ശബരിമല: റിവ്യൂഹരജിയോട് യോജിപ്പ് -മുല്ലപ്പള്ളി
text_fieldsതിരുവനന്തപുരം: ശബരിമല വിധിക്കെതിരെ സർക്കാർ പുനഃപരിശോധന ഹരജി നൽകുന്നുവെന്നാണറിയുന്നതെന്നും അതിനോട് യോജിക്കുന്നതായും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നൂറ്റാണ്ടുകളായി നിലനിക്കുന്ന ആചാരങ്ങൾ ഒരു രാത്രി കൊണ്ട് മാറ്റാനാവില്ലെന്നും വിശ്വാസികൾക്ക് വാദമുഖങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രുവറി ലൈസൻസ് വലിയ പരിസ്ഥിതിക ആഘാതം കൂടി വരുത്തി വെക്കും. ബ്രുവറി പോലുള്ള വ്യവസായം കേരളത്തിന് അനുയോജ്യമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശബരിമലയിൽ സ്ത്രീ പ്രവേശം സംബന്ധിച്ച വിധിയുടെ എല്ലാ വശങ്ങളും പഠിച്ച് റിവ്യൂ ഹരജി നൽകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളായി ശബരിയിൽ നടന്നുവരുന്ന ആചാര അനുഷ്ഠാനങ്ങളിൽ നിന്നുള്ള വ്യതിചലനമാണ് സുപ്രീംകോടതി വിധിയെന്നും അദ്ദേഹം വ്യക്തമാക്കി. വിധിയെ ചോദ്യം ചെയ്യുകയല്ല മറിച്ച് കോടതി വിധി ഉയർത്തിയ ജനവികാരം കൂടി കണക്കിലെടുക്കണമെന്ന് ഉമ്മൻചാണ്ടി അഭ്യർഥിച്ചു.
ഹൈന്ദവാചാരങ്ങളുടെ കടയ്ക്കൽ കത്തിവെക്കുന്ന വിധി –പന്തളം കൊട്ടാരം
പന്തളം: ഹൈന്ദവാചാരങ്ങളുടെ കടയ്ക്കൽ കത്തിവെക്കുന്ന വിധിയാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോടതിയിൽനിന്ന് ഉണ്ടായതെന്ന് പന്തളം കൊട്ടാരം പ്രതിനിധികൾ. പന്തളം കൊട്ടാരത്തിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് കൊട്ടാരം നിർവാഹകസംഘം പ്രതിനിധികൾ കോടതിവിധിക്കെതിരെ പ്രതികരിച്ചത്. ശബരിമലയിൽ ലിംഗ വിവേചനം ഉണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. യുവതികൾക്കാണ് പ്രവേശന നിയന്ത്രണമുള്ളത്. പന്തളം കൊട്ടാരത്തിെൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പന്തളം മെഡിക്കൽ മിഷൻ ജങ്ഷനിൽനിന്ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് നാമജപഘോഷയാത്ര നടത്തും. കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി പി.എൻ. നാരായണൻ വർമ, അയ്യപ്പഭക്തജന സംഘടന ഭാരവാഹികളായ കൃഷ്ണകുമാർ, കെ.ആർ. രവി, പൃഥ്വിപാൽ, പ്രസാദ് കുഴിക്കാല എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കോടതി വിധികൾ അരാജകത്വത്തിന് വഴിയൊരുക്കും –തിരുവഞ്ചൂർ
കോട്ടയം: സുപ്രീംകോടതി സമീപകാലത്ത് പുറപ്പെടുവിച്ച വിധികൾ സമൂഹത്തിൽ അരാജകത്വത്തിന് വഴിയൊരുക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ശബരിമല സ്ത്രീ പ്രവേശനമടക്കമുള്ള വിധി സാമൂഹിക സന്തുലിതാവസ്ഥ അട്ടിമറിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഹൈന്ദവ ആചാര സംരക്ഷണത്തിന് ഓർഡിനൻസ് വേണം –ഹിന്ദു സംഘടനകൾ
തൃശൂർ: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങി ഹൈന്ദവ സംഘടനകള്‍. ഇതിന് മുന്നോടിയായി അയ്യപ്പധര്‍മസേനയുടെ നേതൃത്വത്തില്‍ ഒക്ടോബർ 12ന് കാസർകോട് നിന്ന് പദയാത്ര ആരംഭിക്കും. യാത്രയില്‍ സ്ത്രീകളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രചാരണയാത്ര 16ന് പമ്പയില്‍ എത്തിച്ചേരും. തുടര്‍ന്ന് അയ്യപ്പധർമസേനയുടെയും ഇരുനൂറിലേറെ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തില്‍ 17ന് രാവിലെ ഒമ്പത് മുതല്‍ പമ്പയില്‍ അയ്യപ്പഭക്ത മഹാസംഗമം നടത്തും. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുക എന്നാവശ്യപ്പെട്ടാണ് മഹാസംഗമം. ശബരിമല വിഷയത്തില്‍ സുപ്രിം കോടതിയുടെ വിധി ദൗര്‍ഭാഗ്യകരമാണെന്ന് അയ്യപ്പധര്‍മസേന ദേശീയ സെക്രട്ടറി ഷെല്ലി രാമന് പുരോഹിത് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.