പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ഭക്തലക്ഷങ്ങൾക്ക് ദർശന സായൂജ്യം
text_fieldsശബരിമല : ശബരീശ സന്നിധാനത്ത് നിന്നും ഉയർന്ന ശരണം വിളികളെ സാക്ഷിയാക്കി പൊന്നമ്പലമേട്ടിലെ മലനിരകളിൽ പുണ്യ പ്രകാശമായി മകരജ്യോതി തെളിഞ്ഞു. സ്വർണ ഗോപുരവാസനും സർവാഭരണ വിഭൂഷിതനുമായ അയ്യൻ്റെ ദീപാരാധനാ വേളയിൽ സങ്കട മോചനം നേടിയ ഭക്തലക്ഷങ്ങൾ തൊഴുകൈയുമായി നിന്നു. തുടർന്ന് മനം നിറച്ച മകരവിളക്കിൻ്റെ സായൂജ്യത്തിൽ ഭക്തർ മലമുകളിൽനിന്നും പമ്പയുടെ മടിത്തട്ടിലേക്ക് ഒഴുകിത്തുടങ്ങി.
മകര വിളക്ക് ദിനമായ ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് നട തുറന്നു. തുടർന്ന് 8.55ന് തന്ത്രിമാരായ കണ്ഠരര് രാജീവര് , മകൻ കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ മകരസംക്രമ പൂജ നടന്നു. കവടിയാർ കൊട്ടാരത്തിൽനിന്ന് കൊണ്ടുവരുന്ന നെയ് തേങ്ങയിലെ നെയ്യാണ് സംക്രമ പൂജാ സമയത്ത് അയ്യപ്പസ്വാമിക്ക് അഭിഷേകം നടത്തിയത്. ഉച്ചപൂജയ്ക്ക് അടച്ച നട വൈകിട്ട് അഞ്ചിന് വീണ്ടും തുറന്നു. ശേഷം തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനുള്ള സംഘം അനുജ്ഞ വാങ്ങി സന്നിധാനത്ത് നിന്നും ശരംകുത്തിയിലേക്ക് പുറപ്പെട്ടു.
വൈകിട്ട് ആറേകാലോടെ പതിനെട്ടാം പടി കയറി എത്തിയ തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി വി.എൻ.വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, മെമ്പർമാരായ അഡ്വ.എ അജികുമാർ, ജി. സുന്ദരേശൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. നടയിൽ എത്തിയ പേടകം തന്ത്രി കണ്ഠരര് രാജീവരരും മകൻ കണ്ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി.
തുടർന്ന് 6.41 ന് അമൂല്യ രത്നങ്ങൾ അടങ്ങിയ തിരുവാഭരണം ചാർത്തി ദീപാരാധന നടന്നു. നടതുറന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ പൊന്നമ്പലമേട്ടിൽ മൂന്ന് വട്ടം മകരജ്യോതി തെളിഞ്ഞണഞ്ഞു. ആകാശത്ത് മകരസംക്രമ നക്ഷത്രം ഉദിച്ചുയർന്നു. ശേഷം ജ്യോതി ദർശനത്തിനായി ശബരിമലയുടെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരുന്ന തീർഥാടകർ അയ്യനെ കാണാനായി സന്നിധാനത്തേക്ക് ഒഴുകിയെത്തി.
17വരെ ഭക്തർക്ക് തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാം. 18 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാവു. 18ന് ദീപാരാധനയ്ക്ക് ശേഷം മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. 19ന് രാത്രി 10ന് മാളികപ്പുറം സന്നിധിയിൽ വലിയ ഗുരുതി. 19ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നത് വരെ ഭക്തർക്ക് ദർശന സൗകര്യം ഉണ്ട്. 20ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധിയുടെ ദർശന ശേഷം ഭസ്മ വിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് അയ്യപ്പസ്വാമിയെ യോഗനിദ്രയിലാക്കും. തുടർന്ന് ഹരിവരാസനം പാടി ശ്രീകോവിൽ നടയടയ്ക്കുന്നതോടെ മകരവിളക്ക് ഉത്സവ കാലത്തിന് സമാപനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.