ഇവരെ തടഞ്ഞില്ല. ഭക്തരെന്ന വ്യാജേന എത്തിയിരുന്ന പ്രതിഷേധക്കാരാണ് നേരേത്ത പ്രശ്നങ്ങളുണ്ടാക്കിയതെന്നതിന് തെളിവാണിത്.
ഇത്തരക്കാർ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും അക്രമങ്ങളെക്കുറിച്ചും നിരീക്ഷണ സമിതിയുടെ റിപ്പോർട്ട് മൗനം പാലിക്കുന്നതായും സത്യവാങ്മൂലത്തിൽ പറയുന്നു. ഇത്തരം സംഭവങ്ങളെക്കുറിച്ചുകൂടി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിക്കണമെന്നും പ്രതിഷേധങ്ങള്‍ പാടില്ലെന്ന ഹൈകോടതിവിധി ലംഘിച്ച ഇത്തരം അക്രമികൾക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.