ചെങ്ങന്നൂരിൽ ഒരുക്കം അവസാന ഘട്ടത്തിൽ
text_fieldsശബരിമല തീർഥാടനം തുടങ്ങാൻ ഇനി നാലു ദിവസം മാത്രം. ജില്ലയിലെ ഇടത്താവളങ്ങളിൽ തീർഥാടകരെ വരവേൽക്കാൻ വിപുലമായ ഒരുക്കമാണ് നടക്കുന്നത്. ചെങ്ങന്നൂർ, അമ്പലപ്പുഴ, തുറവൂർ എന്നിവയാണ് ജില്ലയിലെ പ്രധാന ഇടത്താവളങ്ങൾ. മറ്റ് ചില ക്ഷേത്രങ്ങളിലും ഭക്തർക്ക് തങ്ങുന്നതിന് ക്ഷേത്ര കമ്മിറ്റികൾ സ്വന്തം നിലയിൽ സൗകര്യം ഒരുക്കുന്നുണ്ട്. ദേശീയപാത വികസനത്തിന്റെ ഭാഗമായ റോഡുപണി നടക്കുന്നത് ഇത്തവണ തീർഥാടകരെ ഏറെ വലക്കും. അതിനാൽ റോഡിൽ തിരക്കേറുന്ന സമയങ്ങളിൽ ഇടത്താവളങ്ങളിൽ തങ്ങുന്നവർ ഏറെയായിരിക്കും. ഇതുകൂടി കണ്ട് വിപുലമായ സൗകര്യമാണ് ഇത്തവണ ഒരുക്കുന്നത്. ഇടത്താവളങ്ങളെക്കുറിച്ച് ‘ശരണ വഴികളൊരുങ്ങുന്നു’പംക്തി ഇന്നുമുതൽ
ചെങ്ങന്നൂർ: ശബരിമലയിലേക്കുള്ള പ്രധാന കവാടമായ ചെങ്ങന്നൂർ ഇടത്താവളം അയ്യപ്പഭക്തരെ വരവേൽക്കാനൊരുങ്ങുന്ന തിരക്കിലാണ്. റെയിൽവേ സ്റ്റേഷനിലെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി. റെയിൽവേയുടെ പാർക്കിങ് ഭാഗത്തെ വിശ്രമകേന്ദ്രത്തിന്റെയും ശുചിമുറിയുടെയും നിർമാണം അവസാന ഘട്ടത്തിലാണ്.
ചെങ്ങന്നൂർ നഗരസഭയിൽ പ്രധാന ഭാഗങ്ങളിലെല്ലാം തെരുവുവിളക്കുകൾ സ്ഥാപിച്ചു. താൽക്കാലിക ജീവനക്കാരുടെ അഭിമുഖം കഴിഞ്ഞു. ജീവനക്കാരെത്തിയാലുടൻ ശുചീകരണ ജോലികൾ ആരംഭിക്കും. മഹാദേവ ക്ഷേത്രം ഓഡിറ്റോറിയത്തിലും കിഴക്കേ ഗോപുരത്തിന്റെ മുകൾ നിലയിലും പടിഞ്ഞാറെ നടപ്പന്തലിലും വിരിവെക്കാനുള്ള വിപുലമായ സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മന്ത്രി സജി ചെറിയാന്റെ നിർദേശപ്രകാരം ഈ വർഷം അധികമായി 10 ശുചിമുറികളുടെ പണികൂടി നടന്നുവരുന്നു. ക്ഷേത്രക്കുളത്തിന്റെ സമീപം ലൈറ്റുകൾ സ്ഥാപിച്ചു. എന്നാൽ, കുളിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടില്ല. പുതിയ ക്ഷേത്ര ഉപദേശക സമിതിയെ തെരഞ്ഞെടുക്കാനുള്ള നടപടികൾ പൂർത്തിയായതായും അഡ്മിനിസ്ട്രേറ്റിങ് ഓഫിസർ അറിയിച്ചു.
