ശബരിമല മേൽശാന്തി നിയമനം കേരളനവോത്ഥാനം പൂർണ്ണമായിട്ടില്ല എന്നതിൻറെ തെളിവ് -ഡോ. അമൽ സി.രാജൻ
text_fieldsതൊടുപുഴ: ശബരിമല ക്ഷേത്രത്തിലെ മേൽശാന്തി നിയമനത്തിന് അപേക്ഷിച്ച ചിലരുടെ അപേക്ഷകൾ ഉയർന്ന ജാതിയിൽ ജനിച്ചവരല്ല എന്ന കാരണം പറഞ്ഞ് തള്ളിയത് കേരള നവോത്ഥാനം ഇനിയും പൂർണ്ണമായിട്ടില്ല എന്നതിൻറെ തെളിവാണെന്ന് ഡോ. അമൽ സി.രാജൻ. പൗരോഹിത്യാവകാശത്തിനു വേണ്ടിയുഉള പോരാട്ടം നവോത്ഥനത്തിൻറെ തുടർച്ചയാണ്. 1920 ൽ തൃശൂർ കാരമുക്ക് ചിദംബരക്ഷേത്രത്തിൽ ദീപപ്രതിഷ്ഠ നടത്തിക്കൊണ്ട് ഗുരു, വെളിച്ചമുണ്ടാകട്ടെ എന്നാശംസിച്ചു. ഗുരു ആഗ്രഹിച്ച വെളിച്ചത്തിലേക്ക് കേരളീയ സമൂഹം ഇനിയുമെത്തിയിട്ടില്ല എന്നാണ് ശബരിമല മേൽശാന്തി നിയമനക്കേസിലൂടെ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ശ്രീനാരായണ ഗുരു: കേരള നവോത്ഥാന ചരിത്രത്തിലും വിഭിന്ന സാഹിത്യത്തിലും' എന്ന വിഷയിൽ തൊടുപുഴ ന്യൂമാൻ കോളജിൽ നടന്ന അന്താരാഷ്ട്ര സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. അമൽ സി. രാജൻ. ശ്രീനാരായണ ഗുരു ദീപപ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിലെ മേൽശാന്തിയാണ് അപേക്ഷ തള്ളിയതിനെ തുടർന്ന് കോടതിയെ സമീപിച്ച ഹർജിക്കാരിലൊരാൾ. അദ്ദേഹത്തിന് അർഹതയില്ലന്നു പറയുന്നത് അയിത്താചരണമല്ലാതെ മറ്റൊന്നുമല്ല. ഉന്നത ജാതിയിൽ ജനിച്ചവർക്കും പിന്നാക്ക വിഭാഗത്തിൽ ജനിച്ചവർക്കും ഒരേ മൂല്യമാണുള്ളത് എന്ന ബോധ്യത്തിലേക്ക് സമൂഹവും ഭരണ സംവിധാനവും ഇനിയും വളരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യൂണിവേഴ്‌സിറ്റി ഓഫ് ടെക്സാസിലെ ഡോ. ദർശന മനയത്ത് ശശി സെമിനാർ ഉൽഘാടനം ചെയ്തു. സെമിനാർ കോഡിനേറ്റർ ഡോ. ആനി തോമസ്, മലയാള വിഭാഗം മേധാവി ഡോ. സി.ജെ. സിസ്റ്റർ ബിൻസി, പ്രിൻസിപ്പാൾ ഡോ. ബിജിമോൾ തോമസ്, പ്രഫ. ഡോ. എൻ. അജയൻ, ഡോ. ജെറോം കെ. ജോസ്, അഭിന മേരി സാജു, സ്നേഹ ബാലൻ, പാർവതി എസ്. നായർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.