മണ്ഡലകാലത്ത് വാഹനം നിലയ്ക്കൽ വരെ മാത്രം
text_fieldsതിരുവനന്തപുരം: നവംബർ 17ന് ആരംഭിക്കുന്ന ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് നിലയ്ക്കൽ ബേസ് ക്യാമ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല ഒരുക്കം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തീർഥാടകരുടെ വാഹനം നിലയ്ക്കൽ വരെ മാത്രമേ അനുവദിക്കൂ.
അവിടെ നിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ തീർഥാടകരെ എത്തിക്കും. ഇതിന് 250 ബസുകൾ സർവീസ് നടത്തും. നിലയ്ക്കലിൽ പരമാവധി പാർക്കിങ് സ്ഥലം കണ്ടെത്തും. ഇവിടെ കുടിവെള്ളം വിതരണം ചെയ്യും. പൊലീസിനും കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും സൗകര്യം ഒരുക്കും. ആയിരം ബയോ ടോയ്ലറ്റ് സ്ഥാപിക്കും.
പമ്പയിൽ താൽക്കാലികസംവിധാനമേ ഒരുക്കൂ. പാലത്തിെൻറ ബലം പരിശോധിക്കും. പുനർനിർമാണത്തിന് ചുമതലപ്പെടുത്തിയ ടാറ്റാ പ്രോജക്ട്സിെൻറ ഉദ്യോഗസ്ഥർ ശബരിമലയിലെത്തിയിട്ടുണ്ട്. ഹിൽടോപ്പിൽ നിന്ന് പമ്പ ഗണപതിക്ഷേത്രത്തിലേക്ക് പാലം നിർമിക്കുന്നത് പരിഗണിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ദേവസ്വം മന്ത്രിമാരുടെയും യോഗം ചേരും. കുന്നാർ ഡാമിലെ ചളിയും മാലിന്യവും നീക്കും. പമ്പയിലെ പ്രളയത്തെ തുടർന്ന് 24 അടി വരെ മണ്ണ് ഉയർന്നിട്ടുണ്ട്. ഇത് മാറ്റുന്നതിലെ നിയമതടസ്സം ഒഴിവാക്കാൻ ഹൈകോടതിയെ സമീപിക്കും.
ശബരിമലയിലേക്കുള്ള തകർന്ന റോഡ് നന്നാക്കാൻ 200 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിലയ്ക്കൽ, പമ്പ ഭാഗത്തെ റോഡുകളുടെ തകർച്ച പരിഹരിക്കുന്നതിനും മണ്ണിടിച്ചിലുള്ള സ്ഥലങ്ങളിൽ സംരക്ഷണഭിത്തി കെട്ടുന്നതിനും ടാറ്റാ പ്രോജക്ട്സുമായി ചർച്ച നടത്തും- മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.