ശബരിമല മേൽശാന്തി: ചുരുക്കപ്പട്ടികയിലെ ഒരാളെ അയോഗ്യനാക്കി
text_fieldsകൊച്ചി: ശബരിമല മേൽശാന്തി ചുരുക്കപ്പട്ടികയിൽനിന്ന് ഒരാളെ ഒഴിവാക്കി നറുക്കെടുപ്പ് നടത്താൻ ഹൈകോടതിയുടെ അനുമതി. മതിയായ പൂജാപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കാനാവാത്തതിനാൽ ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന വട്ടിയൂർക്കാവ് തെക്കേടംമന ടി.കെ. യോഗേഷ് നമ്പൂതിരിയെയാണ് അയോഗ്യനാക്കിയത്.
മറ്റുള്ളവരെ ഉൾപ്പെടുത്തി നറുക്കെടുക്കാനാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അപേക്ഷ വിവരങ്ങളടങ്ങിയ ഫയലിൽ പ്രവൃത്തിപരിചയ രേഖകളുണ്ടെന്ന് കണ്ടെത്തിയതിനാൽ നേരത്തേ അയോഗ്യത സംശയിച്ച മായന്നൂർ മുണ്ടനാട്ടുമന എം. പ്രമോദിനെ നറുക്കെടുപ്പിൽ പങ്കെടുപ്പിക്കാൻ അനുമതി നൽകി. വ്യാഴാഴ്ചയാണ് ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ്.
മതിയായ പൂജാപരിചയമില്ലാത്തവരും പട്ടികയിലുണ്ടെന്ന് പരാതി ലഭിച്ചതിനെത്തുടർന്നാണ് വിഷയം കോടതി സ്വമേധയാ പരിശോധിച്ചത്.
മേൽശാന്തിയാകാൻ അപേക്ഷിക്കുന്നവർക്ക് തുടർച്ചയായ പൂജാപരിചയം ആവശ്യമാണെങ്കിലും രണ്ടുപേർക്ക് യോഗ്യതയില്ലെന്നായിരുന്നു പരാതി. ശബരിമല മേൽശാന്തിയാകാൻ അപേക്ഷിച്ചവരുടെ ചുരുക്കപ്പട്ടികയിൽ 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണുള്ളത്. പ്രമോദ് രണ്ടിലേക്കും അപേക്ഷിച്ചവരിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.