മകരജ്യോതി നിറഞ്ഞു, മനസഹസ്രങ്ങളിൽ
text_fieldsശബരിമല: ഭഗവാനും ഭക്തനും ഒന്നായിത്തീരുന്ന ശബരിമലയിൽ മകരജ്യോതി ദർശിച്ച് നിറഞ്ഞമനസ്സുമായി ഭക്തജനസഹസ്രങ്ങൾ മകരസന്ധ്യയിൽ മലയിറങ്ങി. ഞായറാഴ്ച വൈകീട്ട് 6.50ന് തിരുവാഭരണം ചാർത്തിയ അയ്യപ്പവിഗ്രഹത്തിൽ ദീപാരാധന കഴിഞ്ഞ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞതോടെ ഭക്തസഹസ്രങ്ങളുടെ കാത്തിരിപ്പിനാണ് പുണ്യദർശനത്തോടെ വിരാമമായത്. വാനിൽ മകരനക്ഷത്രവും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിഞ്ഞതോടെ ശരണമന്ത്രമുഖരിതമായ സന്നിധാനത്ത് ഭക്തർ കർപ്പൂരാഴി ഉഴിഞ്ഞ് അയ്യന് വന്ദനമേകി. ദുഃഖങ്ങൾ അകറ്റണമെന്ന പ്രാർഥനയോടെ ഇരുകരവുമുയർത്തി കണ്ണീരും പ്രാർഥനയും ഭക്തർ ശബരീശനിൽ അർപ്പിച്ചു.
നാൽപതിലേറെ കേന്ദ്രങ്ങളിലാണ് ഭക്തർ പർണശാല കെട്ടി ദിവ്യജ്യോതിയുടെ പുണ്യം നുകരാൻ കാത്തിരുന്നത്. ഇത്തവണ കടുത്ത നിയന്ത്രണമുണ്ടായിരുന്നിട്ടും അതൊന്നും ഭക്തെര ബാധിച്ചില്ല. കഴിഞ്ഞ വർഷെത്തക്കാൾ കടുത്ത തിരക്കായിരുന്നു വെള്ളിയാഴ്ച രാത്രിമുതൽ സന്നിധാനത്ത്. ഉച്ചവരെ നിന്നുതിരിയാൻ ഇടമില്ലാതെ പൂങ്കാവനം ശരണം വിളികളാൽ നിറഞ്ഞിരുന്നു. ഉച്ചയോടെ ദർശനം ലഭിക്കുന്ന കേന്ദ്രങ്ങളിലേക്ക് ഭക്തർ ചേക്കേറി. തുടർന്ന് പൊലീസിെൻറ നിയന്ത്രണത്തിലായിരുന്നു സന്നിധാനത്തേക്കുള്ള പ്രദേശവും അവിടത്തെ മകരജ്യോതി ദർശനവും.
മകരസംക്രമദിനമായിരുന്ന പുലർച്ച മൂന്നരക്ക് നടതുറന്നപ്പോൾ നിർമാല്യ ദർശനത്തിനെത്തിയ തീർഥാടകരുടെ നിര മരക്കൂട്ടംവരെ നീണ്ടു. ഉച്ചപൂജക്കുശേഷം മകരസംക്രമപൂജക്ക് ഒരുക്കം തുടങ്ങി. 1.47ന് കവടിയാർ കൊട്ടാരത്തിൽനിന്ന് എത്തിച്ച നെയ്യുപയോഗിച്ച് അഭിഷേകം നടന്നു. മകരവിളക്ക് പൂജക്കായി അഞ്ചിന് നട തുറന്നു.
പന്തളത്തുനിന്ന് വെള്ളിയാഴ്ച തിരിച്ച തിരുവാഭരണഘോഷയാത്ര ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ശരംകുത്തിയിലെത്തി. അവിടെനിന്ന് ദേവസ്വം അധികൃതര്‍ ഘോഷയാത്ര സംഘത്തെ സ്വീകരിച്ച് സന്നിധാനത്തേക്കാനയിച്ചു. ഈ സമയം പൊന്നമ്പലമേട്ടില്‍ ഭക്തര്‍ക്ക് നിര്‍വൃതി പകര്‍ന്ന് മൂന്നുതവണ മകരവിളക്ക് മിന്നിത്തെളിഞ്ഞു. വാദ്യമേളങ്ങളുടെയും ശരണംവിളികളുടെ അകമ്പടിയോടെ ആറേകാലോടെ സന്നിധാനെത്തത്തിയ തിരുവാഭരണഘോഷയാത്രക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രസിഡൻറ് എ. പദ്മകുമാർ, കലക്ടർ ആർ. ഗിരിജ, ബോർഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
സോപാനത്തെത്തിയ തിരുവാഭരണപേടകം തന്ത്രി കണ്ഠരര് മഹേഷ് മോഹനരര്, മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് 6.50ന് തിരുവാഭരണവിഭൂഷിതനായ അയ്യപ്പസ്വാമിയുടെ നട തുറന്ന് കാത്തുനിന്ന അനേകായിരങ്ങൾക്ക് ദർശനപുണ്യമേകി. 10.30ന് നടന്ന അത്താഴപൂജക്കുശേഷം 11 മണിക്ക് ഹരിവരാസനത്തോടെ നട അടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.