ശബരിമല പ്രതിഷേധ നാശനഷ്ടം: ക്ലെയിം കമീഷണറെ നിയമിക്കുമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നല്കാന് ക്ലെയിം കമീഷണറെ നിയമിക്കുമെന്ന് ഹൈകോടതി. കമീഷൻ രൂപവത്കരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകാൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ൈഹകോടതി രജിസ്ട്രാര്‍ ജനറലിന് നിര്‍ദേശം നല്കി.
കമീഷന് തലപ്പത്ത് സിറ്റിങ് ജഡ്ജിയാണോ വിരമിച്ച ജഡ്ജിയാണോ വേണ്ടതെന്നതടക്കം അറിയിക്കാനാണ് നിർദേശം. രണ്ട് സ്ത്രീകൾ ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ നടത്തിയ ഹര്‍ത്താലിലുണ്ടായ നഷ്ടങ്ങൾക്ക് ഉത്തരവാദികളായ ശബരിമല കര്‍മസമിതി, ബി.ജെ.പി, ആർ.എസ്.എസ്, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടെ നേതാക്കളില്‍നിന്ന് നഷ്ടം ഈടാക്കി നൽകണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന് അടക്കം നല്കിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
ഹര്‍ത്താലില്‍ 99 ബസുകള്‍ തകര്‍ക്കപ്പെട്ടതിലൂടെ 3.35 കോടിയുടെ നഷ്ടമുണ്ടായതായി കെ.എസ്.ആർ.ടി.സിയും ചൂണ്ടിക്കാട്ടിയിരുന്നു. നഷ്ടം കണക്കാക്കി ഈടാക്കാന്‍ സിറ്റിങ്ങ് സുപ്രീം കോടതി, ഹൈകോടതി ജഡ്ജിമാരുടെ നേതൃത്വത്തില്‍ ക്ലെയിം കമീഷന് രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പൊതുഖജനാവിനും സ്വകാര്യവ്യക്തികള്‍ക്കും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായ സാഹചര്യത്തിൽ ക്ലെയിം കമീഷണറെ അടിയന്തരമായി നിയമിക്കണമെന്നായിരുന്നു സർക്കാർ നിലപാട്.
തുടർന്നാണ് ഇതിന് അനുകൂലമായി കോടതി നിരീക്ഷണമുണ്ടായത്. അക്രമങ്ങളിലെ നഷ്ടം കണക്കാക്കാന്‍ അസസര്മാരെ നിയമിക്കുന്നതിലും അവരെ സഹായിക്കാനുള്ള ജീവനക്കാരുടെ കാര്യത്തിലും നിലപാട് അറിയിക്കാന്‍ സര്‍ക്കാര്‍ അടക്കമുള്ള കക്ഷികള്‍ക്ക് കോടതി നിര്‍ദേശം നല്കി. തുടർന്ന് കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.