അഴകത്ത് മനയില്‍ നിന്ന് അയ്യപ്പസന്നിധിയിലേക്ക്
text_fieldsകൊടകര: ശബരിമല സന്നിധിയില്‍ അയ്യപ്പന് പൂജ ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ടത് ജീവിതത്തിലെ വലിയ പുണ്യം -ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട വിവരമറിഞ്ഞ് കൊടകര അഴകം ശ്രീദുര്‍ഗാദേവി ക്ഷേത്രത്തിനുതൊട്ടടുത്ത ‘നിവേദ്യ’ത്തിൽ എത്തിയവരോട് തൊഴുകൈയോടെ ഇതുമാത്രമേ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് പറയാനുണ്ടായിരുന്നുള്ളൂ.
കൊടകര പുത്തൂക്കാവ് ദേവീ ക്ഷേത്രം, മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലെ തന്ത്രികുടുംബമായ മംഗലത്ത് അഴകത്ത് മനയിൽ നിന്നുള്ള 57 കാരനായ എ.വി. ഉണ്ണികൃഷ്ണന് നമ്പൂതിരി കൊച്ചിന് ദേവസ്വം ബോര്‍ഡിലെ മേല്‍ശാന്തിമാരുടെ സഹായിയായാണ് താന്ത്രിക വിദ്യ അഭ്യസിച്ചത്. 17 വര്‍ഷം എറണാകുളം കലൂര്‍ എളമക്കര പേരണ്ടൂര്‍ ഭഗവതി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരുന്നു. കുറച്ചുകാലം ഡൽഹിയിലെ ആര്.കെ.പുരം അയ്യപ്പക്ഷേത്രത്തില്‍ കീഴ്ശാന്തിയായും സേവനമനുഷ്ഠിച്ചു. നിലവില്‍ അഴകം ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.
കൊടകര മംഗലത്ത് അഴകത്ത് മന പരേതനായ വിഷ്ണു നമ്പൂതിരിയുടേയും വടക്കേടത്ത് താമരപ്പിള്ളി പരേതയായ ആര്യാ അന്തർജനത്തിേൻറയും മകനാണ്. ചേലാമറ്റം കപ്ലിങ്ങാട്ട് മനയിലെ പ്രസന്ന അന്തര്‍ജനമാണ് ഭാര്യ. താന്ത്രികനായ വിഷ്ണുനമ്പൂതിരി, കുട്ടനല്ലൂര്‍ ഔഷധിയിലെ ഡോ. വാസുദേവന്‍ നമ്പൂതിരി എന്നിവരാണ് മക്കള്‍. സഹോദരങ്ങൾ: തൃപ്രയാര്‍ മുന്‍ മേള്‍ശാന്തി നാരായണന് നമ്പൂതിരി, കോഴിക്കോട് കുഴിപ്പുറത്ത് ആര്യാദേവി അന്തർജനം, മാല പാലക്കുളത്തില്ലം സരസ്വതി അന്തര്‍ജനം, പുത്തന്‍ചിറ താന്നിയില്‍ മതിയത്ത് പാർവതി അന്തർജനം .
നൂറുകണക്കിന് പേരാണ് എത്തിയത്. കൊടകരയില്‍ നിന്ന് ആദ്യമായി ശബരിമല മേല്‍ശാന്തി പദവിയിലെത്തിയ ഉണ്ണികൃഷ്ണന് നമ്പൂതിരിയെ ബി.ഡി. ദേവസി എം.എല്‍.എ വീട്ടിലെത്തി അഭിനന്ദിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡൻറ് പി.ആര്. പ്രസാദനും അഭിനന്ദിക്കാനെത്തി. ഉച്ചയോടെ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥും ഇല്ലത്തെത്തിയിരുന്നു. വിവിധ സംഘടന നേതാക്കളും ജനപ്രതിനിധികളും അടക്കം നൂറുകണക്കിനാളുകളാണ് രാവിലെ മുതല്‍ അഴകത്തെ നിവേദ്യത്തിലെത്തിയത്.
ശ്രീ ശ്രീ രവിശങ്കര്‍, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്, ഒ. രാജഗോപാല്‍ എം.എല്‍.എ, ശബരിമല മുന്‍ മേല്‍ശാന്തി ഏഴിക്കോട് ശശി നമ്പൂതിരി, ശബരിമല തന്ത്രി കണ്ഠരര് രാജീവരര് തുടങ്ങിയ പ്രമുഖര്‍ ഫോണില്‍ അഭിനന്ദനമറിയിച്ചതായി ഉണ്ണികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. ദേവസ്വം ബോർഡിൽ നിന്ന് വിവരം ലഭിച്ചതോടെ ചൊവ്വാഴ്ച രാത്രി ഉണ്ണികൃഷ്ണൻ നമ്പൂതിരി ശബരിമലയിലേക്ക് പുറപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.