മണ്ഡലകാല തീർഥാടനം: ശബരിമല നട തുറന്നു
text_fieldsശബരിമല: വൃശ്ചികപ്പുലരിയുടെ തലേന്ന്, ആശങ്കകളകന്ന സന്ധ്യയിൽ, മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു. സമരക്കാരുടെ ബഹളവും അതിെൻറ പിരിമുറുക്കവുമില്ലാത്ത സമാധാന അന്തരീക്ഷമായിരുന്നു വെള്ളിയാഴ്ച ശബരിമല പ്രദേശമാകെ. ഇത് ഭക്തർക്ക് സുഖദർശനത്തിന് വഴിയൊരുക്കി. ഇതോടെ, ശരണാരവങ്ങളോടെ അയ്യപ്പസന്നിധിയിലേക്കുള്ള തീർഥാടകരുടെ ഒഴുക്കിനും തുടക്കമായി.
രാവിലെ മുതൽ ബേസ് ക്യാമ്പായ നിലക്കലിൽ എത്തിത്തുടങ്ങിയ ഭക്തരെ ഉച്ചക്ക് 12 മുതലാണ് ബസുകളിൽ പമ്പയിലേക്ക് പോകാൻ അനുവദിച്ചത്. സ്ത്രീ പ്രവേശനത്തെ എതിർക്കുന്ന സമരക്കാരുടെ നുഴഞ്ഞുകയറ്റം തടയാൻ സുരക്ഷ പരിശോധനക്ക് ശേഷമാണ് സന്നിധാനത്തേക്കുള്ള പ്രവേശനം. പൊലീസ് നിയന്ത്രണങ്ങൾ തീർഥാടകരെ വലക്കുന്നുവെന്ന പരാതി വ്യാപകമായതോടെ രാത്രിയോടെ കർക്കശ നിലപാടുകളിൽ അയവുവരുത്തി. തുലാമാസ, ചിത്തിര ആട്ടവിശേഷ പൂജകൾക്ക് നട തുറന്നപ്പോൾ ഉണ്ടായതുപോലെ നാമജപ പ്രതിഷേധവുമായി ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളാരും എത്താതിരുന്നതാണ് സമാധാനം സംജാതമാക്കിയത്.
മെറ്റൽ ഡിറ്റക്ടറിൽ പരിശോധിച്ച ശേഷമാണ് പമ്പയിൽനിന്ന് തീർഥാടകരെ കടത്തിവിടുന്നത്. രാത്രി 11ന് ഹരിവരാസനം പാടി നടയടച്ചു. ശനിയാഴ്ച പുലർച്ച നാലിന് പുതിയ മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരിയായിരിക്കും നട തുറക്കുന്നത്.
ഡിസംബർ 27ന് മണ്ഡലപൂജ നടക്കും. അന്ന് രാത്രി 10ന് നടയടയ്ക്കും. മകരവിളക് ഉത്സവത്തിനായി ഡിസംബർ 30ന് വീണ്ടും തുറക്കും. ജനുവരി 11ന് പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ നടക്കും. 12ന് പന്തളത്തു നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. 13ന് പമ്പസദ്യയും പമ്പവിളക്കും. 14ന് മകരവിളക്ക്. ജനുവരി 20ന് നടയടയ്ക്കും.
അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് നവംബര്‍ 15ന് അര്‍ധരാത്രി മുതല്‍ 22ന് അര്‍ധരാത്രിവരെ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ജില്ല കലക്ടർ പി.ബി. നൂഹ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ദർശനത്തിനെത്തുന്നവർക്കായി പൊലീസ് തയാറാക്കിയ ബുക്കിങ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത സ്ത്രീകളുടെ എണ്ണം 800നടുത്തായതായാണ് കണക്ക്. രജിസ്റ്റർ ചെയ്യാതെ എത്തുന്നവരും ഏറെയുണ്ടാവുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.