വിശ്വാസികളുമായി ഏറ്റുമുട്ടാനില്ല; കോടതി വിധി നടപ്പാക്കും- പിണറായി
text_fieldsതിരുവനന്തപുരം: ശബരിമലയിലെ സുപ്രീംകോടതി വിധിക്കുമേലെ വിശ്വാസികളെ അണിനിരത്തി മതനിരപേക്ഷ മനസ്സ് ദുർബലപ്പെടുത്താൻ ചിലർ ശ്രമിക്കുന്നുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തേയും ശ്രമങ്ങൾ ഉണ്ടായി. അതൊന്നും വിലപ്പോയില്ല. സർക്കാർ അപരാധം ചെയ്തെന്നു പറഞ്ഞ് ചിലർ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നു.
ആർ.എസ്.എസിനും ബി.ജെ.പിക്കും ഒപ്പം മതനിരപേക്ഷരെന്നു പറയുന്ന ചിലരും അണി നിരക്കുന്നു. വിശ്വാസികളുടെ പ്രശ്നങ്ങളിൽ സർക്കാർ നിലപാട് ഏവർക്കും അറിയാം. ഏതു മതത്തിലും വിശ്വസിക്കാനും വിശ്വസിക്കാതിരാക്കാനുമുള്ള അവകാശമാണ് മതനിരപേക്ഷത. വിശ്വാസികൾക്കും വിശ്വാസത്തിനും ഇടതു സർക്കാർ പോറലേൽപിച്ചിട്ടില്ല. വിശ്വാസികൾക്കിടയിൽ സർക്കാരിനെ ഒറ്റപ്പെടുത്താൻ ശ്രമിക്കുകയാണ്.
ശബരിമലയിൽ എൽ.ഡി.എഫ് പ്രത്യേക നിലപാടെടുത്തില്ല. സ്ത്രീ പ്രവേശനത്തിന് സർക്കാർ എന്ന നിലയിൽ പ്രത്യേക നിലപാടെടുത്തില്ല. സ്ത്രീ പ്രവേശനത്തിന് നിയമ നിർമാണമോ ഉത്തരവോ സർക്കാർ നടത്തിയില്ല. സ്ത്രീ പ്രവേശനത്തിന് സർക്കാർ എതിരല്ല. സുപ്രീംകോടതിയിൽ കേസ് പോയത് ആർ.എസ്.എസ് ബന്ധമുള്ളവരാണ്. മുൻകാലങ്ങളിൽ പ്രായ വ്യത്യാസമില്ലാതെ സ്ത്രീകൾ സന്ദർശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടന വിരുദ്ധമായ ഒന്ന് പുനസ്ഥാപിക്കാനായി നിയമനിർമാണം നടത്താൻ സർക്കാരിന് കഴിയില്ല. അയ്യപ്പഭക്തന്മാർ ഒരു പ്രത്യേക മതവിഭാഗമല്ല എന്ന് കോടതി പറഞ്ഞിട്ടുണ്ട്. സ്ത്രീകൾക്കും ശബരിമലയിൽ പോകാൻ അവകാശമുണ്ടെന്നാണ് സർക്കാർ നിലപാട്. അതുകൊണ്ടാണ് പുനപരിശോധന ഹരജി നൽകാത്തത്. സർക്കാർ കോടതി വിധി നടപ്പാക്കും. സർക്കാർ വിശ്വാസികളുമായി ഏറ്റുമുട്ടാനില്ലെന്നും എല്ലാ വിശ്വാസികളുടെയും അവകാശത്തിനായി നില നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വിളിച്ച ചർച്ചയിൽ തന്ത്രി കുടുംബവും പന്തളം കുടുംബവും പങ്കെടുക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.