മകരവിളക്കിന് മൂന്ന് ദിവസം മാത്രം; വ്യൂപോയൻറുകളിൽ ഒരുക്കമായില്ല
text_fieldsശബരിമല: മകരവിളക്കിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ മകരജ്യോതിദർശന സൗകര്യ മുള്ള വ്യൂ പോയൻറുകളിൽ സുരക്ഷാ മുൻകരുതലുകളടക്കം ഒരുക്കുന്നതിൽ അലംഭാവം. ജ്യോതിദർശനത്തിന് പതിനായിരങ്ങൾ തടിച്ചുകൂടുന്ന പാണ്ടിത്താവളം ഭാഗത്ത് കുന്നുകൂടിക്കിടക്കുന്ന കല്ലുകൾ നീക്കം ചെയ്യാത്തത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഒമ്പത് വ്യൂപോയൻറുകളിൽ പല ഭാഗത്തും ബാരിക്കേഡ് നിർമാണം ആരംഭിച്ചിട്ടേയുള്ളു. വടം കെട്ടിത്തിരിക്കാനുള്ള ചാനൽ സ്ഥാപിച്ചിട്ടുണ്ട്.
കുടിവെള്ള വിതരണത്തിനുള്ള ടാപ്പുകൾ 13ന് സ്ഥാപിക്കും. ഇക്കുറി പമ്പ ഹിൽ ടോപ്പിൽനിന്ന് ജ്യോതിദർശത്തിന് അനുവാദമില്ല. അതിനാൽ അവിടെ പതിവായി എത്തുന്ന ഭക്തർ സന്നിധാനത്തേക്ക് എത്തുമെന്ന് കരുതുന്നു.
വാട്ടർ ടാങ്ക് നിർമാണത്തിനുവേണ്ടി ഇളക്കിയിട്ട പാറക്കല്ലുകൾ നീക്കാത്തതാണ് പാണ്ടിത്താവളത്ത് അപകട സാധ്യത വർധിപ്പിക്കുന്നത്. ഇത് നീക്കാനാവില്ലെന്നും ഇവിടേക്ക് എത്തുന്ന ഭക്തരെ തടയുമെന്നുമാണ് അധികൃതർ പറയുന്നത്. ഇത് എത്രമാത്രം ഫലപ്രദമാകുമെന്നതിൽ സംശയം ഉയർന്നിട്ടുണ്ട്. ബി.എസ്.എൻ.എൽ ഓഫിസിന് എതിർവശത്തുള്ള മതിൽ കെട്ടിത്തിരിച്ച സ്ഥലവും വൃത്തിയാക്കിയിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.