ശബരിമല വികസനത്തിന് 142 കോടിയുടെ പദ്ധതിയെന്ന് മുഖ്യമന്ത്രി
text_fieldsപത്തനംതിട്ട: ശബരിമല വികസനത്തിന് 142 കോടിയുടെ പ്രോജക്ടുകള്‍ കിഫ്ബിയില്‍ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ കുറിച്ചു. പമ്പയില്‍ സ്വീവേജ് ട്രീറ്റ്മെൻറ്, നിലക്കലിലും റാന്നിയിലും പാര്‍ക്കിങ് സൗകര്യം, എരുമേലിയിലും പമ്പയിലും കീഴില്ലത്തും ഇടത്താവളം തുടങ്ങിയവാണ് ഈ ഘട്ടത്തില്‍ പണി പൂര്‍ത്തീകരിക്കുന്നത്. രണ്ടുവര്‍ഷത്തിനകം സ്വീവേജ് ട്രീറ്റുമെൻറ് പ്ലാൻറുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും.
2016-17ലെ ബജറ്റിലാണ് ശബരിമലക്കായി മാസ്റ്റര്‍ പ്ലാന്‍ വിഭാവനം ചെയ്തത്. അടുത്ത 50 വര്‍ഷത്തെ ശബരിമലയുടെ വികസനം മുന്നില്‍ക്കണ്ടാണ് ഇതിനു രൂപംനല്‍കിയിരിക്കുന്നത്. ശബരിമലയുടെ പാരിസ്ഥിതിക പ്രത്യേകതകള്‍ നിലനിര്‍ത്തി ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യം സൃഷ്ടിക്കും.
ഗതാഗത മാനേജ്മെൻറ്, ജലശുദ്ധീകരണം, ബേസ് ക്യാമ്പുകളുടെ വികസനം, ആരോഗ്യസംവിധാനങ്ങളും ആശുപത്രി സൗകര്യവുമൊരുക്കല്‍, വാര്‍ത്താവിനിമയ സംവിധാനം മെച്ചപ്പെടുത്തല്‍ എന്നിവയാണ് ലക്ഷ്യം. ഇതിനുപുറമെ ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 200 കോടി അനുവദിച്ചു.
കഴിഞ്ഞവര്‍ഷം 140 കോടിയായിരുന്നു റോഡുകള്‍ക്ക് ചെലവഴിച്ചത്. മറ്റു നിർമാണത്തിനും അറ്റകുറ്റപ്പണിക്കുമായി 91.76 കോടിയും കുടിവെള്ളത്തിന് 1.22 കോടിയും ഈ സാമ്പത്തിക വര്‍ഷമുണ്ട്. പൊലീസ് ഡ്യൂട്ടിക്ക് 8.5 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. ഭക്തര്‍ക്കു വേണ്ട സൗകര്യമൊരുക്കാന്‍ ശബരിമലക്ക് സമീപത്തെ പഞ്ചായത്തുകള്‍ക്ക് 3.2 കോടിയും നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.