മന്ത്രി കടകംപള്ളിക്ക് മൂന്നിടത്ത് ബി.ജെ.പിയുടെ കരിെങ്കാടി
text_fieldsപട്ടാമ്പി/പാലക്കാട്: ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുനേരെ ബി.ജെ.പി, യുവമോര്‍ച്ച പ്രവർത്തകർ പാലക്കാട് നഗരത്തിലും എലപ്പുള്ളിയിലും പട്ടാമ്പിയിലും കരിങ്കൊടി വീശി.മേലെ പട്ടാമ്പിയിൽ സഹകരണസംഘം അസി. രജിസ്ട്രാർ ഓഫിസ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാരാർജി സ്മൃതി മന്ദിരത്തിൽനിന്ന് പുറപ്പെട്ട പ്രകടനം പട്ടാമ്പി ഹൈസ്കൂൾ പരിസരത്ത് പൊലീസ് തടഞ്ഞു. ബി.ജെ.പി പ്രതിഷേധത്തിൽ എതിർപ്പുമായി സി.പി.എം പ്രവർത്തകരെത്തിയെങ്കിലും നേതാക്കൾ ഇടപെട്ടതിനാൽ സംഘർഷം ഒഴിവായി. തുടർന്നു നടന്ന യോഗം നിയോജക മണ്ഡലം പ്രസിഡൻറ് കെ.എം. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
പാലക്കാട് നഗരത്തില്‍ യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി സജു, മണ്ഡലം പ്രസിഡൻറ് അനീഷ് മുരുകന്, സെക്രട്ടറി കണ്ണന് കോഴിപറമ്പ് എന്നിവരുടെ നേതൃത്വത്തിലും എലപ്പുള്ളി പാറയില്‍ മലമ്പുഴ മണ്ഡലം ജന. സെക്രട്ടറി ദീപക്, സെക്രട്ടറി മുകേഷ്, പ്രവര്‍ത്തകരായ മുകേഷ്, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുമായിരുന്നു കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സർവിസ് സഹകരണ ബാങ്ക് ഉദ്ഘാടനത്തിനായി എലപ്പുള്ളിയിലെത്തിയപ്പോൾ വീണ്ടും പ്രതിഷേധമുയർത്തി.
കർമസമിതി രൂപവത്കരിച്ചു; നാളെ റോഡ് ഉപരോധം
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ അട്ടിമറിക്കുന്നതിനെതിരായ പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനുമായി വിവിധ ഹൈന്ദവ സംഘടനകൾ ചേർന്ന് കർമസമിതി രൂപവത്കരിച്ചു. ശ്രീമൂലം തിരുനാൾ ശശികുമാർ വർമ -പന്തളം രാജകൊട്ടാരം, സ്വാമി ചിദാനന്ദപുരി (രക്ഷാധികാരികൾ), അഡ്വ. ഗോവിന്ദ് കെ. ഭരതൻ (പ്രസി), കെ.പി. ശശികല (വർക്കിങ് പ്രസി), എസ്.ജെ.ആർ. കുമാർ (മുഖ്യസംയോജകൻ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
പ്രക്ഷോഭത്തിെൻറ തുടർച്ചയെന്ന നിലയിൽ ബുധനാഴ്ച സംസ്ഥാന വ്യാപകമായി പ്രധാന കേന്ദ്രങ്ങളിൽ റോഡ് ഉപരോധിക്കും. 200 കേന്ദ്രങ്ങളിലാണ് ഉപരോധം. 11ന് കോട്ടയത്ത് നടക്കുന്ന ഹിന്ദുനേതൃസമ്മേളനത്തിൽ സമരത്തിെൻറ അടുത്തഘട്ടപരിപാടികൾ തീരുമാനിക്കും. 12ന് തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റ് നടയിൽ പന്തളം രാജകൊട്ടാരത്തിെൻറ നേതൃത്വത്തിൽ നടക്കുന്ന നാമജപയജ്ഞത്തിന് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു. 17ന് നിലക്കൽ, എരുമേലി എന്നിവിടങ്ങളിൽ വനിതസംഘടനകളുടെ നേതൃത്വത്തിൽ കൂട്ട ഉപവാസം നടക്കും. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം ഹിന്ദു െഎക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി പ്രക്ഷോഭത്തിന്
കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ ബി.ജെ.പി സമരത്തിന്. എൻ.ഡി.എ നേതൃത്വത്തിൽ ബുധനാഴ്ച പന്തളത്തുനിന്ന് സെക്രേട്ടറിയറ്റിലേക്ക് ശബരിമല സംരക്ഷണയാത്ര സംഘടിപ്പിക്കും. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള യാത്ര നയിക്കും. ശബരിമല നട തുറക്കുന്ന ഒക്ടോബർ 17ന് മഹിള മോർച്ച പൂങ്കാവനത്തിൽ പ്രാർഥനയജ്ഞം നടത്തും. ഇതേ ദിവസങ്ങളിൽ ജില്ല കേന്ദ്രങ്ങളിൽ സംഘ്പരിവാർ പ്രസ്ഥാനങ്ങൾ നടത്തുന്ന സമരപരിപാടികളെ നിരുപാധികം പിന്തുണക്കുമെന്നും ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി യോഗശേഷം ശ്രീധരൻ പിള്ള വാർത്തലേഖകരോട് പറഞ്ഞു.
ഹിന്ദുമത വിശ്വാസികളെ ഭിന്നിപ്പിക്കാനാണ് സർക്കാർ ശ്രമം. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനത്തിൽ ഹിന്ദുക്കളെ പല തട്ടിലാക്കി അടിച്ചമർത്താനുള്ള നീക്കമാണ് കണ്ടത്. വിഷയത്തിൽ കോൺഗ്രസ് നിലപാട് രാഷ്ട്രീയ മുതലെടുപ്പാണ്. മുഖ്യമന്ത്രിയുടെ ചൊൽപടിക്ക് നിൽക്കില്ലെന്ന് മനസ്സിലായതോടെ പന്തളം രാജകുടുംബത്തെ അപമാനിക്കുകയാണ്. ബി.ജെ.പി റിവ്യൂ ഹരജി നൽകില്ല. ഹരജിയുമായി കോടതിയെ സമീപിക്കുന്ന പരിവാർ സംഘടനകളെ പിന്തുണക്കും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
ആചാരം സംരക്ഷിക്കാൻ ധർമയുദ്ധം –പന്തളം രാജകുടുംബാംഗം
തിരുവനന്തപുരം: ശബരിമലയിലെ ആചാരം മാറ്റാൻ അനുവദിക്കില്ലെന്നും വേണ്ടിവന്നാൽ ധർമയുദ്ധം നടത്തുമെന്നും പന്തളം രാജകുടുംബാംഗം മകം തിരുനാൾ കേരളവർമരാജ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശബരിമലയിലെ ആചാരം ലംഘിക്കപ്പെട്ടിട്ടില്ല. കോടതിവിധി നടപ്പാക്കുന്നതോടെയാണ് ലംഘനം നടക്കാൻ പോകുന്നത്. ക്ഷേത്രാചാരം തന്ത്രിയാണ് തീരുമാനിക്കേണ്ടത്. മാറ്റം വരുത്തേണ്ടിവന്നാൽ തന്ത്രിയെ അറിയിക്കേണ്ട ബാധ്യത സർക്കാറിനുണ്ട്. സർക്കാർ ഈ മാന്യതപോലും കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.