തീർഥാടകർക്ക് നല്ല ഭക്ഷണം ലഭിക്കുന്നതിനു ഉറപ്പുവരുത്തും. ഹോട്ടലുകളിലെ വില നിലവാരം, തൂക്കം, വാഹന നിരക്കുകൾ എന്നിവ നിശ്ചയിച്ച് ഉടൻ പരസ്യപ്പെടുത്തും. റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് കൗണ്ടർ സംവിധാനം, പൊലീസ് എയ്ഡ് പോസ്റ്റ് എന്നിവ തുറക്കും. ഗതാഗത നിയന്ത്രണത്തിനാവശ്യമായ സ്പെഷൽ ഓഫിസർമാരെ നിയമിക്കാനും പമ്പാ നദിയിലെ മിത്രപ്പുഴക്കടവിൽ ഡൈവിങ്- സ്കുബ ടീമുകളെ നിയോഗിക്കാനും തീരുമാനമായി.
പമ്പ സർവിസിന് മികച്ച ബസുകൾ അനുവദിക്കണമെന്ന് ആവശ്യം
കെ.എസ്.ആർ.ടി.സി പമ്പ സ്പെഷൽ സർവിസിന് നല്ല ബസുകൾ അനുവദിക്കണമെന്ന് അവലോകന യോഗത്തിൽ ഭക്തരുടെ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻ മാർഗം ചെങ്ങന്നൂർ സ്റ്റേഷനിലെത്തുന്ന ഭക്തർക്കായി കൂടുതൽ പമ്പാ ബസുകൾക്ക് പാർക്കിങ്ങിനും ജീവനക്കാർക്കു വിശ്രമിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡല കാലത്തേക്ക് സർക്കാർ അനുവദിക്കുന്ന 25 ലക്ഷം രൂപ അപര്യാപ്തമായതിനാൽ അരക്കോടിയായി ഉയർത്തണമെന്ന് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈകോടതി അംഗീകരിച്ച 17ഉം അനുബന്ധമായ 57 റോഡുകളും ഉൾപ്പെടുത്തി പ്രത്യേക റോഡ് ഡിവിഷൻ രൂപവത്കരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ചെങ്ങന്നൂർ-പമ്പ ദൂരം 13 കിലോമീറ്റർ കുറക്കുന്ന ആറൻമുള-കോഴഞ്ചേരി-റാന്നി-ചെറുകോൽപുഴ-വടശ്ശേരിക്കര-പമ്പ സഞ്ചാരമാർഗം ഉൾപ്പെടെയുള്ള റോഡുകളിൽ അറ്റകുറ്റപ്പണി ഇതുവരെ നടത്തിയിട്ടില്ല. മാവേലിക്കര-കോഴഞ്ചേരി എം.കെ. റോഡിൽ പുലിയൂർ പേരിശ്ശേരി റെയിൽവേ മേൽപാലത്തിനു താഴെ കുണ്ടുംകുഴിയും വെള്ളക്കെട്ടുമായി തകർന്നു കിടക്കുകയാണ്. ജില്ല ആശുപത്രിൽ ശബരിമല വാർഡ് തുറന്നിട്ടില്ല. തിരുവനന്തപുരം-നിസാമുദ്ദീൻ ട്രെയിനിന് മണ്ഡല മകരവിളക്ക് കാലയളവിലെങ്കിലും ചെങ്ങന്നൂരിൽ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യത്തിലും തീരുമാനമായിട്ടില്ല.
ചെങ്ങന്നൂർ മുതൽ ബസുകളുടെ ഓട്ടം നിരീക്ഷണ വിധേയമാക്കണമെന്ന് അഖില ഭാരത അയ്യപ്പസേവ സംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഡി. വിജയകുമാർ അവലോകന യോഗത്തിൽ നിർദേശിച്ചിരുന്നു. അതിനുള്ള നടപടികളും ആയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.