ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ്: ക്രമക്കേട് ആരോപിക്കുന്ന ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: ശബരിമല മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പിൽ ക്രമക്കേട് ആരോപിക്കുന്ന ഹരജി ഹൈകോടതി തള്ളി. നറുക്കെടുക്കപ്പെട്ട ലോട്ടുകൾ ശരിയായി ചുരുട്ടിയിരുന്നില്ലെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരി നൽകിയ ഹരജിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് തള്ളിയത്.
സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽനിന്ന് ഹരജിയിൽ ഇടപെടാൻ കാരണമില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. അതേസമയം, നറുക്കെടുപ്പ് സമയത്ത് സോപാനത്തിന് സമീപം ശബരിമല സ്പെഷൽ കമീഷണർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, ദേവസ്വം കമീഷണർ, ഹൈകോടതി നിയോഗിക്കുന്ന നിരീക്ഷകൻ എന്നിവർ മാത്രമേ ഉണ്ടാകാവൂവെന്നും കോടതി ഉത്തരവിട്ടു.
ശ്രീകോവിലിന് മുന്നിൽ നടന്ന നറുക്കെടുപ്പിന്റെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം കോടതി പരിശോധിച്ചിരുന്നു. രണ്ട് ലോട്ടുകൾ ശബരിമല സ്പെഷൽ കമീഷണർ കൈയിൽവെച്ച് ചുരുട്ടിയില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി. ഇത് യാദൃച്ഛികമായിരുന്നുവെന്ന് ദേവസ്വം ബോർഡും അമിക്കസ് ക്യൂറിയും വിശദീകരിച്ചിരുന്നു. നറുക്കെടുക്കുന്നത് പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികളായ കുട്ടികളാണ്. ഹൈകോടതി നിയോഗിച്ച നിരീക്ഷകനടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്. നിരീക്ഷകൻ നൽകിയ വിശദമായ റിപ്പോർട്ടടക്കം പരിഗണിച്ചാണ് ഹരജി തള്ളിയത്.
നറുക്കെടുപ്പ് നടന്നപ്പോൾ സോപാനത്തിന് സമീപം ഒട്ടേറെ പേരുണ്ടായിരുന്നത് കണക്കിലെടുത്താണ് ഇക്കാര്യത്തിലും കോടതിയുടെ നിർദേശമുണ്ടായത്. അതേസമയം, ദേവസ്വം പ്രസിഡന്റിന്റെ അഭാവത്തിൽ നറുക്കെടുപ്പ് സമയത്ത് ദേവസ്വം അംഗത്തിന് സോപാനത്തിന് സമീപം നിൽക്കാമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.