ശബരിമല ബസ് കത്തിയ സംഭവം: വകുപ്പുതല അന്വേഷണം നടക്കുന്നതായി കെ.എസ്.ആർ.ടി.സി
text_fieldsകൊച്ചി: ശബരിമല തീർഥാടകർക്ക് യാത്രചെയ്യാൻ കൊണ്ടുവന്ന ബസ് കത്തിനശിച്ച സംഭവത്തിൽ പൊലീസിന്‍റെ അന്വേഷണത്തിനുപുറമെ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ടെന്ന് കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ. പമ്പ പൊലീസാണ് അന്വേഷണം നടത്തുന്നത്. കെ.എസ്.ആർ.ടി.സി മാവേലിക്കര റീജനൽ വർക്‌ഷോപ്പിലെ വർക്സ് മാനേജർ, ആറ്റിങ്ങൽ ഡിപ്പോയിലെ എൻജിനീയർ എന്നിവരെ വകുപ്പുതല അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി ഡെപ്യൂട്ടി നിയമ ഓഫിസർ പി.എൻ. ഹേന സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറയുന്നു.
അന്വേഷണ റിപ്പോർട്ടുകൾ ലഭ്യമാക്കാൻ സർക്കാറും കെ.എസ്.ആർ.ടി.സിയും കൂടുതൽ സമയം തേടിയതിനെത്തുടർന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. 17ന് പമ്പ-നിലക്കൽ പാതയിലെ ചാലക്കയത്തിന് സമീപം യാത്രക്കാരില്ലാതിരുന്ന സമയത്താണ് ബസ് കത്തിയത്.
ശബരിമലയിലെ ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പമ്പയിലെയും നിലക്കലിലെയും കുടിവെള്ള വിതരണം സംബന്ധിച്ച് വാട്ടർ അതോറിറ്റി റിപ്പോർട്ട് നൽകി. എരുമേലി ധർമശാസ്ത ക്ഷേത്രവുമായി ബന്ധപ്പെട്ട് തത്സമയ ബുക്കിങ്, അന്നദാനം, ശൗചാലയം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.